'ഫോണ്‍ എറിഞ്ഞത് ഇവിടെ,തെങ്ങില്‍ ഉണങ്ങിയ തേങ്ങയുണ്ട്'- തെളിവെടുപ്പില്‍ ഭഗവല്‍സിങ്; ലൈല വീട്ടില്‍തന്നെ


ബുധനാഴ്ച കൊണ്ടുവന്നപ്പോള്‍ നാലുമണിക്കൂര്‍ സമയവും ലൈലയെ വീടിനുള്ളിലാണിരുത്തിയത്. അഞ്ചരയ്ക്ക് പുറത്തിറക്കുമ്പോള്‍ ഉച്ചയ്ക്കു വന്നപ്പോള്‍ ധരിച്ചിരുന്ന ചുരിദാര്‍ അല്ല തിരിച്ചു പോകുമ്പോള്‍ ലൈല ധരിച്ചത്.

തെളിവെടുപ്പിനിടയിൽ തെങ്ങിൽനിന്ന് മടൽ വീണപ്പോൾ മുകളിലേക്ക് നോക്കുന്ന ഭഗവൽസിങ്ങും പോലീസുകാരും | ഫോട്ടോ: കെ. അബൂബക്കർ/മാതൃഭൂമി

ഇലന്തൂര്‍: ഇരട്ടനരബലി കേസിലെ പ്രതി ഭഗവല്‍സിങ് ഉറപ്പിച്ചു പറഞ്ഞു-'ഇവിടെത്തന്നെയാണ് ഫോണ്‍ എറിഞ്ഞത്'.കടവന്ത്ര പോലീസ് കൊച്ചിയില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ സമ്മതിച്ച കാര്യം ഇലന്തൂരിലെ വീട്ടിലെത്തിയപ്പോഴും ഭഗവല്‍സിങ് ആവര്‍ത്തിച്ചത്, പദ്മയുടെ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പോലീസിന് നല്കി. എന്നാല്‍, ചെളി നീക്കിയുള്ള തിരച്ചിലില്‍ മാത്രമേ അത് കണ്ടെടുക്കാന്‍ കഴിയൂ എന്ന നിഗമനത്തില്‍ ബുധനാഴ്ച രണ്ടുമണിക്കൂര്‍ തിരച്ചിലിനുശേഷം തീരുമാനിക്കുകയായിരുന്നു.

കടകംപള്ളില്‍ വീട്ടുമുറ്റത്തേക്ക് ജീപ്പിലെത്തിച്ച ഉടന്‍ തന്നെ ഭഗവല്‍സിങ്ങുമായി പോലീസ് തോടിന്റെ കരയിലേക്ക് നീങ്ങി. വടം കൊണ്ട് രണ്ടുവശത്തേയും ആള്‍ക്കാരെ മാറ്റി നിര്‍ത്തിയശേഷം അതിനുനടുവിലൂടെയാണ് ഇയാളെ തോടിനടുത്തേക്ക് കൊണ്ടുപോയത്. കറുത്ത മുഖംമൂടിയുള്ളതിനാല്‍ ചെറിയ വരമ്പിലൂടെയുള്ള യാത്രക്കിടെ പ്രതി ഇടയ്ക്കിടെ വീഴാന്‍ പോകുന്നുണ്ടായിരുന്നു. എന്നാല്‍, പോലീസ് പിടിച്ചതിനാല്‍ വീണില്ല. തോടിന്റെ കരയില്‍നിന്ന് 50 മീറ്ററോളം അകലെയാണ് ആള്‍ക്കാരെ നിര്‍ത്തിയത്.കരയിലെത്തിയശേഷം പ്രതിയുടെ മുഖംമൂടി മാറ്റി. ചിരപരിചിതമായ സ്ഥലത്തെത്തിയതോടെ ഭഗവല്‍സിങ് തോട്ടിലേക്ക് കൈചൂണ്ടിക്കാണിച്ചു. ആ ഭാഗത്തുനിന്ന് ഇരുവശത്തേക്കും പത്തുമീറ്റര്‍ വീതം കാടും പടര്‍പ്പും മാറ്റി തിരച്ചില്‍ നടത്തി. വെള്ളത്തിലെ ചെളിയില്‍ ചവിട്ടി നോക്കിയെങ്കിലും കണ്ടെത്താനായില്ല.

തിരച്ചില്‍ നടന്ന രണ്ടുമണിക്കൂര്‍ തോടിന്റെ കരയിലുള്ള നില്‍പ്പിനിടെ തന്റെ പറമ്പിലേക്കും വീട്ടിലേക്കും ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. പറമ്പിലെ തെങ്ങുകളുടെ മുകളിലേക്കും നോക്കുന്നുണ്ടായിരുന്നു. തെങ്ങുകളില്‍ ഉണങ്ങിയ തേങ്ങകള്‍ കിടക്കുന്ന കാര്യം ഇയാള്‍ പോലീസിനോടു പറഞ്ഞു. തെങ്ങില്‍ നിന്ന് ഉണങ്ങിയ ഓല അടര്‍ന്നുവീണപ്പോള്‍ പോലീസുകാരും ഭഗവല്‍സിങും ഒന്നുഞെട്ടി.

തിരച്ചില്‍ നടക്കുമ്പോള്‍ പോലീസ് പ്രതിയുമായി നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നു. പറയുന്നത് കള്ളമാണോ എന്നറിയാനുള്ള ശ്രമമായിരുന്നു ഇത്. എന്നാല്‍ ഫോണ്‍ എറിഞ്ഞസ്ഥലം ഇതുതന്നെയെന്ന് ഇയാള്‍ തറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു.

സ്വന്തം വീട്ടില്‍ പ്രതിയായി നാലുമണിക്കൂര്‍

രണ്ടാംവട്ടമാണ് ഭഗവല്‍സിങ്ങിനേയും ലൈലയേയും തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടുവരുന്നത്. ആദ്യ ദിവസം ഷാഫിയും ഉണ്ടായിരുന്നു. അന്ന് ജീപ്പിനുള്ളില്‍ തന്നെയായിരുന്നു പ്രതികളെ ഭൂരിഭാഗം സമയത്തും ഇരുത്തിയത്. ഡമ്മി പരീക്ഷണത്തിനും കൊലപാതകം ചെയ്തതെങ്ങനെയെന്നു കാണിക്കാനും മാത്രമാണ് അന്ന് വീട്ടിനുള്ളിലേക്ക് കയറ്റിയത്. എന്നാല്‍, ബുധനാഴ്ച കൊണ്ടുവന്നപ്പോള്‍ നാലുമണിക്കൂര്‍ സമയവും ലൈലയെ വീടിനുള്ളിലാണിരുത്തിയത്. അഞ്ചരയ്ക്ക് പുറത്തിറക്കുമ്പോള്‍ ഉച്ചയ്ക്കു വന്നപ്പോള്‍ ധരിച്ചിരുന്ന ചുരിദാര്‍ അല്ല തിരിച്ചു പോകുമ്പോള്‍ ലൈല ധരിച്ചത്.

ജയിലില്‍നിന്ന് തെളിവെടുപ്പുകള്‍ക്ക് കൊണ്ടുപോകുമ്പോള്‍ ധരിക്കാന്‍ രണ്ടുജോടി വേഷം കൂടി കവറിലാക്കി ഇവരെടുത്തിട്ടുണ്ടായിരുന്നു. രണ്ടു ജീപ്പുകളിലാണ് ഭഗവല്‍സിങ്ങിനേയും ലൈലയേയും ഇലന്തൂരില്‍ എത്തിച്ചത്. ഭഗവല്‍സിങ്ങിനെ തിരുമ്മുശാലയിലെത്തിച്ചും തെളിവെടുത്തു.

എന്റെ സഹോദരികളെ എന്തിനാ കൊന്നത്

ഇലന്തൂരിലെ വീട്ടില്‍ തെളിവെടുപ്പു നടക്കുമ്പോള്‍ വേറിട്ടൊരു ശബ്ദം എല്ലാവരും ശ്രദ്ധിച്ചു. 'എന്തിനാ എന്റെ സഹോദരിമാരെ കൊന്നത്' - ഇലന്തൂര്‍ മാര്‍ക്കറ്റ് ജങ്ഷനടുത്ത് താമസിക്കുന്ന ലോട്ടറി വില്‍പ്പനക്കാരി ശാന്തയായിരുന്നു അത്. കൈയില്‍ ലോട്ടറി ടിക്കറ്റുമായാണ് അവര്‍ ഇവിടെയെത്തിയത്. ലോട്ടറി വിറ്റ് ഉപജീവനം നടത്തിയവരെ കൊണ്ടുവന്ന് കൊന്നതിന്റെ ദേഷ്യവും സങ്കടവും ഈ അമ്പത്തിയേഴുകാരിയുടെ വാക്കുകളിലുണ്ടായിരുന്നു.

'ഞങ്ങളെ പോലുള്ളവര്‍ ഗതികേടു കൊണ്ടാണ് ലോട്ടറി വില്‍ക്കാനിറങ്ങുന്നത്. അതുപോലും സമ്മതിക്കാത്ത കാലത്തേക്കാണോ ഈ നാടിന്റെ പോക്ക്' -ശാന്ത ചോദിച്ചു. 15 വര്‍ഷം മുമ്പ് കെട്ടിടം പണിക്കിടെ ഷേഡില്‍ നിന്നുവീണ് നടുവിന് പരിക്കേറ്റപ്പോള്‍ ഭഗവല്‍സിങ് തിരുമ്മി ശരിയാക്കിയ കാര്യം അവര്‍ പറഞ്ഞു. എന്നാല്‍, അന്നുകണ്ട മുഖമല്ല ഇയാള്‍ക്കും ഭാര്യയ്ക്കുമെന്ന് ഇപ്പോള്‍ മനസ്സിലായതായി ശാന്ത പറയുന്നു.

Content Highlights: elanthoor sacrifice case police evidence taking with bhagaval singh and laila


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented