ഷിഹാബ്(ഷാഫി), ലൈല, ഭഗവൽസിങ് | Photo: Special Arrangement
ആലുവ: ഇലന്തൂര്‍ നരബലി കേസില്‍ രണ്ടാം കുറ്റപത്രം ആലുവ റൂറല്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കാലടി മറ്റൂരില്‍ താമസിച്ചിരുന്ന ഇടുക്കി സ്വദേശി റോസിലിനെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലില്‍ സമര്‍പ്പിച്ചതെന്ന് റൂറല്‍ എസ്.പി. വിവേക് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. റൂറല്‍ എസ്.പി.യുടെ നേതൃത്വത്തില്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ടി. ബിജി ജോര്‍ജ് തലവനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്.
എറണാകുളം ഗാന്ധിനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന വാഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി (52) ആണ് കേസിലെ മുഖ്യ സൂത്രധാരന്‍. പത്തനംതിട്ട ഇലന്തൂരിലുള്ള രണ്ടാംപ്രതി കടകംപള്ളി വീട്ടില്‍ ഭഗവല്‍ സിങ് (67), ഭാര്യ ലൈല (58) എന്നിവരുടെ വീട്ടില്‍ റോസിലിനെ എത്തിച്ച് കൊല്ലുകയായിരുന്നു. മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവര്‍ക്കെതിരേ കൊലപാതകത്തിനു പുറമേ കൂട്ട ബലാല്‍സംഗം, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോചന, മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തി.
3000 പേജ്, 130 രേഖകള്‍
റോസിലിന് ധരിച്ചിരുന്ന സ്വര്‍ണമോതിരം പ്രതികള്‍ ഇലന്തൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ചിരുന്നത് പോലീസ് കണ്ടെത്തിയിരുന്നു. ആലപ്പുഴ എ.സി. കനാലില്‍ കളഞ്ഞ മൊബൈല്‍ ഫോണും വീണ്ടെടുത്തിരുന്നു. 200 ലധികം സാക്ഷിമൊഴികള്‍, 60 ഓളം മഹസറുകള്‍, 130 ലധികം രേഖകള്‍, കൊലപാതകത്തിനുപയോഗിച്ച കത്തികളും വാഹനങ്ങളുമടക്കം 50 ഓളം തൊണ്ടി മുതലുകള്‍ എന്നിവ കുറ്റപത്രത്തിന്റെ ഭാഗമാണ്. മൃതദേഹഭാഗങ്ങള്‍ അഴുകി നശിച്ചിരുന്നതിനാല്‍ ഫൊറന്‍സിക്, സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ശക്തമായ തെളിവുകള്‍ ശേഖരിച്ചുവെന്ന് എസ്.പി. പറഞ്ഞു.
പ്രതികള്‍ അറസ്റ്റിലായി 89-ാമത്തെ ദിവസമാണ് റൂറല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. റോസിലിനൊപ്പം കൊല്ലപ്പെട്ട പത്മയുടെ കേസില്‍ ജനുവരി ആറിന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എട്ടില്‍ കടവന്ത്ര പോലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അഡ്വ. എന്‍.കെ. ഉണ്ണികൃഷ്ണനാണ് കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.
Content Highlights: elanthoor sacrifice case second charge sheet submitted in court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..