Photo: Twitter.com/ANI
കൊല്‍ക്കത്ത: അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് നടി അര്‍പ്പിത മുഖര്‍ജിയുടെ ഫ്ളാറ്റില്‍നിന്ന് വീണ്ടും പണവും സ്വര്‍ണവും പിടിച്ചെടുത്തു. ബെല്‍ഘാരിയ ടൗണ്‍ ക്ലബിലെ ആഡംബര ഫ്ളാറ്റില്‍നിന്ന് 28 കോടിയോളം രൂപയും ആറുകിലോ സ്വര്‍ണവുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കഴിഞ്ഞദിവസം പിടിച്ചെടുത്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. പിടികൂടിയ പണം മാത്രം ഏകദേശം 50 കോടിയോളം രൂപയായി.
ദിവസങ്ങള്‍ക്ക് മുമ്പ് അര്‍പ്പിതയുടെ സൗത്ത് കൊല്‍ക്കത്തയിലെ ഫ്ളാറ്റില്‍നിന്ന് 21 കോടി രൂപയും 50 ലക്ഷത്തിന്റെ വിദേശകറന്‍സികളും ഇ.ഡി. പിടിച്ചെടുത്തിരുന്നു. 20 മൊബൈല്‍ ഫോണുകളും 70 ലക്ഷം രൂപയുടെ സ്വര്‍ണവും ആദ്യ റെയ്ഡില്‍ പിടികൂടിയിരുന്നു.
അര്‍പ്പിതയെ ഇ.ഡി. കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നതിനിടെയാണ് ബെല്‍ഘാരിയയിലെ ഫ്ളാറ്റില്‍ ബുധനാഴ്ച റെയ്ഡ് നടന്നത്. ഫ്ളാറ്റിലെ ഷെല്‍ഫുകളില്‍നിന്ന് കെട്ടുകണക്കിന് നോട്ടുകളാണ് ഇ.ഡി. സംഘം കണ്ടെടുത്തത്. ഇത് എണ്ണിതിട്ടപ്പെടുത്താന് ഇ.ഡി. അധികൃതര്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം തേടി. കൂടുതല്‍ നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ എത്തിച്ച് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തുന്ന നടപടി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഇരുമ്പ് പെട്ടികളിലാക്കി ലോറിയിലാണ് ഇവയെല്ലാം ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്.
Also Read

ഫ്ളാറ്റിലെ കിടപ്പുമുറിയിലും കുളിമുറിയിലും അടക്കം നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനുപുറമേ ആറുകിലോയുടെ സ്വര്‍ണക്കട്ടികളും വെള്ളിനാണയങ്ങളും ഭൂമിയിടപാടുകളുടെ രേഖകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ചില സി.ഡി.കളും ഇ.ഡി. അധികൃതര്‍ ഫ്ളാറ്റില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ബെല്‍ഘാരിയയിലെ ക്ലബ് ടൗണില്‍ അര്‍പ്പിത മുഖര്‍ജിയ്ക്ക് രണ്ട് ഫ്ളാറ്റുകളാണുള്ളത്. ഇ.ഡി. ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയ വിവരമറിഞ്ഞതോടെ സൊസൈറ്റിയിലെ മറ്റു താമസക്കാര്‍ സ്ഥലത്ത് തടിച്ചുകൂടി. റെയ്ഡ് നടക്കുന്നതിനിടെ സൊസൈറ്റിയിലെ താമസക്കാരെ മാത്രമാണ് വളപ്പിനുള്ളിലേക്ക് ഉദ്യോഗസ്ഥര്‍ കടത്തിവിട്ടത്. നോട്ടുകെട്ടുകളുടെ കൂമ്പാരം കണ്ട് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്ന താമസക്കാരും ഞെട്ടിപ്പോയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതിനിടെ, അധ്യാപകനിയമന കുംഭകോണവുമായി ബന്ധപ്പെട്ട് അര്‍പ്പിത മുഖര്‍ജിയെയും മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെയും ചോദ്യംചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച ഇരുവരെയും ഓഗസ്റ്റ് മൂന്ന് വരെ ഇ.ഡി. കസ്റ്റഡിയില്‍ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
ചോദ്യംചെയ്യലുമായി അര്‍പ്പിത മുഖര്‍ജി സഹകരിക്കുന്നുണ്ടെന്നാണ് ഇ.ഡി. അധികൃതര്‍ നല്‍കുന്നവിവരം. കഴിഞ്ഞദിവസം ചോദ്യംചെയ്യലിനിടെ അര്‍പ്പിത മുഖര്‍ജി പലതവണ പൊട്ടിക്കരഞ്ഞു. അമ്മയുടെയും മുത്തശ്ശിയുടെയും കാര്യങ്ങള്‍ പറഞ്ഞാണ് നടി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത്. തന്റെ ഫ്ളാറ്റുകള്‍ ഒരു മിനി ബാങ്കായാണ് മന്ത്രി പാര്‍ഥ ചാറ്റര്‍ജി ഉപയോഗിച്ചിരുന്നതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇതുവരെ പിടികൂടിയത് 50 കോടി രൂപ...
അര്‍പ്പിതയുടെ സൗത്ത് കൊല്‍ക്കത്തയിലെ ഫ്ളാറ്റില്‍ ആദ്യ റെയ്ഡില്‍ കണ്ടെത്തിയത്:-
21 കോടി രൂപയുടെ നോട്ടുകെട്ടുകള്‍
70 ലക്ഷം രൂപയുടെ സ്വര്‍ണം
50 ലക്ഷം രൂപയുടെ വിദേശകറന്‍സി
20 മൊബൈല്‍ ഫോണുകള്‍
രണ്ടാമത്തെ ഫ്ളാറ്റില്‍നിന്ന് പിടികൂടിയത്:-
28 കോടി രൂപയുടെ നോട്ടുകെട്ടുകള്‍
സ്വര്‍ണക്കട്ടികള്‍ ഉള്‍പ്പെടെ ആറ് കിലോ സ്വര്‍ണം
പാര്‍ഥ ചാറ്റര്‍ജിയുടെ വീട്ടില്‍നിന്ന് പിടികൂടിയത്:-
ഹാര്‍ഡ് ഡിസ്ക്, മൊബൈല്‍ ഫോണ്‍
സ്കൂളുകളിലെ ഗ്രൂപ്പ് ഡി ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍
ഉദ്യോഗാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍
13 ധാരണപത്രങ്ങള്‍, ഇതില്‍ ചിലത് അര്‍പ്പിത മുഖര്‍ജിയുമായി ബന്ധപ്പെട്ടവയാണ്. 2012 മുതലുള്ള ധാരണാപത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതായാണ് വിവരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..