Screengrab: Mathrubhumi News
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയില്‍നിന്ന് അഞ്ചുകിലോ സ്വര്‍ണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. മലപ്പുറം സ്വദേശി അബൂബക്കര്‍ പഴയിടത്തിന്റെ ജൂവലറിയില്‍നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടുകെട്ടിയത്. മൂന്നുലക്ഷം രൂപയും ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്.
അബൂബക്കറുമായി ബന്ധപ്പെട്ട മലപ്പുറത്തെ നാല് കേന്ദ്രങ്ങളിലാണ് കഴിഞ്ഞദിവസം റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി. ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പിടിച്ചെടുത്തത് കടത്തുസ്വര്‍ണമല്ലെന്നും എന്നാല്‍ കള്ളക്കടത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണമാണെന്നും ഇ.ഡി. അധികൃതര്‍ പറഞ്ഞു.
സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവര്‍ ഉള്‍പ്പെട്ട നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണ് അബൂബക്കറും. സരിത്തുമായി ഇയാള്‍ക്ക് ഉറ്റബന്ധമാണുള്ളത്. നയതന്ത്ര സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ചവരില്‍ പ്രധാനിയുമായിരുന്നു. കോണ്‍സുലേറ്റ് വഴി സ്വര്‍ണക്കടത്ത് നടത്തിയതായി അബൂബക്കറും സമ്മതിച്ചിട്ടുണ്ട്. ഈ കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇ.ഡി. പരിശോധന നടത്തിയത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍, അനധികൃത സമ്പാദ്യം തുടങ്ങിയവയാണ് ഇ.ഡി. പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വപ്ന സുരേഷ്, സരിത്ത് തുടങ്ങിയവരുടെ വസ്തുവകകളും ഇ.ഡി. കണ്ടുകെട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് മറ്റുപ്രതികളുടെ സ്വത്ത് സംബന്ധിച്ചും അന്വേഷണം തുടരുന്നത്.
Content Highlights: ed seized five kg gold from aboobacker's jewellery malappuram gold smuggling case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..