ഇലന്തൂരില്‍ യൂട്യൂബര്‍മാരുടെ തള്ളിക്കയറ്റം; കുറച്ചായി ഭഗവല്‍സിങ്ങിനും ലൈലയ്ക്കും മൗനമെന്ന് നാട്ടുകാർ


പഞ്ചായത്തിലെ ഹരിതകര്‍മസേനയില്‍ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും സജീവമായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 14-ന് സേനയുടെ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നപ്പോള്‍ രണ്ടുപേരും അത്ര സജീവമായിരുന്നില്ലെന്ന് സെക്രട്ടറി മിനി തോമസും മറ്റ് പ്രവര്‍ത്തകരും ഓര്‍ക്കുന്നു.

നരബലിയിൽ കൊല്ലപ്പെട്ട പത്മയെ കുഴിച്ചിട്ട സ്ഥലം

ഇലന്തൂര്‍: നടുക്കുന്ന സംഭവങ്ങളുടെ വേലിയേറ്റത്തിനൊപ്പം ഇലന്തൂരില്‍ രണ്ടുദിവസമായി കാണുന്ന മറ്റൊരു കാഴ്ചയുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തി ഇലന്തൂരിലെ സംഭവസ്ഥലത്തുനിന്ന് ലൈവ് കൊടുക്കുന്ന യുട്യൂബര്‍മാരുടെ തള്ളിക്കയറ്റം. ജിമ്പലുകളിലും സെല്‍ഫി സ്റ്റിക്കുകളിലും പിടിപ്പിച്ച മൊബൈലുകളുമായി അവര്‍ നിരന്തരം 'ലൈവ'ടിക്കുന്നുണ്ടായിരുന്നു.

നാട്ടുകാരെ വശത്താക്കി അഭിപ്രായം പറയിക്കലായിരുന്നു പ്രധാനമായും നടന്നത്. പിന്നീട് സംഭവത്തിന്റെ തത്സമയവിവരണവും ഉണ്ടായി. കേരളം മുള്‍മുനയില്‍, മൃഗതുല്യം, കൊടുംക്രൂരത തുടങ്ങിയ വാക്കുകള്‍ പലരില്‍നിന്നും കേള്‍ക്കുണ്ടായിരുന്നു.ഫെയ്സ്ബുക്കില്‍ ലൈവ് കൊടുക്കുന്നവരുടെ എണ്ണവും ഏറെയായിരുന്നു. ലൈക്കുകളും ഷെയറുകളും കൂട്ടി വരുമാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വരവ് മാറുന്ന കാലത്തെ കാഴ്ചകളിലൊന്നായി മാറി. ഒരു യുട്യൂബറോട് നാട്ടുകാരിലൊരാള്‍ ഇങ്ങനെ പറയുന്നത് കേട്ടു. 'ഈ പറമ്പ് മുഴുവന്‍ ഒന്നുകിളച്ചുനോക്കണം. ഭഗവല്‍ സിങ്ങും സംഘവും എത്രപേരെ കുഴിച്ചിട്ടുവെന്ന് അപ്പോഴറിയാം.'

എങ്കിലും ബാബുവേ....

ഇലന്തൂര്‍: നാഡിപിടിച്ച് രോഗമറിഞ്ഞ വൈദ്യന്‍ നരബലി നടത്തിയ നടുക്കത്തിലാണ് ഇലന്തൂര്‍. കേരളം നടുങ്ങിയ നരബലിയുടെ മുഖ്യആസൂത്രകരിലൊരാള്‍ ഭഗവല്‍സിങ്ങാണെന്ന് കേട്ടവരിലാര്‍ക്കും ആദ്യമൊന്ന് വിശ്വസിക്കാനായില്ല. സംഭവത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് ഭഗവല്‍സിങ്ങിന്റെ മറ്റൊരുമുഖം നാട്ടുകാര്‍ അറിയുന്നത്. ആഞ്ഞിലിമൂട്ടില്‍ ഭഗവല്‍സിങ്ങിന് നാട്ടില്‍ ബാബുവെന്നും വിളിപ്പേരുണ്ടായിരുന്നു.

വണ്ടികള്‍ പലതും വന്നുപോകുമെങ്കിലും ചികിത്സാകേന്ദ്രമായതിനാല്‍ നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നില്ല. ആളുകള്‍ വരുകയും, ഒടിവിനും ചതവിനും മറ്റും ചികിത്സ തേടി മടങ്ങുകയും ചെയ്യുന്നത് പതിവായിരുന്നു. രാവിലെയുള്ള തിരക്ക് കഴിയുമ്പോള്‍ ഭഗവല്‍ സിങ് പുറത്തുപോയി തിരികെ വരുന്നതായിരുന്നു രീതി.

രാവിലെ മാധ്യമങ്ങളിലെ വാര്‍ത്ത കണ്ട് നടുങ്ങിപ്പോയെന്ന് അയല്‍വാസിയായ വില്‍സണ്‍ കാലപ്പറമ്പില്‍ പറഞ്ഞു. ഇലന്തൂര്‍ 13-ാംവാര്‍ഡില്‍ മണ്ണപ്പുറത്താണ് ഭഗവല്‍സിങ്ങിന്റെ തിരുമ്മല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇവരുടെ വീടും ഇതിനോട് ചേര്‍ന്നാണ്. ഭഗവല്‍സിങ്ങിന്റെ അച്ഛന്‍ ആഞ്ഞിലിമൂട്ടില്‍ വാസു വൈദ്യനാണ് ചികിത്സാകേന്ദ്രം തുടങ്ങിയത്. ചികിത്സയില്‍ അച്ഛനെപ്പോലെ കേമനായിരുന്നു ഭഗവല്‍സിങ്ങുമെന്ന് വാര്‍ഡുമെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായ മേഴ്‌സി മാത്യു പറഞ്ഞു.

ചികിത്സയ്‌ക്കെത്തുന്നവര്‍ തരുന്നതെന്താണോ അതുമാത്രം വാങ്ങുന്ന രീതിയായിരുന്നു സിങ്ങിന്. പണത്തിനോട് വലിയ ആര്‍ത്തിയൊന്നും കാണിക്കുന്ന സ്വഭാവമില്ലായിരുന്നെന്നും അവര്‍ പറയുന്നു.

പെരുമാറ്റത്തില്‍ അസ്വാഭാവികത

കുറച്ചുദിവസങ്ങളായി ഭഗവല്‍സിങ്ങിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയിരുന്നെന്ന് സമീപവാസിയായ ഷിബു പറഞ്ഞു. രാത്രിയില്‍ വാഹനങ്ങളെത്തുന്നത് പതിവായിരുന്നു. എന്നാല്‍, അടുത്തിടെ കുറേ തവണ ഒരേവാഹനം ഇവിടേക്ക് വന്നിരുന്നു. കുറച്ചുനാളുകളായി ആളുകളോട് അകല്‍ച്ചയിലുമായി. വായ തോരാതെ സംസാരിക്കുന്ന ആളായിരുന്നു. അടുത്തകാലത്ത് അതും കുറഞ്ഞെന്ന് നാട്ടുകാരനായ ജോസ് തോമസ് പറഞ്ഞു. രണ്ടുദിവസം മുമ്പ് ഇലന്തൂര്‍ ചന്തയില്‍ ഭഗവല്‍സിങ്ങിനെ കണ്ടപ്പോള്‍ സാധാരണപോലെയായിരുന്നു പെരുമാറ്റമെങ്കിലും അധികനേരം സംസാരിക്കാതെ സമീപത്തെ കടയില്‍നിന്ന് സിഗരറ്റുംവാങ്ങി തിരികെപ്പോയെന്ന് ജങ്ഷനില്‍ സ്റ്റുഡിയോ നടത്തുന്ന ജോ പറഞ്ഞു.

വൈദ്യത്തിനുപുറമേ ഹൈക്കുവും

വൈദ്യത്തിനുപുറമേ ഹൈക്കു കവിതകളും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ എഴുതിയിരുന്നു. അഞ്ചുദിവസം മുമ്പ് പോസ്റ്റുചെയ്ത കവിത ഇങ്ങനെയാണ്. 'ഉലയൂതുന്നു പണിക്കത്തി കൂട്ടുന്നുണ്ട് കുനിഞ്ഞ തനു' നടത്തിയ നരബലികളുമായി ചേര്‍ത്ത് വായിക്കാവുന്നതുപോലെയാണ് ഈ വരികള്‍. ഹൈക്കുക്ലാസുകളും പുരോഗമന ക്ലാസുകളും എടുക്കുന്ന ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നരബലി പുറത്തറിഞ്ഞതോടെ ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിറയെ ശാപവാക്കുകളും അസഭ്യവര്‍ഷങ്ങളുമാണ്.

മൗനം ഇതായിരുന്നല്ലേ...

ഇലന്തൂര്‍: പഞ്ചായത്തിലെ ഹരിതകര്‍മസേനയില്‍ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും സജീവമായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 14-ന് സേനയുടെ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നപ്പോള്‍ രണ്ടുപേരും അത്ര സജീവമായിരുന്നില്ലെന്ന് സെക്രട്ടറി മിനി തോമസും മറ്റ് പ്രവര്‍ത്തകരും ഓര്‍ക്കുന്നു.

ആദ്യത്തെ കൊലപാതകം കഴിഞ്ഞ് രണ്ടുമാസമേ അപ്പോഴായിട്ടുണ്ടാവൂ. അന്ന് ഇരുവരും എല്ലാവരില്‍ നിന്നും അല്പം മാറിയിരിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍പോലും ഒപ്പം ചേര്‍ന്നില്ല. എന്നാല്‍, അന്ന് ആരും അത്ര ശ്രദ്ധിച്ചിരുന്നില്ല. പ്രസിഡന്റ് അഞ്ചു വിശ്വനാഥ്, ജിനിത രാമചന്ദ്രന്‍, അംബിക ദേവി, രഞ്ജിനി എസ്.കുമാര്‍, സൂര്യ രാജേന്ദ്രന്‍ എന്നിവരും ഇതേകാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നു.

ഇങ്ങനെയൊരു മുഖം പ്രതീക്ഷിച്ചില്ല

ഇലന്തൂര്‍: കഴിഞ്ഞദിവസം ബാബു റേഷന്‍കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ എത്തിയപ്പോള്‍ പതിവുപോലെ സംസാരിച്ചിരുന്നതായി ഇവിടത്തെ ഓട്ടോ ഡ്രൈവര്‍മാരായ കെ.കെ. രാമചന്ദ്രന്‍, കെ.എസ്.സുരേഷ് കുമാര്‍, ജി. ഉണ്ണികൃഷ്ണന്‍, ജെഫിന്‍, ജി.വിദ്യാധരന്‍ എന്നിവര്‍ ഓര്‍ക്കുന്നു. എന്നാല്‍, ഒരുകൊലപാതകിയാണ് കടയില്‍ വന്നുപോകുന്നതെന്ന് ഓര്‍ക്കുമ്പോഴുള്ള ഞെട്ടല്‍ മാറുന്നില്ല.

സ്റ്റാന്‍ഡില്‍നിന്ന് ഇരുവരും ഓട്ടോ പിടിക്കാറുണ്ടായിരുന്നെന്നും അവര്‍ പറയുന്നു. രാമചന്ദ്രന്‍ കഴിഞ്ഞയാഴ്ച കൈ ഉളുക്കിയപ്പോള്‍ തിരുമ്മാന്‍ ഭഗവല്‍ സിങ്ങിന്റെയടുത്ത് പോയിരുന്നു. സംഭവത്തിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കണമെന്നാണ് എല്ലാവരുടേയും ആവശ്യം.

വന്നവര്‍ക്ക് നെടുംതൂണായി നെടുംകല്ലേല്‍ വീട്

ഇലന്തൂര്‍: ചൊവ്വാഴ്ച നാടൊന്നാകെ ഇളകി വന്നപ്പോള്‍ അധികൃതര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസിനും ആശ്വാസമായത് നെടുംകല്ലേല്‍ വീട്. ഭഗവല്‍ സിങ്ങിന്റെ വീടിന്റെ തൊട്ടടുത്ത അയല്‍പക്കമാണിത്. മരിച്ച പദ്മയുടെ ബന്ധുക്കള്‍ ചൊവ്വാഴ്ച പകല്‍ മുഴുവന്‍ ഇവിടെയായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്ത ദിവസം പോലീസുകാര്‍ക്ക് നാരങ്ങാവെള്ളം ഈ വീട്ടില്‍ നിന്ന് എത്തിക്കുന്നുണ്ടായിരുന്നു. മൂന്ന് വലിയപാത്രം തിളപ്പിച്ച വെള്ളമാണ് ചൊവ്വാഴ്ച ഇവിടെനിന്ന് കൊടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ലൈവ് നല്‍കുന്നതിനും മറ്റും വീടിന്റെ പരിസരങ്ങള്‍ വിട്ടുനല്‍കി. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനും വീട്ടുകാര്‍ സൗകര്യമൊരുക്കിയിരുന്നു.

Content Highlights: elanthoor human sacrifice case reports from elanthoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented