മലപ്പുറം: നഗരത്തിലെ സര്‍ക്കാര്‍ സ്കൂളിലെ വനിതാ കൗണ്സലര്ക്കെതിരായ വ്യാജ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും തുടര്‍നടപടികളുണ്ടായില്ലെന്ന് ആരോപണം. സ്കൂളിലെ പ്രധാനാധ്യാപകന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകനും, പിടിഎ പ്രസിഡന്റിനും, ജില്ലാ ശിശുസംരക്ഷണ സമിതി ഉദ്യോഗസ്ഥയ്ക്കുമെതിരെയുള്ള പരാതിയിലാണ് അന്വേഷണം വൈകുന്നത്. തനിക്കെതിരേ വ്യാജ പരാതി ചമച്ചെന്നും അത് അംഗീകരിക്കുന്നവിധം ജില്ലാതല ഉദ്യോഗസ്ഥ റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നും ചൂണ്ടിക്കാണിച്ചാണ് സ്കൂള്‍ കൗണ്‍സലറായ യുവതി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കടക്കം പരാതി നല്‍കിയത്.
സ്കൂളിലെ അധ്യാപകനെതിരായ പോക്സോ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് തന്നെ ചില അധ്യാപകര്‍ ഒറ്റപ്പെടുത്തുകയും മനഃപൂര്‍വം സ്കൂളിലെ യോഗങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തതെന്ന് കൗണ്‍സലര്‍ പറയുന്നു. ഇതിനിടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നരീതിയില്‍ ജില്ലാതല ഉദ്യോഗസ്ഥയ്ക്ക് പ്രധാനാധ്യാപകന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകനും പിടിഎ പ്രസിഡന്റും പരാതി നല്കി. കൗണ്‍സലര്‍ക്ക് ചിലരുമായി അനൗദ്യോഗിക ബന്ധങ്ങളുണ്ടെന്നും സ്കൂളില്‍നിന്ന് മാറ്റണമെന്നുമായിരുന്നു അവരുടെ പരാതി. എന്നാല്‍ സ്കൂളിലെ കുട്ടികളാരും യാതൊരു പരാതിയും അന്വേഷണ ഉദ്യോഗസ്ഥയോട് പറഞ്ഞിട്ടില്ല. മാത്രമല്ല സ്കൂളിലെ ചുമതല നിര്‍വഹിക്കുന്നതിനിടെ പതിനഞ്ചോളം പോക്സോ കേസുകളും ശൈശവവിവാഹങ്ങളുമാണ് ഇവര്‍ കണ്ടെത്തി മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്.
പക്ഷേ, ജില്ലാതല ഉദ്യോഗസ്ഥ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കൗണ്‍സലറെ അപമാനിക്കുന്നവിധത്തിലുള്ള ആരോപണങ്ങള്‍ അതേപടി എഴുതി ചേര്‍ക്കുകയും സ്കൂളില്‍നിന്ന് മാറ്റുന്നതാണ് നല്ലതെന്നരീതിയില് നിര്‍ദേശിക്കുകയും ചെയ്തു. അധ്യാപകന്റെയും പിടിഎ ഭാരവാഹിയുടെയും പരാതിയില്‍ കഴമ്പില്ലെന്ന് പറയുമ്പോള്‍ തന്നെയാണ് അവരുടെ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ മാറ്റണമെന്ന് നിര്‍ദേശിച്ചതെന്നും കൗണ്‍സലര്‍ ആരോപിക്കുന്നു.
ജില്ലാതല ഉദ്യോഗസ്ഥ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സഹിതം വനിതാ കമ്മീഷന്, ബാലാവകാശ കമ്മീഷന്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. വനിതാ കമ്മീഷന് അദാലത്തില്‍ പരാതി പരിഗണിക്കുകയും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ ഇതേ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. വകുപ്പിന്റെ ജില്ലാ പ്രോഗ്രാം ഓഫീസറെയാണ് ഡയറക്ടര്‍ അന്വേഷണം നടത്താനും റിപ്പോര്‍ട്ട് തയ്യാറാക്കാനും ചുമതലപ്പെടുത്തിയത്. എന്നാല്‍ കേവലം മൊഴി രേഖപ്പെടുത്തുക മാത്രമല്ലാതെ മറ്റ് അന്വേഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും സ്കൂള്‍ കൗണ്‍സലര്‍ ആരോപിച്ചു.
ഇതേവിഷയത്തില്‍ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഭീഷണിപ്പെടുത്തുന്നരീതിയില് സംസാരിച്ചെന്നും പരാതിക്കാരി പറഞ്ഞു. ഏഴ് വര്‍ഷമായി സ്കൂളിലെ കൗണ്‍സലറായി തുടരുന്ന തന്നെ അവിടെനിന്ന് മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡി.ഡി.ഇ. അടക്കം പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.
Content Highlights: fake complaint against woman school conselor, no further actions by department
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..