Photo: Twitter.com/ANI
കൊല്‍ക്കത്ത: മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ കൊല്‍ക്കത്തയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ റെയ്ഡ്. കൊല്‍ക്കത്തയിലെ വ്യവസായിയായ ആമിര്‍ ഖാന്‍ എന്നയാളുമായി ബന്ധപ്പെട്ട ആറുകേന്ദ്രങ്ങളിലാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്.
റെയ്ഡില്‍ ഇതുവരെ ഏഴുകോടിയോളം രൂപയും വിവിധ രേഖകളും പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും റെയ്ഡ് തുടരുകയാണ്. പിടിച്ചെടുത്ത പണം എണ്ണിതിട്ടപ്പെടുത്താനായി നോട്ടെണ്ണല്‍ യന്ത്രങ്ങളും ഇവിടങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.
ഇ-നഗറ്റ്‌സ് എന്ന പേരിലുള്ള മൊബൈല്‍ ഗെയിമിങ് ആപ്പ് നിര്‍മിച്ച് ആമിര്‍ ഖാന്‍ അടക്കമുള്ളവര്‍ നിരവധി പേരില്‍നിന്ന് പണം തട്ടിയെന്നാണ് ആരോപണം. ഇയാള്‍ക്കെതിരേ കള്ളപ്പണ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയിലാണ് ആമിര്‍ ഖാന്‍ അടക്കമുള്ളവരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനുപിന്നാലെയാണ് ഇയാളുടെ വീട്ടിലും മറ്റിടങ്ങളിലും ഇ.ഡി.യുടെ റെയ്ഡ് ആരംഭിച്ചത്.
ആപ്പില്‍ പണം നിക്ഷേപിക്കുന്ന ഉപഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ പാരിതോഷികങ്ങളും കമ്മിഷനും നല്‍കിയാണ് ഇ-നഗറ്റ്‌സ് തട്ടിപ്പിന് തുടക്കമിടുന്നതെന്ന് ഇ.ഡി. അധികൃതര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ വാലറ്റില്‍ ലഭിക്കുന്ന ഈ പണം ഉപഭോക്താക്കള്‍ക്ക് പിന്‍വലിക്കാന്‍ കഴിയും. ഇതോടെ ഉപഭോക്താക്കള്‍ കൂടുതല്‍ പണം ആപ്പില്‍ നിക്ഷേപിക്കും. വലിയ കമ്മിഷനും മറ്റും ലക്ഷ്യമിട്ടാണ് കൂടുതല്‍ പണം നിക്ഷേപിക്കുന്നത്. എന്നാല്‍ ഇതിനുപിന്നാലെ വാലറ്റില്‍നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥയാകും. ഇതോടെയാണ് തട്ടിപ്പില്‍ കുടുങ്ങിയതായി ഉപഭോക്താക്കള്‍ തിരിച്ചറിയുകയെന്നും അധികൃതര്‍ പറഞ്ഞു.
Content Highlights: e nuggets mobile gaming app fraud ed raids in kolkata
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..