ദീപക് പി.ചന്ദ്
പത്തനാപുരം: പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് ജീവനക്കാരനെന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പുനടത്തിയ യുവാവ് അറസ്റ്റില്‍. അടൂര്‍ മൂന്നാളം ചരുവിളവീട്ടില്‍ ദീപക് പി.ചന്ദ് (29) ആണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. പട്ടാഴി വടക്കേക്കര സ്വദേശിക്ക് പട്ടാളത്തില്‍ ജോലി വാഗ്ദാനംചെയ്ത് നാലുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സ്റ്റാഫ് എന്ന വ്യാജ തിരച്ചറിയല്‍ കാര്‍ഡ് കാട്ടിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഉന്നതരോടൊപ്പമുള്ള ഫോട്ടോയും തെളിവായി കാണിക്കും. വിവിധ സംസ്ഥാനങ്ങളിലായി ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാളെ കേന്ദ്ര രഹസ്യാന്വേഷണവിഭാഗം തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പ്രതി പിടിയിലായതറിഞ്ഞ് രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥരെത്തി മൂന്നുമണിക്കൂറോളം ചോദ്യംചെയ്തു.
പോലീസ് പറയുന്നത്: എട്ടരവര്ഷത്തോളം പട്ടാളത്തില്‍ ജോലിചെയ്തിരുന്ന ദീപക് ശിക്ഷിക്കപ്പെട്ട് ആര്‍മി ജയിലിലായിരുന്നു. പുറത്തുവന്നശേഷം ജോലിക്ക് ഹാജരാകാത്തതിനെത്തുടര്‍ന്ന് പട്ടാളത്തില്‍നിന്ന് ഒളിച്ചോടിയതായി പ്രഖ്യാപിച്ചു. പട്ടാളത്തില്‍ ജോലി വാഗ്ദാനംചെയ്ത് ഒട്ടേറെപ്പേരില്‍നിന്നു പണം വാങ്ങിയശേഷം മുങ്ങുകയായിരുന്നു ഇയാളുടെ പതിവ്.
പുനലൂര്‍ ഡിവൈ.എസ്.പി. വിനോദ്, പത്തനാപുരം ഇന്‍സ്പെക്ടര്‍ ജയകൃഷ്ണന്, എസ്.ഐ. അരുണ്‍കുമാര്‍ എന്നിവരുള്‍പ്പെട്ട സ്ക്വാഡ് രൂപവത്കരിച്ച് പ്രതിയെ പിടികൂടാന്‍ തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഗോവ, എറണാകുളം, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതി പലപ്പോഴും പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. എറണാകുളത്ത് സുഹൃത്തിന്റെ വീട്ടിലെത്തിയെന്നറിഞ്ഞ് അവിടെയെത്തിയാണ് പോലീസ് പിടികൂടിയത്.
സഞ്ചാരം സര്‍ക്കാര്‍ ബോര്‍ഡ് വെച്ച കാറില്‍
പ്ലസ്ടുക്കാരനായ പ്രതിക്ക് പല ഭാഷകള്‍ അറിയാമെന്ന് പോലീസ് പറഞ്ഞു. ആരെയും മയക്കുന്ന സംഭാഷണത്തിലൂടെ ഉന്നതരുമായി ബന്ധമുള്ളയാളെന്നു സ്ഥാപിച്ച് ആള്‍ക്കാരെ കെണിയില്‍ വീഴ്ത്തും. മുന്‍ സൈനികനെന്ന ബന്ധം തട്ടിപ്പിനായി ഉപയോഗിച്ചു. ഗവ. ഓഫ് ഇന്ത്യ എന്ന ബോര്‍ഡ് വെച്ച കാറിലാണ് സഞ്ചാരം. കാറുകള്‍ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. വടക്കന്‍ ജില്ലകളില്‍ ഇയാളുടെ കെണിയില്‍വീണ് പണം നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ഡി.എഫ്.ഒ. വരെയുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൂടാതെ മറ്റു കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..