'നീ മനുഷ്യമാംസം കഴിച്ചോ?' പോലീസിന് മറുപടി ചെറുചിരി, ഷാഫിയുടെ ചരിത്രം തേടി അന്വേഷണസംഘം


പിടി കൊടുക്കാതെ ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല

നരബലിക്കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ എറണാകുളത്തെ ജൂഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോവുന്നു

കൊച്ചി: 'നീ ഇരകളുടെ മാംസം പാകം ചെയ്ത് കഴിച്ചോ...?’ അന്വേഷണ സംഘത്തിന്റെ ഈ ചോദ്യത്തിന് മറുപടി ഒരു ചെറു ചിരി മാത്രമായിരുന്നു. ഇലന്തൂർ നരബലിയിൽ മനുഷ്യ മനസ്സാക്ഷി ഞെട്ടിയപ്പോഴും ചോദ്യം ചെയ്യലിനു മുന്നിൽ ഭാവഭേദമൊന്നുമില്ലാതെയാണ് മുഹമ്മദ് ഷാഫിയുടെ നിൽപ്പ്. കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചതായുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത തേടാനായിരുന്നു പോലീസിന്റെ ശ്രമം. എന്നാൽ ഷാഫി ഇതൊന്നും വലിയ കാര്യമാക്കിയിട്ടില്ല. പ്രതികളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് മൂന്നു ദിവസം പിന്നിട്ടിട്ടും ഷാഫിയിൽനിന്ന് കാര്യമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല.

സംഭവത്തിലെ സൂത്രധാരൻ ഷാഫി ആയതിനാൽ തന്നെ ഇരട്ട നരബലി വരെയുള്ള ആസൂത്രണത്തിന്‍റെ വിവരം കിട്ടേണ്ടത് ഷാഫിയിൽ നിന്നാണ്. ചോദ്യം ചെയ്യലിനായി ഒട്ടേറെ തന്ത്രങ്ങൾ പോലീസ് പുറത്തിറക്കി. ഒന്നിലധികം സംഘങ്ങൾ രാവും പകലും ഷാഫിയിൽനിന്ന് വിവരങ്ങൾ തേടാൻ ശ്രമിച്ചതായാണ് വിവരം. പക്ഷേ, മനപ്പൂർവം അന്വേഷണത്തെ വഴിതിരിച്ചുവിടുകയാണ് ഇയാളുടെ ശ്രമമെന്നും കരുതുന്നു. അതുകൊണ്ടാണ് ഇലന്തൂരിൽ പോയി വീണ്ടും മൃതദേഹമുണ്ടോയെന്ന്‌ പോലീസ് പരിശോധിച്ചതും ഷാഫിയിൽനിന്നും മറ്റ് പ്രതികളിൽനിന്നും വ്യക്തമായ പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചതും.ചോദ്യങ്ങൾ ബാക്കി...

മുഹമ്മദ് ഷാഫി അരുംകൊലയ്ക്കും മറ്റ് ആഭിചാരങ്ങൾക്കും നേതൃത്വം നൽകുകയും ലൈല സഹായിയുമായിരുന്നുവെന്നും ഭഗവൽസിങ് എല്ലാറ്റിനും കൂട്ടുനിൽക്കുകയായിരുന്നുവെന്നുമാണ് ഇതുവരെയുള്ള നിഗമനം. ഈ രണ്ടുപേർ ചേർന്ന് മൃതദേഹങ്ങളും വെട്ടിനുറുക്കി അടക്കം ചെയ്തു എന്നത് പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല. മൃതദേഹങ്ങൾ 56 കഷണമാക്കാൻ ഇവർ ഉപയോഗിച്ചുവെന്നു കരുതുന്ന ആയുധം വീട്ടിൽ ഉപയോഗിക്കുന്ന കത്തിയും മറ്റുമാണ്. ഈ ആയുധങ്ങൾ വെച്ച് ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ കഴിയുമോയെന്ന സംശയം നിലനിൽക്കുന്നു.

മുഹമ്മദ് ഷാഫി മുമ്പ് മോർച്ചറിയിൽ സഹായിയായും ഇറച്ചിവെട്ടുകാരനായും ജോലി ചെയ്തിട്ടുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഈ പരിചയം മനുഷ്യശരീരങ്ങൾ വെട്ടിനുറുക്കാൻ സഹായിച്ചിട്ടുണ്ടാകാം. എങ്കിലും മൃതദേഹങ്ങൾ വെട്ടിനുറുക്കി മറവുചെയ്യാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന സംശയവും ബാക്കി നിൽക്കുന്നു.

സ്ത്രീകളിൽ ഒരാളെ ജീവനോടെയാണ് വെട്ടിനുറുക്കിയത്. ഒരാളെ കഴുത്തുമുറുക്കി കൊന്ന ശേഷവും. തുടർന്ന് മൃതദേഹങ്ങൾ തുണ്ടം തുണ്ടമാക്കുകയായിരുന്നു. ആന്തരികാവയവങ്ങൾ ഉൾപ്പെടെ മുറിച്ചെടുത്തു. ഇതൊന്നും മുൻപരിചയമില്ലാത്തവർക്ക് ചെയ്യാനാകില്ലെന്നാണ് വിദഗ്ധാഭിപ്രായം.

സന്ധിബന്ധങ്ങൾ വേർപെടുത്തി ശാസ്ത്രീയമായി വെട്ടിമുറിക്കാൻ മുൻപരിചയം ആവശ്യമാണ്. പത്മയുടെ മൃതദേഹം 56 കഷണങ്ങളാക്കിയാണ് മറവുചെയ്തത്. അഴുകിപ്പോയതിനാൽ ലഭിക്കാത്തവയും ഉണ്ടാകാം.

ജൂൺ ആദ്യവാരമാണ് റോസ്‌ലിയെ കൊന്നത്. നാലു മാസമായതിനാൽ മൃതാവശിഷ്ടങ്ങൾ പൂർണമായി അഴുകിയ നിലയിലായിരുന്നു. പത്മയെ കൊന്ന് മറവുചെയ്ത രീതിയിൽത്തന്നെയാണ് റോസ്‌ലിയെയും മറവുചെയ്തതെന്നാണ് പ്രതികളിൽനിന്ന് കിട്ടിയ വിവരം.

ഷാഫിയുടെ കഴിഞ്ഞകാലം തേടി പോലീസ്

നരബലിയുടെ മുഖ്യ സൂത്രധാരൻ മുഹമ്മദ് ഷാഫിയുടെ ഭൂതകാലം സൂക്ഷ്മമായി പരിശോധിക്കാൻ പോലീസ്. ഷാഫിയുടെ അടുപ്പക്കാരിലൂടെ ഇയാളുടെ മുൻകാല ചെയ്തികളും ജോലി ചെയ്തിരുന്നതും താമസിച്ചതുമായ സ്ഥലങ്ങളും കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യം.

നരബലിക്ക് സമാനമായ സംഭവങ്ങൾ മറ്റിടങ്ങളിൽ നടന്നിട്ടുണ്ടാകാമെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പെൺവാണിഭം-മനുഷ്യക്കടത്ത് സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും അറിയേണ്ടതുണ്ട്. ഷാഫിയുടെ നിഗൂഢ ജീവിതത്തിലേക്ക് എത്താൻ പോലീസിന് ഏറ്റവും സഹായകരമാവുന്ന ഇയാളുടെ മൊബൈൽ ഫോൺ നശിപ്പിച്ചുകളഞ്ഞെന്ന മൊഴി വിശ്വസിക്കാതെ പോലീസ് അത് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്.

മുഹമ്മദ് ഷാഫിക്ക് മൂന്ന് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായി പറയുന്നു. 'ശ്രീദേവി' എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങൾ സൈബർ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്താൻ നടപടികളായിട്ടുണ്ട്. പെൺവാണിഭവും ആഭിചാര ക്രിയകളും പതിവായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ.

പെരുമ്പാവൂർ സ്വദേശിയായ ഷാഫി, ലഹരിക്കടത്തു സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും ആരോപണമുണ്ട്.

പെരുമ്പാവൂരിൽ മോർച്ചറി സഹായിയായും പുത്തൻകുരിശിൽ ലോറി ഡ്രൈവറായും ജോലിചെയ്തിരുന്ന ഷാഫിയുടെ സമ്പാദ്യത്തിലും സുഹൃത്തുക്കൾ സംശയമുന്നയിക്കുന്നുണ്ട്. എറണാകുളം സൗത്തിൽ ഒരു ഹോട്ടൽ നടത്തിയിരുന്ന ഷാഫി വാടകയ്ക്കാണ് താമസിച്ചിരുന്നത്.

തന്റെ നിഗൂഢ ബന്ധങ്ങൾ വെളിപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ ഫോൺ ഷാഫി ഒളിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഷാഫിയുടെ ഭാര്യയുടെ മൊഴിയും ഫോൺ എറിഞ്ഞ് പൊട്ടിച്ചുവെന്നാണ്.

ഓമനയെത്തേടി പോലീസ്, വാ തുറക്കാതെ ഷാഫി

ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട ഓമനയെപ്പറ്റി ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തൽ പോലീസ് ശരിവെക്കുന്നു. ഓമനയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പലവഴിക്ക് പോലീസ് തുടങ്ങിയിട്ടുണ്ട്. അന്ന് ഓമന തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയാതെയായിരുന്നു ഭഗവൽ സിങ്ങിന്റെ വീട്ടിൽ ഓമന എത്തിയത്.

ആ സമയത്ത് കൊലപാതകത്തിനായി പ്രതികൾ മുറിക്കുള്ളിൽ വട്ടം കൂട്ടുന്നുണ്ടായിരുന്നു. അതിനിടെയാണ് വീടിനടുത്ത ജങ്ഷനിൽ ഇവരെ കൊണ്ടുവിട്ട ഡ്രൈവറുടെ വിളി വന്നത്. ഫോണെടുത്ത ഓമന താൻ ഭഗവൽ സിങ്ങിന്റെ വീട്ടിലുണ്ടെന്ന് പറഞ്ഞു. ഇതോടെ പ്രതികളുടെ പദ്ധതിയെല്ലാം പൊളിഞ്ഞു. സംഗതി പ്രശ്നമാകുമെന്ന് മനസ്സിലായ പ്രതികൾ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. പെട്ടെന്ന് പ്രതികൾ പിൻവലിഞ്ഞതോടെ പന്തികേട് തോന്നിയാണ് ഓമന ഇവിടം വിട്ടതെന്ന് പോലീസ് കരുതുന്നു. നിഗമനങ്ങളെല്ലാം ഉറപ്പിക്കാൻ ഓമനയെ കണ്ടെത്തേണ്ടതുണ്ട്.

ഇതിനിടെ, പ്രതി ഷാഫി അന്വേഷണത്തോട് പുറംതിരിഞ്ഞു നിൽക്കുന്നതിനാൽ പുതിയ വഴികളിലൂടെ കൂടുതൽ തെളിവുകൾ തേടി പോലീസ് സംഘം സഞ്ചരിക്കുന്നുണ്ട്. കാര്യങ്ങൾ ചോദിക്കുമ്പോൾ ഷാഫി പ്രതികരിക്കുന്നില്ലെന്നു മാത്രമല്ല വലിയ രോഷവും പ്രകടിപ്പിക്കുന്നുണ്ട്.

ഇത് തന്ത്രപരമായ ഒഴിഞ്ഞുമാറലിന്റെ ഭാഗമാണെന്ന് പോലീസ് കരുതുന്നു. ഇതിനു പിന്നിൽ ചിലരുടെ ഉപദേശമായിരിക്കുമെന്ന് പോലീസ് ഉറപ്പിക്കുന്നു.

ഇലന്തൂരിലെ വീട്ടുവളപ്പിൽ മണ്ണിനടിയിൽ എന്തെങ്കിലും സൂചനയുണ്ടെങ്കിൽ കണ്ടെത്തുന്ന കഡാവർ നായ്ക്കളെ കൊണ്ടുവന്ന് വിശദ പരിശോധന നടത്തിയെങ്കിലും പുതുതായി ഒന്നും കണ്ടെത്താനായിട്ടില്ല. പെട്ടിമുടി ദുരന്തത്തിൽ 10 മൃതദേഹങ്ങൾ കണ്ടെത്തിയത് ഇൗ നായ്ക്കളാണ്.

നരബലിക്കുമുമ്പും രണ്ടു സ്ത്രീകളെ കൊല്ലാൻ ശ്രമിച്ചെന്ന് മൊഴി

ഇലന്തൂരിൽ പദ്മയെയും റോസ്‌ലിനെയും കൊല്ലുന്നതിനുമുമ്പ് രണ്ടു സ്ത്രീകളെ വകവരുത്താൻ ശ്രമിച്ചതായി പ്രതികളുടെ മൊഴി. നരബലിക്കേസിലെ പ്രതികളായ ഭഗവൽ സിങ്, ലൈല, ഷാഫി എന്നിവർ പോലീസിന് നൽകിയ മൊഴിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.

പത്തനംതിട്ട നഗരത്തിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന സ്ത്രീയിൽനിന്ന് ലോട്ടറി മൊത്തത്തിൽ വാങ്ങിയാണ് ഷാഫി അടുപ്പം സ്ഥാപിച്ചത്. ഭഗവൽസിങ്ങിന്റെ തിരുമ്മൽകേന്ദ്രത്തിൽ 18,000 രൂപ വേതനത്തിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് ഇലന്തൂരിലെ വീട്ടിലെത്തിച്ചു. തിരുമ്മുകേന്ദ്രത്തിലായിരുന്നു ജോലി. ഒരുദിവസം കഴിഞ്ഞ് ഇവരെ ഭഗവൽസിങ്ങും ലൈലയും വീട്ടിലേക്ക് ക്ഷണിച്ചു. മുറിയിൽ കടന്നയുടനെ കട്ടിലിൽ കിടത്തി കൈകാലുകൾ െകട്ടാൻ ശ്രമിച്ചു. കുതറിയോടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഷാഫി ആക്രമിച്ചു. താഴെവീണെങ്കിലും വീടിന് പുറത്തേക്ക് ഒാടി രക്ഷപ്പെട്ടു. ലൈല സാന്ത്വനിപ്പിച്ച് തിരിച്ചുവിളിക്കാൻ ശ്രമിച്ചെങ്കിലും ഒാടി റോഡിലെത്തി. പരിചയമുള്ള ഒാട്ടോറിക്ഷക്കാരൻ ഹാഷിമിനെ വിളിച്ചുവരുത്തി രക്ഷപ്പെടുകയായിരുന്നു. ഇവരിപ്പോൾ വിദേശത്ത് വീട്ടുജോലിക്കായി പോയിരിക്കുകയാണ്.

പന്തളത്തുനിന്ന് വീട്ടുജോലിക്കായി ഒരു സ്ത്രീയെ വീട്ടിലെത്തിച്ചത് കൊല്ലാനായിരുന്നെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യ കൊലപാതകത്തിന് ദിവസങ്ങൾക്ക് മുൻപാണിത്. ഭഗവൽ സിങ്ങും ലൈലയും ഷാഫിയും ചേർന്നുള്ള പ്രവൃത്തികളും സംഭാഷണങ്ങളിലെ അശ്ലീലച്ചുവയും ഇവരിൽ സംശയമുണ്ടാക്കി. ഇതോടെ ജോലിയുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

Content Highlights: elanthoor human sacrifice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented