Screengrab: Youtube.com|JAIGURU SUJITH & Instagram|e_bull_jet
കണ്ണൂര്‍: ആര്.ടി. ഓഫീസില്‍ പ്രശ്നങ്ങളുണ്ടാക്കിയ കേസില്‍ അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം. ഇരിട്ടി സ്വദേശികളായ എബിന്, ലിബിന് എന്നിവര്‍ക്കാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം നല്‍കിയത്.
അതിനിടെ, ഇവരുടെ വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കുന്നതിനുള്ള നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുപോവുകയാണ്. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിനാണ് രജിസ്ട്രേഷന് റദ്ദാക്കുന്നത്. ഇതിന്റെ മുന്നോടിയായി ആര്.സി. ഉടമയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് യൂട്യൂബ് വ്ളോഗര്‍മാരായ എബിനും ലിബിനും കണ്ണൂര്‍ ആര്.ടി. ഓഫീസില്‍ പ്രശ്നങ്ങളുണ്ടാക്കിയത്. അനധികൃതമായി രൂപമാറ്റം വരുത്തിയതിനും നികുതി അടയ്ക്കാത്തതിനും ഇവരുടെ 'നെപ്പോളിയന്' എന്ന പേരിലുള്ള ടെംപോ ട്രാവലര്‍ കാരവന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെ ആര്.ടി. ഓഫീസില്‍ അതിക്രമിച്ചുകയറിയ ഇരുവരും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഓഫീസിലെ ഉപകരണങ്ങള്‍ നശിപ്പിച്ചതായും പരാതിയിലുണ്ടായിരുന്നു. മാത്രമല്ല, ഓഫീസില്‍നിന്ന് ഫെയ്സ്ബുക്ക് ലൈവും ചെയ്തു. ഇത് കണ്ട് നിരവധി യുവാക്കളാണ് ഓഫീസ് പരിസരത്ത് തടിച്ചുകൂടിയത്.
ആര്.ടി. ഓഫീസിലെ ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇരുവരെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരില്‍ കേസെടുത്തത്. ആറുമാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പോലീസ് ആക്ടിലെ സാംക്രമികരോഗനിയന്ത്രണ നിയമപ്രകാരവും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് മുന്നിലും പരിസരത്തും കൂടിനിന്ന് ബഹളമുണ്ടാക്കിയ ഇവരുടെ ആരാധകരായ 24 പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
Content Highlights: e bull jet brothers gets bail from kannur court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..