ഭാര്യ ഒളിച്ചോടിയെന്ന് ധരിപ്പിച്ചു;രഹസ്യബന്ധ സംശയം, കൊന്ന് കുഴിച്ചുമൂടി ഒന്നുമറിയാത്തവനെപ്പോലെ നടന്നു


അറസ്റ്റിലായ സജീവൻ, കൊല ചെയ്യപ്പെട്ട രമ്യ

ചെറായി: ഒന്നര വര്‍ഷമായി കാണാനില്ലായിരുന്ന ഭാര്യയെ താന്‍ കൊന്നു കുഴിച്ചുമൂടിയതാണെന്ന് ഭര്‍ത്താവിന്റെ കുറ്റസമ്മതം. വൈപ്പിന്‍കരയില്‍ എടവനക്കാട് വാച്ചാക്കലാണ് നാടിനെ നടുക്കിയ സംഭവം പുറത്തുവന്നത്. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുകയും തുടര്‍ന്നുള്ള മൊഴികളില്‍ വൈരുധ്യം കാണുകയും ചെയ്തതോടെ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

എടവനക്കാട് കൂട്ടുങ്കല്‍ ചിറ അറക്കപ്പറമ്പില്‍ സജീവ (45) നാണ് ഭാര്യ രമ്യ (35) യെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയത്. നായരമ്പലം നികത്തിത്തറ രമേശിന്റെ മകളാണ് രമ്യ. സജീവനെ അറസ്റ്റ് ചെയ്തു. ഇയാളുടെ
മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകീട്ടോടെ ഫൊറന്‍സിക് സംഘം പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന വാച്ചാക്കല്‍ പടിഞ്ഞാറുള്ള വീട്ടില്‍ എത്തി മുറ്റം കുഴിച്ച് മൃതാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. രണ്ടര അടി കുഴിച്ചപ്പോള്‍ത്തന്നെ അസ്ഥികള്‍ കണ്ടെത്തി. പിന്നീട് മറ്റ് അസ്ഥികളും തലയോട്ടിയും മുടിയും കണ്ടെത്തി. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സാംപിളുകള്‍ ശേഖരിച്ചു. അവശിഷ്ടങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഭാര്യയിലുണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2021 ഒക്ടോബര്‍ 16-ന് പട്ടാപ്പകലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ഈ സമയം രണ്ടു മക്കളും വീട്ടിലില്ലായിരുന്നു. രമ്യയുടെ കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. കൊന്ന ശേഷം മുറിയില്‍ സൂക്ഷിച്ച മൃതദേഹം രാത്രി വീടിന്റെ മുറ്റത്ത് കിഴക്കുഭാഗത്ത് കുഴിച്ചുമൂടി. പെയിന്റിങ് തൊഴിലാളിയായ പ്രതി ഇതിനുശേഷം ഒന്നും സംഭവിക്കാത്ത രീതിയില്‍ പതിവുപോലെ പണിക്കും മറ്റും പോയി. രണ്ട് മക്കളുമൊത്ത് ജീവിച്ചു വരുകയായിരുന്നു. അമ്മ െബംഗളൂരുവില്‍ ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിക്കാന്‍ പോയിരിക്കുകയാണെന്നാണ് ഇയാള്‍ മക്കളോട് പറഞ്ഞിരുന്നത്. കോഴ്സിനു പോയ ഭാര്യ അതുവഴി ഗള്‍ഫില്‍ പോയെന്നും പിന്നീട് മറ്റാരുടെയോ കൂടെ ഒളിച്ചോടി പോയെന്നുമൊക്കെയാണ് ഇയാള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും ധരിപ്പിച്ചിരുന്നത്.

ഇതിനിടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുകയും രമ്യയെ കാണാതായി, ആറു മാസത്തിനുശേഷം സഹോദരന്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് ഭാര്യയ കാണാനില്ലെന്നു പറഞ്ഞ് സജീവനും പോലീസില്‍ പരാതി നല്‍കി. ഇതോടെ സജീവന്‍ പോലീസിന്റെ നിരീക്ഷണത്തിലായി. കേസെടുത്ത പോലീസ് അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

അതനുസരിച്ച് സജീവനെയും കൂട്ടി വ്യാഴാഴ്ച ഉച്ചയോടെ പോലീസ് എടവനക്കാട്ടെ വീട്ടിലെത്തി. വീട്ടുമുറ്റത്ത് മൃതദേഹം കുഴിച്ചിട്ട സ്ഥലം സജീവന്‍ കാണിച്ചുകൊടുത്തു. രണ്ട് സമുദായത്തില്‍ പെട്ട ഇരുവരും 17 വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചതാണ്.

മക്കള്‍: സഞ്ചന, സിദ്ധാര്‍ഥ്. സംഭവസ്ഥലത്ത് അഡീഷണല്‍ എസ്.പി. ബിജി ജോര്‍ജ്, പറവൂര്‍ ഡിവൈ.എസ്.പി. പി.കെ. മുരളി, ഞാറയ്ക്കല്‍ സി.ഐ. രാജന്‍ കെ. അരമന, മുനമ്പം സി.ഐ. എ.എല്‍. യേശുദാസ് എന്നിവരും എത്തിയിരുന്നു. ഡി.എന്‍.എ. പരിശോധനയ്ക്കു ശേഷമേ അസ്ഥികള്‍ രമ്യയുടേതാണെന്ന് ഉറപ്പിക്കാനാകൂ എന്ന് ഞാറയ്ക്കല്‍ പോലീസ് പറഞ്ഞു.

എടവനക്കാടിനെ നടുക്കിയ വെളിപ്പെടുത്തല്‍

ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചു മൂടുക. ഒന്നര വര്‍ഷത്തോളം ഒന്നുമറിയാത്തവനെപ്പോലെ നടക്കുകയും ആ വീട്ടില്‍ തന്നെ സസുഖം ജീവിക്കുകയും ചെയ്യുക... സജീവന്‍ എന്നയാളുടെ ചെയ്തികള്‍ കേട്ട എടവനക്കാട്ടുകാരുടെ നടുക്കം ഇനിയും മാറിയിട്ടില്ല. രമ്യക്ക് മറ്റുള്ളവരുമായി രഹസ്യ ബന്ധമുണ്ടെന്ന് സജീവന്‍ സംശയിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വെളിപ്പെടുത്തല്‍.

ഇതേച്ചൊല്ലി ഇരുവരും പലപ്പോഴും വഴക്കിട്ടിരുന്നു. ഒടുവില്‍ മക്കള്‍ രമ്യയുടെ വീട്ടില്‍ പോയ സമയത്ത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കഴുത്തില്‍ കയര്‍ മുറുക്കി രമ്യയെ കൊലപ്പെടുത്തിയെന്നാണ് മൊഴി.

രമ്യയും ഭര്‍ത്താവ് സജീവനും എടവനക്കാട് രണ്ട് വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത്. കലൂരിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് രമ്യ ജോലി ചെയ്തിരുന്നത്. ഞാറയ്ക്കല്‍ പോലീസ് സജീവനെ ആറു മാസമായി നിരീക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സജീവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുമ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. കൊലപാതകം സംബന്ധിച്ച് നാട്ടുകാര്‍ക്കുപോലും കാര്യമായ സംശയമുണ്ടായിരുന്നില്ലെന്ന് പറയുന്നു. ഭാര്യയെ കാണാനില്ലാത്തതുപോലെ തന്നെയായിരുന്നു ഇയാളുടെ പെരുമാറ്റവും.

സങ്കടക്കടലായി അമ്മ

രമ്യയുടെ കൊലപാതകം നായരമ്പലം പടിഞ്ഞാറ് നികത്തിത്തറ അജിതയുടെ വീടിനെ ദുഃഖത്തിലാഴ്ത്തി. അടുപ്പത്തിലായിരുന്ന രമ്യയും സജീവനും വിവാഹത്തിനു ശേഷം നന്നായി ജീവിക്കുമെന്നാണ് പ്രതീക്ഷിച്ചത്. ജീവിതം ഇത്രകണ്ട് ദുരിത പൂര്‍ണമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല - തേങ്ങലടക്കാനാവാതെ രമ്യയുടെ അമ്മ അജിത പറഞ്ഞു.

ഒന്നര വര്‍ഷം പിന്നിടുന്നു രമ്യയുടെ വീട്ടിലേക്കുള്ള വരവില്ലാതായിട്ട്. പിന്നീടാണ് 15 മാസമായി രമ്യയെ കാണാനില്ലെന്ന വിവരം അറിയാന്‍ കഴിഞ്ഞത്.

കുട്ടികള്‍ രണ്ടുപേരും എല്ലാ ആഴ്ചകളിലും വീട്ടില്‍ വരാറുണ്ടായിരുന്നെങ്കിലും രമ്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണവുമായി വരാന്‍ തുടങ്ങിയതോടെ ആ വരവും നിലച്ചു.

Content Highlights: edavanakkadu murder man buries wife in front of house files missing complaint


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented