അറസ്റ്റിലായ മുസമ്മിൽ പി. | Photo: Screen grab/ Mathrubhumi News
തൊടുപുഴ: എറണാകുളം- തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പിടിയില്‍. കൊണ്ടോട്ടി സ്വദേശി മുസമ്മില്‍ പി. ആണ് പിടിയിലായത്. തൊടുപുഴയ്ക്ക് സമീപം വാഴക്കുളത്ത് വെച്ചായിരുന്നു സംഭവം. യുവതി പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ബസ് തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
ബസിന്റെ മുന്നില്‍ ഇടതുവശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്നു യുവതി. പിന്നിലെ സീറ്റിലിരിക്കുകയായിരുന്ന പ്രതി യുവതി ഇരിക്കുന്ന സീറ്റിലേക്ക് മാറിയിരിക്കുകയും യുവതിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയുമായിരുന്നു. ഉറക്കത്തിലായിരുന്ന യുവതി ഞെട്ടിയുണരുകയും എന്താണ് സംഭവിച്ചത് എന്ന് മനസലിവാത്തതിനെത്തുടര്‍ന്ന് വലതുവശത്തെ സീറ്റിലേക്ക് മാറിയിരിക്കുകയും ചെയ്തു.
ഇവിടെയും ഇയാള്‍ പിന്തുടര്‍ന്നെത്തി വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് ബസിലെ ജീവനക്കാര്‍ ഇടപെടുകയും യുവതിയോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. പ്രതി അപമര്യാദയായി പെരുമാറിയത് യുവതി വെളിപ്പെടുത്തിയതോടെ കെ.എസ്.ആര്‍.ടി.സി. ബസ് തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
പിടിയിലായ മുസമ്മില്‍ എന്തിനാണ് തൊടുപുഴയിലെത്തിയതെന്ന് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. തിരക്കുള്ള ബസുകളില്‍ സ്ത്രീകള്‍ക്കുനേരെ നേരത്തേയും ഇയാള്‍ അതിക്രമം നടത്തിയിരുന്നതായാണ് പോലീസ് പറയുന്നത്.
തുടര്‍ച്ചയായി രണ്ടാംദിവസമാണ് തൊടുപുഴയില്‍ സമാനസംഭവം ഉണ്ടാവുന്നത്. കഴിഞ്ഞദിവസം തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സ്വയംഭോഗം നടത്തിയ മധ്യവയസ്‌കനെ പിടികൂടിയിരുന്നു.
Content Highlights: ernakulam thodupuzha ksrtc bus assault against lady kondotty native detained
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..