പ്രതീകാത്മകചിത്രം (Photo: canva)
പാലക്കാട്: മുതലമട പറയമ്പള്ളത്ത് യുവതിയെകൊന്ന് കത്തിച്ച സംഭവത്തില്‍ കുറ്റാരോപിതനെ കോടതി വിട്ടയച്ചു. മുതലമട പറയമ്പള്ളം ലക്ഷംവീട് കോളനിയിലെ കെ. ദേവദാസിനെയാണ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തെളിവുകളുടെ അഭാവത്തിലും സംശയത്തിന്റെ ആനുകൂല്യത്തിലും വെറുതെവിട്ടത്. മുതലമട വലിയചള്ള അച്യുതന് ആചാരിയുടെ മകള്‍ ജ്യോതി (25) കൊല്ലപ്പെട്ട കേസിലാണ് ദേവദാസിനെ വിട്ടയച്ചത്.
2015 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പറയമ്പള്ളത്തെ മാവിന്തോട്ടത്തിനടുത്ത പാറയിടുക്കില്‍ ജ്യോതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. കൈകാലുകള്‍ ഉടലില്‍നിന്ന് വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. ദേവദാസും ജ്യോതിയുംതമ്മില്‍ അടുപ്പമുണ്ടായിരുന്നെങ്കിലും പിന്നീട് അകന്നു. ദേവദാസിന്റെ വിവാഹം മുടക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പണം കൈപ്പറ്റിയതായും കേസില്‍ പറയുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ദേവദാസ് ജ്യോതിയെ കഴുത്തില്‍ ഷാള്‍മുറുക്കി കൊല്ലുകയും കത്തിക്കുകയും ചെയ്തെന്നായിരുന്നു പ്രോസിക്യൂഷന് കേസ്.
കത്തിച്ചതിന്റെ അവശിഷ്ടം പ്രദേശത്ത് കളിക്കാനെത്തിയ കുട്ടികള്കണ്ട് നാട്ടുകാരെ അറിയിക്കയായിരുന്നു. ഈസമയം മൃതദേഹം മാറ്റാന്ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും കരിയിലയിട്ട് അവശിഷ്ടം മൂടുന്നതിനിടെ ആളുകളെത്തിയതോടെ ശ്രമം ഉപേക്ഷിച്ചെന്നും പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിനൊടുവിലാണ് ദേവദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സാഹചര്യത്തെളിവുകള്‍ പൂര്‍ണമായും ഹാജരാക്കാനാവാത്തത് വിചാരണവേളയില്‍ തിരിച്ചടിയായി. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. എന്‍. രാജേഷ് ഹാജരായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..