പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ അറസ്റ്റിലായ കളക്ടറേറ്റ് ജീവനക്കാരൻ വിഷ്ണുപ്രസാദിനെ കാക്കനാട്ടെ വീട്ടിൽ അന്വേഷണ സംഘം തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ. | ഫയൽചിത്രം | മാതൃഭൂമി
കാക്കനാട്: എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന പ്രളയഫണ്ട് തട്ടിപ്പിലെ പ്രതിയുടെ പേരില്‍ മറ്റൊരു തട്ടിപ്പുകേസ് കൂടി. കളക്ടറേറ്റിലേക്ക് അനുവദിച്ച സി.എസ്.ആര്‍. ഫണ്ടില്‍ ഒന്നേകാല്‍ ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. കളക്ടറേറ്റ് ജീവനക്കാരന്‍ വിഷ്ണുപ്രസാദ് തന്നെയാണ് ഈ പണവും വകമാറ്റിയിട്ടുള്ളതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. വിഷ്ണുവിനെതിരേ മറ്റൊരു കേസ് കൂടിയെടുത്ത് അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പോലീസിനോട് ആവശ്യപ്പെട്ടു. വിഷ്ണു നിലവില്‍ സസ്‌പെന്‍ഷനിലാണെങ്കിലും വകുപ്പുതല നടപടിക്കായി ഈ റിപ്പോര്‍ട്ട് റവന്യൂ വകുപ്പിനും കൈമാറിയിട്ടുണ്ട്. രണ്ടര വര്‍ഷം മുന്‍പ് നടത്തിയ പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പിനിടെ തന്നെയാണ് സി.എസ്.ആര്‍. ഫണ്ടിലും പ്രളയ ദുരിതാശ്വാസ സെക്ഷന്‍ ക്ലര്‍ക്കായിരുന്ന വിഷ്ണുപ്രസാദ് െൈകവച്ചത്.
പ്രളയ ഫണ്ട് വെട്ടിപ്പില്‍ ലക്ഷക്കണക്കിനു രൂപ വിഷ്ണുവും സി.പി.എം. നേതാക്കളായ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരും തട്ടിയെടുത്തത് പോലീസും തുടര്‍ന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറും കണ്ടെത്തി. പ്രളയഫണ്ട് തട്ടിപ്പിന്റെ തുടര്‍ച്ചയായി കളക്ടറേറ്റിലെ ആഭ്യന്തര അന്വേഷണവിഭാഗം നടത്തിയ പരിശോധനയിലാണ് പുതിയ തട്ടിപ്പ് കണ്ടെത്തിയത്.
കളക്ടറേറ്റിലും ചില്‍ഡ്രന്‍സ് ഹോമിലും ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മിക്കാന്‍ ബി.പി.സി.എല്ലിന്റെ സി.എസ്.ആര്‍. ഫണ്ടില്‍നിന്ന് കളക്ടര്‍ക്ക് തുക അനുവദിച്ചിരുന്നു. ആദ്യഘട്ട നിര്‍മാണത്തിന് ഒരു ലക്ഷം രൂപയോളം ജില്ലാ നിര്‍മിതി കേന്ദ്രം കളക്ടറേറ്റിലെ ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മാണ ചുമതലയുള്ള സെക്ഷനിലെ വിഷ്ണുവിന് കൈമാറിയിരുന്നു. ഈ തുക ഉപയോഗിച്ച് കോര്‍ട്ട് നിര്‍മാണം ആരംഭിച്ചു. ആദ്യഘട്ടം പൂര്‍ത്തീകരിച്ചതോടെ ബി.പി.സി.എല്‍. സി.എസ്.ആര്‍. ഫണ്ടില്‍ നാല് ലക്ഷത്തോളം രൂപ കളക്ടറേറ്റിലേക്ക് അനുവദിച്ചു. നിര്‍മാണം ആരംഭിക്കുന്നതിന് നിര്‍മിതി കേന്ദ്രം നല്‍കിയ ഒരു ലക്ഷം രൂപ തിരികെ നല്‍കണം. ഈ തുക പ്രളയ ഫണ്ടില്‍നിന്ന് വെട്ടിപ്പ് നടത്തി വിഷ്ണു തന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് കൊടുക്കുകയായിരുന്നു. ഒപ്പം സി.എസ്.ആര്‍. ഫണ്ടില്‍നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വിഷ്ണു ൈകയിലാക്കുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. തുക സുഹൃത്ത് നിര്‍മിതിയില്‍ അടയ്ക്കുകയും ചെയ്തു.
ട്രഷറി വഴിയല്ലാതെ നിര്‍മിതിയില്‍ തുക നേരിട്ടു വന്നതിലെ സാങ്കേതികത്വം പരിശോധിച്ചപ്പോഴാണ് സി.എസ്.ആര്‍. ഫണ്ടിലെ വെട്ടിപ്പും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്നാണ് കളക്ടര്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്.
Content Highlights: eranakulam flood fund fraud case accused made another fraud in csr funds
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..