കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാജീവനക്കാരെ മർദിച്ച കേസിലെ കെ. അരുൺ ഉൾപ്പെടെയുള്ള പ്രതികൾ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം പി. നിഖിലിനും (ഇടതുനിന്ന് മൂന്നാമത്) ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി പി.സി. ഷൈജുവിനുമൊപ്പം (മുൻനിരയിൽ ഇടത്തുനിന്ന് ഒന്നാമത്) നടക്കാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയപ്പോൾ
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ കോടതി ഡിഐഎഎഫ്‌ഐക്കാരുടെ ജാമ്യം നിഷേധിച്ചതോടെ നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാനെത്തുമ്പോഴും അകമ്പടിയായി പോലീസുകാരുണ്ടായിരുന്നു. ജീപ്പില്‍ സിറ്റി കണ്‍ട്രോള്‍ റൂമിലെ പോലീസുകാരും മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ എം.എല്‍. ബെന്നി ലാലുവും ഒപ്പമുണ്ടായിരുന്നു. എന്നിട്ടും പ്രതികള്‍ സ്റ്റേഷനിലെത്തുമ്പോള്‍ മാധ്യമങ്ങളെ ഒഴിവാക്കാനുള്ള ശ്രമങ്ങളായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. എവിടെയാണ് കീഴടങ്ങുന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്ന് നടക്കാവ് പോലീസും മെഡിക്കല്‍ കോളേജ് പോലീസും മാധ്യമപ്രതിനിധികളോട് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45-നാണ് ഇവരെത്തിയത്. മൂന്നുമിനിറ്റിന്റെ വ്യത്യാസത്തില്‍ തൊട്ടുപിന്നാലെ മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലും കണ്‍ട്രോള്‍ റൂം പോലീസുകാരും വന്നു. സ്റ്റേഷനില്‍ കീഴടങ്ങിയവര്‍ വന്നപ്പോള്‍ സി.പി.എം. ജില്ലാകമ്മിറ്റിയംഗം പി. നിഖിലുമുണ്ടായിരുന്നു. പ്രതികളെ നടക്കാവ് സ്റ്റേഷനില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് നിഖില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതും കാണാമായിരുന്നു. കീഴടങ്ങലിലും പോലീസിന്റെ ഭാഗത്തുനിന്ന് നാടകീയനീക്കങ്ങളായിരുന്നു. അവസാനനിമിഷംവരെ പ്രതികള്‍ എവിടെയാണ് കീഴടങ്ങുന്നതെന്ന് വെളിപ്പെടുത്താതിരിക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്.
കീഴടങ്ങിയത് അഞ്ചു പ്രതികള്‍
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ മര്‍ദിച്ച കേസില്‍ പ്രതികളായ അഞ്ച് ഡി.വൈ.എഫ്.ഐ.-സി.പി.എം. പ്രവര്‍ത്തകരും കീഴടങ്ങി. ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ഉച്ചയ്ക്ക് ചൊവ്വാഴ്ച 2.45-നാണ് പ്രതികള്‍ നടക്കാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ജില്ലയിലെ പ്രമുഖ സി.പി.എം.-ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കൊപ്പമാണ് ഇവര്‍ കീഴടങ്ങാനെത്തിയത്.
കേസില്‍ ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ സി.പി.എം. കോഴിക്കോട് ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയന്റ് സെക്രട്ടറിയുമായ കെ. അരുണ്‍ (34), ഡി.വൈ.എഫ്.ഐ. മെഡിക്കല്‍ കോളേജ് മേഖലാ സെക്രട്ടറി എം.കെ. അശ്വിന്‍ (24), സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം കെ. രാജേഷ് (43), ഡി.വൈ.എഫ്.ഐ. മെഡിക്കല്‍ കോളേജ് മേഖലാ പ്രസിഡന്റ് മുഹമ്മദ് ഷബീര്‍ (33) മായനാട്, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ സജിന്‍ (20) എന്നിവരാണ് കീഴടങ്ങിയത്. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം പി. നിഖില്‍, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി പി.സി. ഷൈജു തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് ഉച്ചതിരിഞ്ഞ് 2.45-ന് ഇവര്‍ നടക്കാവ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സ്റ്റേഷനിലേക്കുമാറ്റിയ പ്രതികളെ വൈകീട്ട് ഏഴുമണിക്കുശേഷമാണ് ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധയ്ക്ക് കൊണ്ടുപോയത്. തുടര്‍ന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഓഗസ്റ്റ് 31-നാണ് രക്ഷാജീവനക്കാര്‍ക്ക് ക്രൂരമര്‍ദനമേറ്റത്. സൂപ്രണ്ടിനെ കാണണമെന്നാവശ്യപ്പെട്ട് അകത്തുകടക്കാന്‍ ശ്രമിച്ച ദമ്പതിമാരെ തടഞ്ഞതിനൊച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആളുകളെ വിളിച്ചുവരുത്തി നരിക്കുനി പുന്നശ്ശേരി കട്ടയാട്ട് ദിനേശന്‍ (61), ബാലുശ്ശേരി തുരുത്തിയാട് കെ.എ. ശ്രീലേഷ് (42), കുറ്റ്യാടി രവീന്ദ്രപണിക്കര്‍ (53) എന്നീ സുരക്ഷാജീവനക്കാരെ ആക്രമിക്കുകയായിരുന്നു.
അക്രമം ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമം പത്രത്തിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി. ഷംസുദ്ദീനും രോഗിയുടെ കൂട്ടിരിപ്പുകാരനും മര്‍ദനമേറ്റിരുന്നു. മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
സംഭവത്തില്‍ ആദ്യംമുതലേ പോലീസ് മെല്ലെപ്പോക്ക് സമീപനമായിരുന്നു സ്വീകരിച്ചത്. സംഘത്തിനൊപ്പമുണ്ടായിരുന്ന യുവതിയുടെ പരാതിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം, മര്‍ദിക്കല്‍, തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി സുരക്ഷാജീവനക്കാരന്റെ പേരില്‍ അന്നുതന്നെ കേസെടുത്തെങ്കിലും അക്രമിസംഘത്തിലെ ആളുകളെ തിരിച്ചറിഞ്ഞിട്ടും കണ്ടാലറിയാവുന്നവരുടെ പേരിലാണ് ആദ്യദിവസം കേസെടുത്തത്. ജീവനക്കാരുടെ സംഘടനകളടക്കം സമരരംഗത്തെത്തിയതോടെയാണ് പിന്നീട് ഡി.വൈ.എഫ്.ഐ. നേതാക്കളുടെ പേര്‍ ചേര്‍ത്ത് കേസെടുത്തത്. കേസില്‍ നിഖില്‍ സോമന്‍ (26), ജിതിന്‍ലാല്‍ (25) എന്നിവരെക്കൂടി ഇനി പിടികിട്ടാനുണ്ട്.
ചൊവ്വാഴ്ച രാവിലെ തുടങ്ങിയ സസ്‌പെന്‍സ്
ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ മര്‍ദിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ അടുത്ത ചുവട് എന്തെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആശുപത്രി ജീവനക്കാരും മാധ്യമങ്ങളും. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി നാടെങ്ങും കണ്ടിരുന്നു. രാവിലെ പതിനൊന്നരയോടെ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ, പ്രതികള്‍ കോടതിയിലോ പോലീസ് സ്റ്റേഷനിലോ കീഴടങ്ങുമെന്നും അല്ലെങ്കില്‍ അറസ്റ്റ് നടക്കുമെന്നും തുടങ്ങിയ സംശയങ്ങളായിരുന്നു ഉയര്‍ന്നത്. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ കുന്ദമംഗലം കോടതിയുടെ പരിധിയിലായതിനാല്‍ അവിടെയാവുമെന്നായിരുന്നു ആദ്യ സംശയം. പോലീസില്‍ത്തന്നെയാണ് കീഴടങ്ങുകയെന്ന് ഉച്ചയോടെ വാര്‍ത്തയെത്തി. മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ ദൃശ്യമാധ്യമങ്ങളുള്‍പ്പെടെ എല്ലാ മാധ്യമങ്ങളും അണിനിരന്നു. അതിനിടെ നടക്കാവ് സ്റ്റേഷനിലാണെന്ന് വിവരം ലഭിക്കുന്നു. കുറെ ദൃശ്യമാധ്യമങ്ങള്‍ അവിടേക്ക് കുതിക്കുന്നു. പിന്നെ നടക്കാവ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതികളെ മെഡിക്കല്‍ കോളേജ് സ്റ്റേഷനിലേക്ക് കൊണ്ടുവരുകയായിരുന്നു. മൂന്നരമണിയോടെയാണ് പ്രതികളുമായി പോലീസ് വാഹനങ്ങള്‍ സ്റ്റേഷനിലെത്തുന്നത്. സ്റ്റേഷന്‍പരിസരത്തും റോഡിലും ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. എന്നാല്‍, ആര്‍ക്കും പ്രതികളെ കാണാന്‍ സാധിച്ചില്ല. അതിനിടെ അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്താനിരുന്ന യൂത്ത് ലീഗും ജാമ്യം നിഷേധിച്ച ജഡ്ജിക്ക് അഭിവാദ്യമര്‍പ്പിച്ച് സെക്യൂരിറ്റി ജീവനക്കാരും നടത്താനിരുന്ന പ്രകടനങ്ങള്‍ മാറ്റി.
പ്രതികളെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ജീപ്പിലും കണ്‍ട്രോള്‍ റൂം വാഹനത്തിലുമായി നടക്കാവുനിന്നും മലാപ്പറമ്പ്, ചേവരമ്പലം, മുണ്ടിക്കല്‍താഴം ബൈപ്പാസിലൂടെയാണ് മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെത്തിച്ചത്. പോലീസ് വാഹനം സ്റ്റേഷന്റെ കവാടത്തിനുമുന്നില്‍ നിര്‍ത്തി. ചാനല്‍ക്യാമറകള്‍ ഫോട്ടോയെടുക്കുന്നതിനിടയില്‍ പോലീസ് പ്രതികളെ സ്റ്റേഷനകത്തേക്ക് കയറ്റി ഗേറ്റ് അടച്ചു. പ്രതികളെ സ്റ്റേഷനിലെത്തിക്കുന്നതിന് പത്തുമിനിറ്റുകള്‍ക്കുമുമ്പേ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐ.യുടെയും ലോക്കല്‍, ഏരിയാ നേതാക്കള്‍ സ്റ്റേഷനിലെത്തിയിരുന്നു.
നേതാക്കള്‍ പോലീസ് സ്റ്റേഷനകത്തുപോയി പ്രതികളെ സന്ദര്‍ശിക്കുകയും പുറത്തുനിന്ന് ഭക്ഷണമെത്തിച്ച് നല്‍കുകയുംചെയ്തു. ഏറെനേരം നീണ്ടുനിന്ന സന്ദര്‍ശനമായിരുന്നു നേതാക്കളുടേത്. ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിക്കുശേഷമാണ് പ്രതികളെ സ്റ്റേഷനില്‍നിന്ന് ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: DYFI Activists surrender before police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..