'നിശ്ചയത്തിന് ഇടാൻവെച്ച വസ്ത്രമാണ്, ടാഗ് പോലും പൊട്ടിച്ചിട്ടില്ല; മകന്റെ സ്വപ്നങ്ങളെല്ലാം തകർത്തു'


മാതൃഭൂമി ന്യൂസ്

"നിശ്ചയത്തിന് ഇടാനായി വാങ്ങിച്ച വസ്ത്രമാണ് എന്റെ കുഞ്ഞ്. ഇതിന്റെ ടാഗ് പോലും പൊട്ടിച്ചിട്ടില്ല. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നതോടെ ആ കുട്ടിയുടെ അച്ഛന്‍ വിളിച്ചുപറഞ്ഞു ഈ ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന്. അവന്റെ എല്ലാ സ്വപ്നങ്ങളും തകർന്നു. എന്റെ കുഞ്ഞുങ്ങള്‍ രണ്ടും ജയിലില്‍ കിടന്നു. ഞാന്‍ മാത്രമേയുള്ളൂ ഈ വീട്ടില്‍"

ജിഷ്ണുവിന്റേയും വിഘ്നേഷിന്റേയും അമ്മ, നിശ്ചയത്തിന് വാങ്ങിവെച്ച വസ്ത്രം, ഇൻസൈറ്റിൽ ഇരുവർക്കുമേറ്റ മർദനത്തിന്റെ ദൃശ്യം | Photo: Screengrab/ Mathrubhumi News

കൊല്ലം: കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനും ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ സഹോദരനും ചേർന്ന് പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തി എന്ന കേസിൽ വഴിത്തിരിവ്. സൈനികനേയും സഹോദരനേയും പോലീസുകാർ ക്രൂരമർദനത്തിനിരയാക്കിയതായാണ് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയത്.

കള്ളക്കേസ് ഉണ്ടാക്കിയാണ് സൈനികനേയും സഹോദരനേയും ജയിലിൽ അടച്ചത്. എസ്.ഐയുടെ നേതൃത്വത്തിൽ തങ്ങളെ ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതിക്കാരൻ വിഘ്നേഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കേസിനെത്തുടർന്ന് സൈനികനായ വിഷ്ണുവിന്റെ വിവാഹവും മുടങ്ങിയിരുന്നു. മകന്റെ എല്ലാ സ്വപ്നങ്ങളും തല്ലിച്ചതച്ചെന്ന് അമ്മ പറഞ്ഞു.ഓഗസ്റ്റ് 26-ാം തീയതിയായിരുന്നു കിളിക്കല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസ് വാർത്താ കുറിപ്പ് പുറത്തിറക്കിയത്. പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ച സൈനികനും സഹോദരനും അറസ്റ്റിലായി. എംഡിഎംഎ കേസിലെ പ്രതികളുമായി ഇവർക്ക് ബന്ധമുണ്ട് എന്നായിരുന്നു വാർത്ത. ഈ വാർത്ത എല്ലാ മാധ്യമങ്ങളും നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കേസിൽ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. രണ്ട് യുവാക്കളെ കള്ളക്കേസിൽ കുടുക്കി അവരുടെ ജീവിതം തകർക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പോലീസിന്റെ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

"എംഡിഎംഎ കേസിലെ പ്രതികളെ ഇറക്കാന്‍ചെന്നു എന്നാണ് പറഞ്ഞു പരത്തിയത്. അങ്ങനെയല്ല, എം.ഡി.എം.എ. കേസിലെ പ്രതികളായ നാലുപേരെയും അറസ്റ്റ് ചെയ്തത് ഇരയായ മറ്റൊരാളെ ഉപയോഗിച്ചാണ്. പോലീസുകാരനായ മണികണ്ഠന്റെ അയല്‍ക്കാരനായ അനന്തുവാണ് ആ ഇര. മണികണ്ഠന് ഇയാളെ ഇറക്കാനുള്ള താത്പര്യത്തിന്റെ പുറത്താണ് എന്നെ വിളിച്ചത്. അവിടെ ചെല്ലുമ്പോൾ എന്റെ ജാമ്യത്തിൽ വിടാം എന്നാണ് പറഞ്ഞത്. കേസൊന്നുമില്ല, നമ്മുടെ അനന്തുവല്ലേ എന്നാണ് അയാള്‍ പറഞ്ഞത്. പക്ഷേ, സംഭവം എം.ഡി.എംഎ കേസായതിനാല്‍ എനിക്ക് പറ്റില്ലെന്ന് പറഞ്ഞു. ഞാന്‍ ഡി.വൈ.എഫ്‌.ഐയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. മാത്രമല്ല, പി.എസ്.സി. റാങ്ക് ലിസ്റ്റിലും പേരുണ്ട്. അതുകൊണ്ട് അവിടെനിന്ന് ഇറങ്ങി.

തിരിച്ചുവരാന്‍ വണ്ടിയെടുക്കാന്‍ തുടങ്ങുമ്പോള്‍ ഒരു സ്ത്രീ തലകറങ്ങി വീഴുന്നത് കണ്ട് അവരെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഈ സമയത്താണ് സാധാരണവേഷത്തില്‍ എ.എസ്.ഐ. പ്രകാശ് ചന്ദ്രന്‍ അവിടെ എത്തുന്നത്. മദ്യലഹരിയില്‍ അയാള്‍ തര്‍ക്കമുണ്ടാക്കി. ആര്‍ക്കും പരാതിയില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ നീ എന്നെ നിയമം പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ് മുഖത്തടിക്കുകയായിരുന്നു. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ഒരുമനുഷ്യനും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുത്. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ഒരാളും ദ്രോഹിക്കപ്പെടരുത്", വിഘ്നേഷ് പറഞ്ഞു.

Photo: Screengrab/ Mathrubhumi News

"നിശ്ചയത്തിന് ഇടാനായി വാങ്ങിയ വസ്ത്രമാണ്. ഇതിന്റെ ടാഗ് പോലും പൊട്ടിച്ചിട്ടില്ല. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നതോടെ ആ കുട്ടിയുടെ അച്ഛന്‍ വിളിച്ചുപറഞ്ഞു ഈ ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന്. അവന്റെ എല്ലാ സ്വപ്നങ്ങളും തകർന്നു. എന്റെ കുഞ്ഞുങ്ങള്‍ രണ്ടും ജയിലില്‍ കിടന്നു. ഞാന്‍ മാത്രമേയുള്ളൂ ഈ വീട്ടില്‍", ജിഷ്ണുവിന്റേയും വിഘ്നേഷിന്റേയും അമ്മ കണ്ണീരോടെ പറഞ്ഞു.

സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂര്‍ പോലീസിന്റെ ക്രൂരത അരങ്ങേറിയത്. വിഷ്ണുവിന്റെ സഹോദരനായ വിഘ്‌നേഷ് പ്രാദേശിക ഡി.വൈ.എഫ്.ഐ. നേതാവാണ്. കിളികൊല്ലൂര്‍ സ്റ്റേഷനില്‍ എം.ഡി.എം.എ.യുമായി നാലുപേര്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ക്ക് ജാമ്യം എടുക്കാനായാണ് പോലീസുകാരന്‍ വിഘ്‌നേഷിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്‌നേഷ് ജാമ്യംനില്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്‌റ്റേഷന് പുറത്തേക്ക് പോയ വിഘ്‌നേഷും ഒരു പോലീസുകാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ, സഹോദരന്‍ സ്‌റ്റേഷനിലേക്ക് പോയ വിവരമറിഞ്ഞ് വിഷ്ണുവും ഇവിടേക്കെത്തി. തുടര്‍ന്നാണ് രണ്ടുപേരെയും പോലീസുകാര്‍ സ്‌റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്.

പിടിയിലായപ്പോൾ വന്ന പത്രവാർത്ത | Photo: Screengrab/ Mathrubhumi News

എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ പോലീസിനെ ആക്രമിച്ചെന്നും എ.എസ്.ഐ.യെ പരിക്കേല്‍പ്പിച്ചെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. ഇക്കാര്യം വിശദമാക്കിയുള്ള പത്രക്കുറിപ്പും പോലീസ് പുറത്തിറക്കിയിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു. പോലീസിനെ ആക്രമിച്ചെന്ന കേസില്‍ 12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്‌നേഷിനും ജയിലില്‍ കഴിയേണ്ടിവന്നത്.

സഹോദരങ്ങളുടെ പരാതിയില്‍ പോലീസ് ആഭ്യന്തര അന്വേഷണം നടത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കിളികൊല്ലൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ സഹോദരങ്ങളെ ക്രൂരമായി മര്‍ദിച്ചെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണത്തിനിടെ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് എസ്.ഐ. ഉള്‍പ്പെടെയുള്ളവരെ സ്ഥലംമാറ്റിയത്.

Content Highlights: fake case against brothers- brutal incident Kollam Kilikollur police station

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented