അനിത പുല്ലയിലിനെ നിയമസഭാ സമുച്ചയത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നു | Screengrab: മാതൃഭൂമി ന്യൂസ്
തിരുവനന്തപുരം: ലോക കേരള സഭയില്‍ ക്ഷണിതാവല്ലാതിരുന്നിട്ടും അനിത പുല്ലയില്‍ എങ്ങനെ നിയമസഭയില്‍ പ്രവേശിച്ചുവെന്നതില്‍ അന്വേഷണം ആരംഭിച്ചു. സ്പീക്കര്‍ എം.ബി രാജേഷിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം. കര്‍ശന പരിശോധനയാണ് ലോക കേരള സഭാ സമ്മേളനം നടക്കുന്ന ശങ്കരന്‍തമ്പി ഹാളില്‍ പ്രവേശിക്കുന്നതിന് ഒരുക്കിയിരുന്നത്. പ്രതിനിധിയോ ക്ഷണിതാവോ അല്ലാത്ത അനിത നിയമസഭ സമുച്ചയത്തില്‍ പ്രവേശിച്ചതിലും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തതിലുമാണ് അന്വേഷണം.
ലോക കേരള സഭ നടക്കുമ്പോള്‍ അനിത പുല്ലയില്‍ നിയമസഭാ സുച്ചയത്തില്‍ എത്തിയത് ശ്രദ്ധയില്‍പ്പെട്ട വാച്ച് ആന്‍ഡ് വാര്‍ഡ് ഇവരെ പുറത്താക്കുകയായിരുന്നു. ഇവിടെയെത്തിയ അനിത സമ്മേളന പ്രതിനിധികളുമായി സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. സഭ ടി.വി ഓഫീസിന് സമീപം അനിതയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുറത്താക്കിയത്. സമ്മേളനം നടക്കുന്ന ശങ്കരനാരായണന് തമ്പി ഹാളില്‍ അവര്‍ പ്രവേശിച്ചിട്ടില്ലെന്നാണ് കരുതുന്നത്.
എന്നാല്‍ നിയമസഭാ കവാടത്തില്‍ മാധ്യമങ്ങള്‍ക്കും പ്രതിനിധികള്‍ക്കും ഐഡി കാര്‍ഡ് പരിശോധിച്ച ശേഷം മാത്രമായിരുന്നു പ്രവേശനം. എന്നിട്ടും എങ്ങനെ അനിത നിയമസഭാ സമുച്ചയത്തില്‍ എത്തിയെന്നും പ്രതിനിധികളെ കണ്ടു എന്നതിലുമാണ് പരിശോധന. അതേസമയം അനിത പുല്ലയിലിനെ പ്രതിനിധിയായിട്ടോ ക്ഷണിതാവായിട്ടോ ലോക കേരള സഭയുടെ ഭാഗമാക്കിയിരുന്നില്ലെന്നാണ് നോര്‍ക്ക വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് പ്രതികരിച്ചത്. മറ്റ് കാര്യങ്ങളില്‍ അന്വേഷണത്തിന് ശേഷം വ്യക്തതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മോന്സണ് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് അനിതയെ ചോദ്യം ചെയ്തു. തട്ടിപ്പ് കേസില്‍ ഇടനിലക്കാരിയെന്ന ആരോപണം നേരിടുന്നയാളാണ് അനിത. മോന്സണ് പ്രതിയായ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ അനിതയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. പുരാവസ്തു തട്ടിപ്പ് കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി മോന്സണ് മാവുങ്കലിനെ ചോദ്യം ചെയ്ത ഇ.ഡി അനിതയേയും ചോദ്യം ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..