പ്രതി സുഹൈബ് | Screengrab: Mathrubhumi News
പത്തനംതിട്ട: ഇ-സഞ്ജീവനി പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ പരിശോധന നടത്തുകയായിരുന്ന വനിതാ ഡോക്ടര്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയത് ആസൂത്രിതമായെന്ന് സൂചന. വനിതാ ഡോക്ടറുമായുള്ള കണ്‍സള്‍ട്ടേഷന് മുന്‍പ് രണ്ട് ഡോക്ടര്‍മാരുമായി പ്രതി അപ്പോയിന്റ്‌മെന്റ് എടുത്തിരുന്നു. ഇവര്‍ രണ്ടുപേരും പുരുഷ ഡോക്ടര്‍മാരായിരുന്നു. ഇതിനുപിന്നാലെയാണ് വനിതാ ഡോക്ടറുമായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നടത്തിയത്. ഡോക്ടര്‍ വനിതയാണെന്ന് കണ്ടയുടന്‍ ഇയാള്‍ നഗ്നതാപ്രദര്‍ശനം ആരംഭിച്ചെന്നും മൂന്നുമിനിറ്റോളം രഹസ്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നുമാണ് പോലീസ് പറയുന്നത്.
കഴിഞ്ഞദിവസമാണ് ആറന്മുളയിലെ വനിതാ ഡോക്ടര്‍ക്ക് നേരേ ഇ-സഞ്ജീവനി പോര്‍ട്ടലില്‍ നഗ്നതാപ്രദര്‍ശനം നടന്നത്. സംഭവത്തില്‍ പ്രതിയായ തൃശ്ശൂര്‍ സ്വദേശി സുഹൈബി(21)നെ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് പിടികൂടി. പോര്‍ട്ടലില്‍ ഇയാള്‍ നല്‍കിയ പേരും ഇ-മെയില്‍ വിലാസവും മറ്റുവിവരങ്ങളുമെല്ലാം കൃത്യമായിരുന്നു. തുടര്‍ന്ന് ഈ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂരിലെ വീട്ടില്‍നിന്ന് ആറന്മുള പോലീസ് പ്രതിയെ പിടികൂടിയത്.
വീട്ടിലിരുന്ന് സ്വന്തം മൊബൈല്‍ ഫോണില്‍നിന്നാണ് പ്രതി പോര്‍ട്ടലില്‍ കയറി നഗ്നതാപ്രദര്‍ശനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണിക്കും 12 മണിക്കും ഇടയില്‍ മൂന്നുതവണയാണ് പ്രതി അപ്പോയിന്റ്‌മെന്റ് എടുത്തത്. ആദ്യത്തെ രണ്ടുതവണയും പുരുഷ ഡോക്ടര്‍മാരാണ് പരിശോധനയ്‌ക്കെത്തിയത്. മൂന്നാം തവണ ഓണ്‍ലൈനില്‍ പരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍ സ്ത്രീയാണെന്ന് കണ്ടതോടെ സ്വന്തം മുഖം കാണിക്കാതെ യുവാവ് നഗ്നതാപ്രദര്‍ശനം ആരംഭിക്കുകയായിരുന്നു. ഇതോടെ ഡോക്ടര്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്ത് ഇവയെല്ലാം സഹിതം പരാതി നല്‍കുകയായിരുന്നു.
ഐടി ആക്ടിന് പുറമേ ജോലി തടസ്സപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളും പ്രതിക്കെതിരേ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. ഇ-സഞ്ജീവനി പോര്‍ട്ടലിലെ ദൃശ്യങ്ങള്‍ സിഡാക്കിന്റെ റെക്കോഡിങ്ങിലുള്ളതിനാല്‍ ഇവയും പോലീസ് ശേഖരിക്കും.
Content Highlights: exhibitionism indecent exhibition against woman doctor in e sanjeevani portal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..