ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ കയറി മുദ്രാവാക്യം മുഴക്കുന്നു.
തേഞ്ഞിപ്പലം(കോഴിക്കോട്):മിശ്രവിവാഹത്തര്‍ക്കം പരിഹരിക്കാന്‍ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലെത്തിയ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവ് സ്റ്റേഷന്‍ ഓഫീസറോട് അപമര്യാദയായി പെരുമാറിയതായി പരാതി. അറസ്റ്റിലായ മേഖലാ ഭാരവാഹി ഹണിലാലിന് ഒപ്പമുണ്ടായിരുന്നവര്‍ സി.ഐ. എന്‍.ബി. ഷൈജുവിനെ കൈയേറ്റം ചെയ്തതായും പോലീസ് പറഞ്ഞു. സി.ഐ.യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ചയാണ് സ്റ്റേഷനില്‍ സംഘര്‍ഷമുണ്ടായത്. ഇതിനാസ്പദമായ സംഭവമുണ്ടായത് കഴിഞ്ഞമാസം 24-നും. വിവാഹം നടത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കല്‍ സ്വദേശിയായ യുവാവും തേഞ്ഞിപ്പലം സ്വദേശിയായ യുവതിയും പോലീസ് സ്റ്റേഷനിലെത്തി. പിന്നാലെ യുവതിയുടെ മാതാവും ബന്ധുക്കളും അവിടെയെത്തി. ആരുടെ കൂടെ പോകാനാണ് താത്പര്യം എന്നു ചോദിച്ചപ്പോള്‍ കാമുകന്റെ കൂടെയെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതുകേട്ട് യുവതിയുടെ മാതാവ് മോഹാലസ്യപ്പെട്ടു വീണു. ആശുപത്രിയില്‍ അമ്മയെക്കാണാന്‍പോയ പെണ്‍കുട്ടിയെ വീട്ടുകാര്‍ വിട്ടില്ലെന്നാണ് പരാതി. ഈ പ്രശ്‌നം സംസാരിക്കാനാണ് തിങ്കളാഴ്ച ഹണിലാല്‍ യുവാവിനോടൊപ്പം സ്റ്റേഷനിലെത്തിയത്.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന്റെ പേരില്‍ ഹണിലാലിനെ അറസ്റ്റുചെയ്ത വിവരം പുറത്തറിഞ്ഞതോടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സംഘടിച്ച് സ്റ്റേഷനിലെത്തി. വിവരമറിഞ്ഞെത്തിയ കൊണ്ടോട്ടി ഡിവൈ.എസ്.പി. കെ. അഷ്‌റഫ് സി.പി.എം. നേതാക്കളുമായി സംസാരിക്കുന്നതിനിടയില്‍ രാത്രി പതിനൊന്നുമണിയോടെ, ജാമ്യത്തിലിറങ്ങിയ ഹണിലാലിനൊപ്പമുണ്ടായിരുന്ന മൂന്നു പേര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിനെ കൈയേറ്റം ചെയ്‌തെന്നാണ് പോലീസ് പറയുന്നത്.
സ്റ്റേഷന്‍ വളപ്പില്‍ തമ്പടിച്ച പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് ഇരച്ചുകയറി മുദ്രാവാക്യം മുഴക്കി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സി.പി.എം. നേതാക്കളും പോലീസും ഇടപെട്ട് പ്രവര്‍ത്തകരെ പുറത്താക്കി. തുടര്‍ന്ന് സി.ഐ. ഷൈജു ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഹണിലാലിന്റെയും സി.ഐ.യെ കൈയേറ്റം ചെയ്തതിനു മൂന്നുപേരുടെയും സ്റ്റേഷനില്‍ അതിക്രമിച്ച് കയറി ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന്ന് 20 പേരുടെയും പേരില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.
Content Highlights: dyfi leader arrested for misbehaving with ci


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..