Screengrab: Mathrubhumi News
കൊച്ചി: ബാര്‍ ഹോട്ടലിനെതിരേ കേസെടുത്തത് സ്ത്രീകളെ കൊണ്ട് മദ്യം വിളമ്പിയതിനും മദ്യത്തിന്റെ സ്‌റ്റോക്ക് രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കാത്തതിനുമെന്ന് എക്‌സൈസിന്റെ വിശദീകരണം. വിദേശമദ്യ നിയമപ്രകാരം സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമലംഘനമാണെന്നും ഇതനുസരിച്ചാണ് കേസെടുത്തതെന്നും എറണാകുളം അസി. എക്‌സൈസ് കമ്മീഷണന്‍ വി. ടെനിമോന്‍ പ്രതികരിച്ചു.
വിദേശമദ്യ നിയമത്തിലെ റൂള്‍ 27(എ) പ്രകാരവും FL3 ലൈസന്‍സിലെ നിബന്ധനകളില്‍ കണ്ടീഷന്‍ നമ്പര്‍ 9(എ) പ്രകാരവും സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമലംഘനമാണ്. ഈ വ്യവസ്ഥ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ഒരു കേസില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ നിയമത്തില്‍ മാറ്റംവരുത്തിയിട്ടില്ലെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നിയമഭേദഗതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ കൊണ്ട് മദ്യം വിളമ്പിയതിന് കൊച്ചി കപ്പല്‍ശാലയ്ക്ക് സമീപത്തെ 'ഫ്‌ളൈ-ഹൈ' ബാര്‍ ഹോട്ടലിനെതിരെയാണ് എക്‌സൈസ് കേസെടുത്തത്. ബാറിലെ സ്‌റ്റോക്ക് രജിസ്റ്ററില്‍ അപാകതകളുണ്ടെന്നും എക്‌സൈസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബാര്‍ ഹോട്ടലിന്റെ മാനേജരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു.
വിദേശവനിതകളാണ് ഫ്‌ളൈ-ഹൈ ഹോട്ടലില്‍ മദ്യം വിളമ്പിയിരുന്നത്. ഇതിന്റെ ദൃശ്യങ്ങളും കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
അതേസമയം, സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ സ്ത്രീകളും ജോലിചെയ്യുന്നുണ്ട്. നേരത്തെ വിദേശമദ്യ വില്‍പ്പന ശാലയില്‍ പോസ്റ്റിങ് വേണമെന്ന് ആവശ്യപ്പെട്ട് ഒരു യുവതി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി യുവതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. നിയമത്തിലെ ഈ വ്യവസ്ഥ നിലനില്‍ക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം, നിയമഭേദഗതി വരാത്തിടത്തോളം കാലം സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമലംഘനമാണെന്നാണ് എക്‌സൈസിന്റെ ഭാഷ്യം. സംസ്ഥാനത്തെ മറ്റുചില ബാര്‍ ഹോട്ടലുകളിലും സ്ത്രീകള്‍ മദ്യം വിളമ്പുന്നുണ്ടെന്നും നിയമഭേദഗതി വരാത്തതിടത്തോളം കാലം ഈ ഹോട്ടലുകള്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നും എക്‌സൈസ് അധികൃതര്‍ പറയുന്നു.
Content Highlights: excise case against fly high bar hotel in kochi for appointing women to serve liquor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..