Screengrab: Mathrubhumi News
കൊച്ചി: നയതന്ത്രസ്വര്‍ണക്കടത്ത് കേസില്‍ അവിഹിതമായ ഇടപെടല്‍ നടത്തിയ ഷാജ് കിരണും സുഹൃത്ത് ഇബ്രായിയും നിര്‍ണായക മൊബൈല്‍ ഫോണ്‍രേഖകള്‍ നശിപ്പിച്ചെന്ന് സംശയം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും ക്രൈംബ്രാഞ്ചിന് സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് ഇരുവരും മറുപടി നല്‍കിയത്.
എന്നാല്‍, ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചില്‍നിന്നുള്ള രസീതി ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. പരിശീലനം ലഭിച്ചതുപോലെയാണ് ചോദ്യങ്ങള്‍ക്കെല്ലാം ഇരുവരും മറുപടി നല്‍കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഒരാഴ്ചയ്ക്കുശേഷം ഇരുവരെയും വീണ്ടും ചോദ്യംചെയ്യുമെന്ന് ഇ.ഡി. വ്യക്തമാക്കി.
നയതന്ത്രസ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാനെന്ന രീതിയില്‍ സ്വപ്നയുമായി നടത്തിയ സംഭാഷണം വിവാദമായതിനെത്തുടര്‍ന്ന് കേരളത്തിനു പുറത്തേക്ക് ഇരുവരും യാത്ര ചെയ്തത് ഫോണ്‍രേഖകള്‍ തിരിച്ചെടുക്കാനാകാത്ത വിധം നശിപ്പിക്കാനാണെന്നും അന്വേഷണസംഘം സംശയിക്കുന്നു.
അതിനിടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനക്കേസില്‍ ഷാജ് കിരണിനെ പോലീസ് അന്വേഷണസംഘം മാപ്പുസാക്ഷിയാക്കിയേക്കും. കേസിന് ബലം നല്‍കാന്‍ ഷാജ് കിരണിന്റെ രഹസ്യമൊഴി കോടതിയില്‍ സമര്‍പ്പിക്കാനും സാധ്യതയുണ്ട്.
വിജിലന്‍സ് ഡയറക്ടറായിരുന്ന എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍, ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാഖ്റെ എന്നിവരുമായി ഷാജ് കിരണ്‍ നിരന്തരം ബന്ധപ്പെട്ടതായി സ്വപ്നാ സുരേഷ് ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച ഫോണ്‍രേഖകള്‍ ഷാജില്‍നിന്നും ലഭിക്കാനുണ്ട്.സ്വപ്നയുമായി വാട്സാപ്പില്‍ ഉള്‍പ്പെടെ മെസേജുകള്‍ അയച്ചിരുന്നതും കണ്ടെത്തേണ്ടതുണ്ട്.
സ്വപ്ന പുറത്തുവിട്ട ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്നും ഇതിനാലാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയതെന്നുമാണ് ഷാജ് കിരണ്‍ ഇ.ഡി.ക്ക് നല്‍കിയ മൊഴി. സ്വപ്നയുടെ യഥാര്‍ഥസംഭാഷണം ഇബ്രായിയുടെ ഫോണിലുണ്ടെന്നും മൊഴി നല്‍കിയിരുന്നു.
Content Highlights: ed interrogated shaj kiran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..