പത്രപ്പരസ്യം, കൊല ചെയ്യപ്പെട്ട രമ്യ
കൊച്ചി: ഒൻപതും പതിനേഴും വയസുള്ള രണ്ട് മക്കൾ. മക്കൾക്ക് വേണ്ട ഭക്ഷണം ഉണ്ടാക്കുന്നതും അവർക്കുവേണ്ട എല്ലാകാര്യവും ചെയ്തുകൊടുക്കുന്നതും അച്ഛൻ. അമ്മ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളാടൊപ്പം പോയെന്ന് അച്ഛൻ പറഞ്ഞ് പഠിപ്പിച്ചപ്പോൾ മക്കൾ അത് വിശ്വസിച്ചു. തങ്ങൾക്ക് വേണ്ടി എല്ലാം ചെയ്ത് തരുന്ന അച്ഛനോട് സ്നേഹവും സഹതാപവും തോന്നി.
"അമ്മക്ക് ഞങ്ങളെ വേണ്ടാത്തത് കൊണ്ടല്ലേ ഞങ്ങളെ ഇട്ടിട്ട് പോയത്. ആ അമ്മയെ ഞങ്ങൾക്കും വേണ്ട" ഇതായിരുന്നു കൊച്ചി എടവനക്കാട് അരുംകൊലക്ക് ഇരയായ രമ്യയുടെ മക്കളുടെ മനസിൽ. സംശയത്താൽ ഭാര്യ രമ്യയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം ഭർത്താവ് സജീവൻ സ്വന്തം മക്കളെ പറഞ്ഞ് പഠിപ്പിച്ചത് അമ്മ മറ്റൊരാളോടൊപ്പം ഇറങ്ങിപ്പോയി എന്നാണ്. അച്ഛനും മക്കൾക്കും അത് നാണക്കേടായതിനാൽ ആര് ചോദിച്ചാലും അമ്മ ബാംഗ്ലൂർ പോയതാണെന്ന് പറയണമെന്നും ആ മക്കളെ പഠിപ്പിച്ചു.
ഒന്നര വർഷം മുൻപ് കാണാതായ നായരമ്പലം നികത്തിത്തറ രമേശിന്റെ മകൾ രമ്യയെ കാണാനില്ലെന്ന പരാതിയിന്മേലുള്ള അന്വേഷണം ഒടുവിൽ ചെന്നെത്തിയത്, ഞാറയ്ക്കൽ എടവനക്കാട് രമ്യയും ഭർത്താവും മക്കളുമൊത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ മുറ്റത്തുള്ള കുഴിയിലാണ്. രമ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് വീട്ടിലെ തുണി വിരിക്കുന്ന കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു സജീവൻ. അമ്മ മറ്റൊരാളോടൊപ്പം ഇറങ്ങിപ്പോയെന്ന് പറഞ്ഞ് മക്കളെ വിശ്വസിപ്പിച്ചു. ബാംഗ്ലൂരിൽ പഠിക്കാൻ പോയതാണെന്നും അവിടെനിന്നും വിദേശത്തേക്ക് പോയതാണെന്നും രമ്യയുടെ വീട്ടുകാരെയും നാട്ടുകാരേയും വിശ്വസിപ്പിക്കുകയായിരുന്നു സജീവൻ. കൃത്യമായി തയാറാക്കിയ പദ്ധതിയിൽ കൊലനടത്തിയ ശേഷം കഴിഞ്ഞ ഒന്നര വർഷമായി നല്ലപിള്ള ചമഞ്ഞ് നടക്കുകയായിരുന്നു സജീവൻ.
രമ്യയുടെ കൊലപാതകത്തിന് കുറച്ച് ദിവസം മുൻപാണ് അവസാനമായി വീട്ടിലേക്ക് പോയത്. രമ്യയെ കൊലപ്പെടുത്തുന്ന സമയത്ത് മക്കൾ രമ്യയുടെ വീട്ടിലായിരുന്നു. കോവിഡ് ആയിരുന്നതിനാൽ ക്വാറന്റൈനിലായിരുന്നു രമ്യയുടെ വീട്ടുകാർ. കോവിഡ് ടെസ്റ്റ് ചെയ്യാൻ പോയി തിരികെ വന്നപ്പോൾ മക്കൾ വീട്ടിൽ ഇല്ലായിരുന്നു. സജീവനെ വിളിച്ചപ്പോൾ കൂട്ടിക്കൊണ്ട് പോയതാണെന്നും അവിടെ അവരുടെ വീട്ടിൽ ക്വാറന്റൈനിൽ ഇരുന്നോളാമെന്നും പറഞ്ഞു. പിന്നീട് അവർക്ക് കോവിഡ് ആവുകയും ക്വാറന്റൈനുമെല്ലാം കഴിഞ്ഞ് ഏകദേശം ഒരു മാസം കഴിഞ്ഞ ശേഷമാണ് മക്കൾ പിന്നീട് രമ്യയുടെ വീട്ടിലേക്ക് എത്തുന്നത്. അതിനിടെ രമ്യയെ ഫോൺ ചെയ്യുമ്പോൾ സജീവൻ ഫോണെടുക്കുകയും കുളിക്കുകയാണെന്നും ഉറങ്ങുകയാണെന്നും തലവേദനയാണെന്നുമെല്ലാം പറഞ്ഞു.
"രമ്യ എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ലോജിസ്റ്റിക്സ് കോഴ്സ് പഠിക്കുന്നുണ്ടായിരുന്നു. അതിന്റെ ട്രെയിനിംഗിനായി ബാംഗ്ലൂർ പോയി എന്നാണ് മക്കൾ ഞങ്ങളോട് പറഞ്ഞത്. രമ്യയുടെ കൈയിൽ ഫോൺ ഇല്ലെന്നും രമ്യയുടെ സുഹൃത്തിന്റെ ഫോണിൽ നിന്നും ഇങ്ങോട്ടേക്ക് വിളിക്കുകയാണ് ചെയ്യാറുള്ളതെന്നും മക്കൾ പറഞ്ഞു. മക്കൾ എല്ലാ ആഴ്ചയും ഞങ്ങളുടെ വീട്ടിൽ എത്താറുണ്ട്. അമ്മ വിളിച്ചെന്നും വീഡിയോകോൾ ചെയ്തെന്നുമെല്ലാം മക്കൾ പറയുമായിരുന്നു. ഇതിനിടെ രമ്യ വീട്ടിൽ വന്നിട്ട് തിരികെ പോയെന്നും മക്കളുമൊരുമിച്ച് പോയാണ് വണ്ടി കയറ്റി വിട്ടതെന്നും മകൾ ഞങ്ങളോട് പറഞ്ഞു. എന്നാൽ അമ്മ വന്ന കാര്യം പറഞ്ഞില്ലല്ലോയെന്ന് ഇളയ കുട്ടിയോട് ചോദിച്ചപ്പോൾ അമ്മ വന്നില്ലെന്ന് പറഞ്ഞു. പിന്നീട് രണ്ട് കുട്ടികളോടു വിവരങ്ങൾ മാറി മാറി ചോദിച്ചപ്പോഴാണ് അമ്മ മറ്റൊരാളോടൊപ്പം പോയതാണെന്നും എല്ലാം അച്ഛൻ പറഞ്ഞ് കൊടുത്തതാണെന്നും മക്കൾ പറഞ്ഞത്. ഇതാണ് സംശയമുണ്ടാകാൻ കാരണമായത്. ഇതിനിടെ രമ്യയുടെ സുഹൃത്ത് സഹോദരനെ വിളിക്കുകയും രമ്യയെ അവസാനമായി വിളിച്ചപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായതായും പിന്നീട് വിളിച്ചിട്ട് കിട്ടിയില്ലെന്നും പറഞ്ഞു. സഹോദരന് സംശയം ബലപ്പെട്ടതോടെയാണ് പോലീസിന് പരാതി കൊടുത്തത്" രമ്യയുടെ സഹോദരന്റെ ഭാര്യ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
പോലീസിൽ പരാതികൊടുത്തതോടെ പരാതി കൊടുത്തത് മക്കളുടെ ഭാവിയെ ബാധിക്കുമെന്നും നാണക്കേടാണെന്നുമെല്ലാം പറഞ്ഞ് സജീവൻ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കിയിരുന്നു. രമ്യയുടെ സഹോദരൻ പരാതി കൊടുത്തതിന് പിന്നാലെ സജീവനും ഭാര്യയെ കാണാനില്ലെന്ന് വ്യക്തമാക്കി പോലീസിൽ പരാതി കൊടുക്കുകയായിരുന്നു. ആദ്യഘട്ടത്തിലൊന്നും വലിയ അന്വേഷണമൊന്നും ഉണ്ടായിട്ടില്ല. രണ്ട് മാസങ്ങൾക്ക് മുൻപാണ് കാര്യമായ അന്വേഷണം ഉണ്ടായത്.
പോലീസ് ഇയാളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യ്ത് വിട്ടയച്ചു. പിന്നീട് വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുമ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. സജീവന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകീട്ടോടെ ഫൊറന്‍സിക് സംഘം പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന വാച്ചാക്കല്‍ പടിഞ്ഞാറുള്ള വീട്ടില്‍ എത്തി മുറ്റം കുഴിച്ച് മൃതാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. രണ്ടര അടി കുഴിച്ചപ്പോള്‍ത്തന്നെ അസ്ഥികള്‍ കണ്ടെത്തി. പിന്നീട് മറ്റ് അസ്ഥികളും തലയോട്ടിയും മുടിയും കണ്ടെത്തി. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സാംപിളുകള്‍ ശേഖരിച്ചു. അവശിഷ്ടങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.
Content Highlights: Edavanakkad murder Accused killed wife due to suspicion destroyed evidence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..