കോടികള്‍ പണമായും സമ്മാനങ്ങളായും സ്വീകരിച്ചു, സുകേഷിനെ കുറിച്ച് ജാക്വിലിന് എല്ലാമറിയാമെന്ന് ഇ.ഡി


Jacqueline Fernandez|Sukesh Chandrashekhar | Photo: ANI| Mathrubhumi

ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖര്‍ നടത്തിയിരുന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് അറിവുണ്ടായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). തനിക്കൊന്നും അറിയില്ലെന്ന് രീതിയില്‍ ജാക്വിലിന്‍ കഥകള്‍ മെനഞ്ഞത് അന്വേഷണത്തില്‍ നിന്ന് രക്ഷപെടാനാണെന്നും ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നു. തനിക്ക് സുകേഷിന്റെ കേസുകളെ കുറിച്ചും തട്ടിപ്പുകളെ കുറിച്ചും അറിയില്ലായിരുന്നുവെന്ന നടിയുടെ വാദം ശരിയല്ലെന്നും ഇ.ഡി പറയുന്നു

സുകേഷിന്റെ പേരിലുള്ള കേസുകളെ കുറിച്ചും ഒപ്പം ലീന മരിയ പോള്‍ സുകേഷിന്റെ ഭാര്യയാണെന്ന വിവരവും ജാക്വിലിന് അറിയാമായിരുന്നു. ക്രിമിനല്‍ കേസുകളുള്ള ആളാണ് സുകേഷ് എന്നറിഞ്ഞ ശേഷമാണ് നടി സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. ജാക്വിലിന്റെ ഹെയര്‍ സ്റ്റൈലിസ്റ്റായ ഷാന്‍ 2021 ഫെബ്രുവരിയില്‍ സുകേഷിന്റെ ചരിത്രം അറിയിച്ചെങ്കിലും ഇത്‌ കാര്യമാക്കാതെയാണ് ജാക്വിലിന്‍ ഇടപാടുകളുമായി മുന്നോട്ട് പോയത്.

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളാണെന്ന് അറിഞ്ഞിട്ടും ബന്ധം തുടരുകയും സമ്മാനങ്ങള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ജാക്വിലിനെ ഇ.ഡി പ്രതി ചേര്‍ത്തിരുന്നു. സുകേഷില്‍ നിന്ന് സ്വര്‍ണാഭരണശേഖരവും, 65 ജോഡി ചെരുപ്പ്, 47 വസ്ത്രങ്ങള്‍, 32 ബാഗുകള്‍, 4 ഹാന്‍ഡ്ബാഗുകള്‍, ഒന്‍പത് പെയ്ന്റിങുകള്‍, വിലകൂടിയ പാത്രങ്ങള്‍ എന്നിവ സമ്മാനമായി സ്വീകരിച്ചിരുന്നുവെന്ന് ജാക്വിലിന്‍ സമ്മതിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.

2021 ഏപ്രിലില്‍ നടിയുടെ രക്ഷകര്‍ത്താക്കള്‍ക്ക് രണ്ട് കാറുകള്‍ സുകേഷ് സമ്മാനിച്ചുവെന്നും എന്നാല്‍ ചോദ്യംചെയ്യലില്‍ ഇക്കാര്യം നടി തുറന്ന് പറഞ്ഞിരുന്നില്ലെന്നും ഇ.ഡി പറയുന്നു. കൃത്യമായ തെളിവുകള്‍ നിരത്തിയ ശേഷം ചോദ്യം ചെയ്തപ്പോഴാണ് ശ്രീലങ്കയിലെ വെല്‍ഗാനയില്‍ സുകേഷ് തനിക്ക് ഭൂമി വാങ്ങി നല്‍കിയെന്ന കാര്യം ജാക്വിലിന്‍ സമ്മതിച്ചത്. സുകേഷിന്റെ തട്ടിപ്പ് കേസും തിഹാര്‍ ജയിലില്‍ കഴിഞ്ഞ പ്രതിയാണെന്ന്‌ അറിഞ്ഞിട്ടും നടി തട്ടിപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവെന്നാണ് ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നത്.

താന്‍ സുകേഷിന്റെ തട്ടിപ്പിന് ഇരയായിയെന്നും കബളിപ്പിക്കപ്പെട്ടുവെന്നുമാണ് നടി അന്വേഷണത്തിലുടനീളം പറഞ്ഞിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു രേഖകളും ഹാജരാക്കാന്‍ നടിക്ക് കഴിഞ്ഞില്ല. അതിനിടെ തന്റെ ഫോണില്‍ നിന്ന് നടി നിര്‍ണായക രേഖകള്‍ നശിപ്പിച്ചതും അന്വേഷണ സംഘം കണ്ടെത്തി. സുകേഷില്‍ നിന്ന് 7.12 കോടി രൂപ നടി കൈപ്പറ്റിയതായും കുറ്റപത്രത്തില്‍ പറയുന്നു. അമേരിക്കയിലുള്ള നടിയുടെ സഹോദരിക്ക് 1.26 കോടിയും ഓസ്‌ട്രേലിയയിലുള്ള സഹോദരന് 15 ലക്ഷവും മൊത്തം 5.71 കോടിയുടെ സമ്മാനങ്ങളും കൈപ്പറ്റിയെന്നും ഇ.ഡി പറയുന്നു.

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കണ്ടുകെട്ടിയിരുന്നു. സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു ഇ.ഡി.യുടെ നടപടി. നടിയുടെ പേരിലുള്ള 7.12 കോടി രൂപയുടെ സ്ഥിരനിക്ഷേപവും ജാക്വിലിന് വേണ്ടി ഒരു തിരക്കഥാകൃത്തിന് സുകേഷ് നല്‍കിയ 15 ലക്ഷം രൂപയുമാണ് ഇ.ഡി. കണ്ടുകെട്ടിയത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായതിന് പിന്നാലെയാണ് സുകേഷ് ചന്ദ്രശേഖറും ജാക്വിലിന്‍ ഫെര്‍ണാണ്ടസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം കണ്ടെത്തിയത്. തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍നിന്ന് ഏകദേശം 5.71 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രതി നടിക്ക് നല്‍കിയിരുന്നതായും ഇ.ഡി. കണ്ടെത്തിയിരുന്നു. സുകേഷില്‍നിന്ന് ഒന്നരലക്ഷം ഡോളറും വിവിധ സമ്മാനങ്ങളും ലഭിച്ചതായി ചോദ്യംചെയ്യലില്‍ നടിയും സമ്മതിച്ചു.

ഒമ്പത് ലക്ഷം രൂപ വിലയുള്ള പേര്‍ഷ്യന്‍ പൂച്ചയും 52 ലക്ഷത്തിന്റെ കുതിരയും ആഭരണങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഒരു മിനി കൂപ്പര്‍ കാര്‍ സുകേഷ് സമ്മാനിച്ചിരുന്നെങ്കിലും ഇത് പിന്നീട് തിരികെ നല്‍കിയെന്നായിരുന്നു നടിയുടെ മറുപടി. എന്നാല്‍ തങ്ങള്‍ രണ്ടുപേരും പ്രണയത്തിലാണെന്നും ജാക്വിലിന് നല്‍കിയ സമ്മാനങ്ങള്‍ ഒരു കാമുകിയ്ക്ക് നല്‍കിയ ഉപഹാരങ്ങള്‍ മാത്രമാണെന്നും ജയിലില്‍നിന്നയച്ച കത്തിലൂടെ സുകേഷ് പ്രതികരിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാക്വിലിന് പങ്കില്ലെന്നും നടിക്കും അവരുടെ ബന്ധുക്കള്‍ക്കും സമ്മാനങ്ങള്‍ നല്‍കിയത് സാധാരണ കാര്യം മാത്രമാണെന്നുമാണ് ഇയാളുടെ അവകാശവാദം.
ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും നടിയുമായ ലീന മരിയ പോളും കേസില്‍ പിടിയിലായിരുന്നു.

Content Highlights: jacqueline fernandez, ed, charge sheet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented