ആലപ്പുഴ ചാത്തനാട് ആഗ്നസ് വില്ലയിൽ റിട്ട. അധ്യാപകനായ ജോസൺ ഫെർണാണ്ടസിന്റെ വീട്ടിലെ മുയലുകൾ ചത്തനിലയിൽ
ആലപ്പുഴ: 'മൂന്നുവര്‍ഷം മുന്‍പ് മകളുടെ ആഗ്രഹത്തിനു വാങ്ങിയതാണ് ഈ മുയലുകളെ... ഇപ്പോഴെല്ലാം ഇങ്ങനെ കിടക്കുന്നു... എന്താ സംഭവിച്ചതെന്ന് അറിയില്ല. മുയലുകളോട് ഈ ക്രൂരത കാട്ടണമായിരുന്നോ'- ആലപ്പുഴ ചാത്തനാട് ആഗ്നസ് വില്ലയില്‍ റിട്ട. അധ്യാപകനായ ജോസണ്‍ ഫെര്‍ണാണ്ടസ് ചോദിക്കുന്നു.
ജോസണ്‍ ഫെര്‍ണാണ്ടസിന്റെ എട്ടു മുയലുകളെയാണു കഴിഞ്ഞദിവസം രാത്രി ആരോ അടിച്ചുകൊന്നത്. ശനിയാഴ്ച രാവിലെയാണ് മുയലുകളെ ചത്തനിലയില്‍ കണ്ടെത്തിയത്. ഒന്പതെണ്ണമുള്ളതില് ഒരെണ്ണമൊഴികെ എല്ലാത്തിനെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിലാണ്.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ മകള്‍ ആന്‍ഡ്രിയ്ക്കൊപ്പം ഭക്ഷണവും വെള്ളവും കൊടുത്തു കൂട്ടിലടച്ചതാണ് മുയലുകളെ. നാലു കൂടുകളിലായാണ് ഇവയെ ഇടാറുള്ളത്. വീടിന്റെ ഗേറ്റ് അടയ്ക്കുമെങ്കിലും താഴിട്ടു പൂട്ടാറില്ല. പൊതുവെ ശാന്തമായ പ്രദേശമായതിനാല്‍ സുരക്ഷിതമാണെന്നാണ് കരുതിയിരുന്നതെന്നു ജോസണ്‍ പറയുന്നു.
വീട്ടിലെ വളര്‍ത്തുനായയെ അഴിച്ചുവിട്ടിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി കുരയ്ക്കുകയോ ബഹളം വെക്കുകയോ ചെയ്തതായി വീട്ടുകാര്‍ കേട്ടിട്ടില്ല.
കൊച്ചി അക്വിനാസ് കോളേജിലെ മുന്‍ അധ്യാപകനായിരുന്ന ജോസണ്‍ ഇപ്പോള്‍ ഭാര്യ ലിഡിയ്ക്കൊപ്പം ഇരുമ്പുപാലത്തിനു സമീപം സ്റ്റേഷനറിക്കട നടത്തുകയാണ്. ഇടവേളകളില്‍ വീട്ടലങ്കാരത്തിനു വസ്തുക്കള്‍ നിര്‍മിക്കുന്ന ശീലവുമുണ്ട്. ഇതിനായി വീടിന്റെ ഗെയ്റ്റിനു സമീപത്ത് ചെറിയ വര്‍ക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇവിടെയാണ് മുയലുകളെ ചത്തനിലയില്‍ കണ്ടെത്തിയത്. ഇവിടെയുണ്ടായിരുന്ന രണ്ടു തടിക്കഷണങ്ങള്‍ റോഡിലെറിഞ്ഞ നിലയില്‍ കണ്ടെത്തി.
അതേസമയം, രാത്രി വൈകി സമീപത്തെ നായ്ക്കള്‍ കുരയ്ക്കുന്നതു കേട്ടിരുന്നെന്ന് സമീപവാസിയായ ജോയ് പറയുന്നു. ശബ്ദം കേട്ടു നോക്കിയെങ്കിലും അസ്വഭാവികമായൊന്നും കണ്ടില്ല.
മുയലുകള്‍ക്കു മറ്റെന്തെങ്കിലും ഭക്ഷണം കൊടുത്തതിന്റെയോ മറ്റു മൃഗങ്ങളാല്‍ ആക്രമിക്കപ്പെട്ടതിന്റെയോ ലക്ഷണങ്ങളുമില്ല. നോര്‍ത്ത് പോലീസ് കേസെടുത്തു. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിക്കും. ജില്ലാ മൃഗാശുപത്രി ഡോക്ടര്‍മാരെത്തി പരിശോധന നടത്തി. കൂട്ടില്നിന്നിറക്കിയാണ് മുയലുകളെ കൊന്നിരിക്കുന്നത്.
അടിയില്‍ ആന്തരിക അവയവങ്ങള്‍ തകര്‍ന്നു
മുയലുകള്‍ ചത്തത് അടിയേറ്റാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ആന്തരിക അവയവങ്ങളെല്ലാം തകര്‍ന്നിരുന്നു.അടിയുടെ ആഘാതത്തില്‍ വാരിയെല്ലുള്പ്പെടെയുള്ളവ തകര്‍ന്നു കലങ്ങിയ നിലയിലായിരുന്നെന്ന് ജില്ലാ മൃഗാശുപത്രി അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..