കൊച്ചി പുറംകടലിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് തുറമുഖത്ത് എത്തിച്ചപ്പോൾ(ഇടത്ത്) അറസ്റ്റിലായ വിദേശി (വലത്ത്) ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ/മാതൃഭൂമി
കൊച്ചി: കൊച്ചിയുടെ ആഴക്കടലില്‍ രാജ്യംകണ്ട ഏറ്റവും വലിയ ലഹരിവേട്ട. ഇറാനില്‍നിന്ന് പുറപ്പെട്ട മദര്‍ഷിപ്പില്‍നിന്ന് 2500 കിലോയിലധികം മെത്താംഫെറ്റമിന്‍ എന്ന രാസലഹരിമരുന്ന് നാവികസേനയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍.സി.ബി.) ചേര്‍ന്നു പിടിച്ചെടുത്തു. ഒരു പാകിസ്താന്‍ സ്വദേശിയെ അറസ്റ്റുചെയ്തു. ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 15,000 കോടിയോളം രൂപ വിലവരും. രാജ്യത്ത് ഇതുവരെനടന്ന ഏറ്റവും വിപണിമൂല്യമുള്ള ലഹരിവേട്ടയാണിത്.
ക്രിസ്റ്റല്‍ രൂപത്തിലുള്ള മെത്താംഫെറ്റമിന്‍ 134 ചാക്കുകളില്‍ 2800 ഡബ്ബകളില്‍ അടുക്കിയനിലയിലായിരുന്നു. ഒരു ഡബ്ബയ്ക്ക് ഒരു കിലോയോളം തൂക്കമുണ്ട്.
ഇറാനിലെ മക്രാന്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട് ഇന്ത്യയുടെ സമുദ്രമേഖല വഴിയുള്ള സഞ്ചാരത്തിനിടെയാണ് കപ്പല്‍ പിടിയിലായത്. എന്‍.സി.ബി.ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നാവികസേന കപ്പല്‍ വളഞ്ഞ് ലഹരി കണ്ടെത്തുകയായിരുന്നു.
കപ്പല്‍ ഏതുരാജ്യത്തേതാണെന്നോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ലഹരിമരുന്ന് ഇറാനിലെത്തിച്ച് അവിടെനിന്ന് കടല്‍വഴി കടത്തുന്ന പാകിസ്താന്‍കാരനായ ഹാജി സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നു.
പാകിസ്താനില്‍ ഉത്പാദിപ്പിച്ച് അവിടെ വിതരണം ചെയ്യുന്ന വിവിധ ബസ്മതി അരിക്കമ്പനികളുടെ ചാക്കുകളിലാണ് ലഹരി സൂക്ഷിച്ചിരുന്നത്. അല്‍ ഹുസൈന്‍ എന്ന ബ്രാന്‍ഡിലുള്ള അരിച്ചാക്കുകളാണിത്.
ഉള്‍ക്കടലില്‍ കപ്പല്‍ നിര്‍ത്തിയിട്ടശേഷം ജീവനക്കാര്‍ രഹസ്യവിവരം നല്‍കുന്നതനുസരിച്ച് ബോട്ടുകളിലെത്തി ലഹരിമരുന്ന് കൊണ്ടുപോകുകയാണെന്നാണ് വിവരം.പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ 13-ന് കൊച്ചി തുറമുഖത്തെത്തിച്ചു. കപ്പല്‍ തുറമുഖത്തേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇത്രയും വലിയ കപ്പലില്‍ കൂടുതല്‍പ്പേര്‍ ഉണ്ടായിരുന്നതായി സംശയമുണ്ട്.
ശക്തമായ നിരീക്ഷണം, കപ്പല്‍ വളഞ്ഞു...
കൊച്ചി: വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട നടത്തിയത് വലിയ ആസൂത്രണങ്ങള്‍ക്കൊടുവിലെന്ന് സൂചന. ലഹരിക്കടത്ത് രഹസ്യങ്ങള്‍ കൈമാറുന്നവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടലില്‍ നിരീക്ഷണം ശക്തമാക്കിയ നാവികസേന 15,000 കോടിയുടെ മയക്കുമരുന്നുമായെത്തിയ കപ്പലിനെ വളയുകയായിരുന്നു.
നാവികസേനയുടെ ഇന്റലിജന്‍സ് വിങ്ങിനാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി. പിടികൂടാന്‍ ബുദ്ധിമുട്ടായ കടല്‍പ്പാതയാണ് ലഹരിമരുന്നിന്റെ വിതരണത്തിനായി മദര്‍ഷിപ്പ് നിശ്ചയിച്ചിരുന്നത്. ലഹരിമരുന്നുമായി ഇന്ത്യന്‍ കടലതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിച്ച മദര്‍ഷിപ്പിനെ നാവികസേന വളഞ്ഞു. മദര്‍ഷിപ്പിന് പേരുണ്ടായിരുന്നില്ല. ഒരാള്‍ മാത്രമാണ് പിടിയിലായത് എന്നാണ് എന്‍.സി.ബി. ഔദ്യോഗികമായി പറഞ്ഞതെങ്കിലും കപ്പലില്‍ കൂടുതല്‍പേരുണ്ടായിരുന്നതായും അവര്‍ പിടിയിലായതായുമാണ് വിവരം. പിടിയിലായ ആളുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്താന്‍ എന്‍.സി.ബി. സംഘം തയ്യാറായില്ല. ഇയാളെ പോലീസ് ജീപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പാകെയെത്തിക്കുകയായിരുന്നു. ജീപ്പില്‍ നിന്നിറക്കാതെയാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിച്ചത്.
Content Highlights: drugs worth 15000 crores seized in kochi sea by ncb and navy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..