തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം | ഫോട്ടോ: www.facebook.com/ThiruvananthapuramAirport/photos
തിരുവനന്തപുരം: 'ഞാനെന്താ ബാഗില്‍ ബോംബ് വെച്ചിരിക്കുകയാണോ' എന്ന് ചോദിച്ച യാത്രക്കാരനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് വലിയതുറ പോലീസിന് കൈമാറി. മദ്യലഹരിയിലെത്തിയ വെഞ്ഞാറമൂട് സ്വദേശിയെയാണ് സുരക്ഷാസേനയായ സി.ഐ.എസ്.എഫ്. കമാന്‍ഡോകള്‍ തടഞ്ഞുവെച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.45-നായിരുന്നു സംഭവം.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു ഇയാള്‍. പരിശോധനയ്‌ക്കെത്തിയ ഇയാളോട് ചെക്ക്-ഇന്‍-കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരന്‍ ബാഗില്‍ എന്തൊക്കെയുണ്ടെന്ന് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായാണ് യാത്രക്കാരന് നാവുപിഴച്ചത്.
കൗണ്ടറിലെ ജീവനക്കാരന്‍ വിവരം ടെര്‍മിനല്‍ മാനേജരെ അറിയിച്ചു. തുടര്‍ന്ന് സി.ഐ.എസ്.എഫ്. കമാന്‍ഡോകളും ബോംബ് സ്‌ക്വാഡും കൗണ്ടറിലെത്തി ഇയാളെ തടഞ്ഞുവെച്ചു. ബാഗ് പരിശോധിച്ചപ്പോള്‍ വസ്ത്രങ്ങളുള്‍പ്പെട്ടവയാണ് ബാഗിലുണ്ടായിരുന്നതെന്ന് സി.ഐ.എസ്.എഫ്. അധികൃതര്‍ പറഞ്ഞു.
ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇയാളെ വലിയതുറ പോലീസിന് കൈമാറി. ഇതോടെ ഇയാളുടെ യാത്രയും മുടങ്ങി. ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനത്തിനുള്ളില്‍ വീണ്ടും സുരക്ഷാപരിശോധന നടത്തി. വിമാനം വൈകി രാത്രി 8.45-നാണ് യാത്ര ആരംഭിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..