അറസ്റ്റിലായ പ്രതികൾ.
കാക്കനാട്: തൃക്കാക്കരയില്‍ വീണ്ടും മയക്കുമരുന്നുവേട്ട. കാക്കനാട്ടെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 82 കുപ്പി ഹാഷിഷ് ഓയിലും 11 ഗ്രാം എം.ഡി.എം.എ.യുമായി യുവതി ഉള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് അറസ്റ്റിലായത്.
വഴുതക്കാട് അമൃതഗര്‍ഭ വീട്ടില്‍ ശങ്കരനാരായണന് (23), ആലപ്പുഴ വള്ളികുന്നം കൊല്ലക വീട്ടില്‍ മുഹമ്മദ് സിറാജ് (21), കല്ലമ്പലം ഇര്ഫാന് മന്‍സിലില്‍ റിസ്വാന് (23), ആലപ്പുഴ ചേര്‍ത്തല വടക്കേകന്നത് വീട്ടില്‍ ജിഷ്ണു (22), തേക്കുമുറി പുളിയന്നൂര്‍ ഏഴപ്പറമ്പില്‍ വീട്ടില്‍ അനന്തു (27), ഹരിപ്പാട് ചിങ്ങോട് മൂടോളില്‍ കിഴക്കേതില്‍ വീട്ടില്‍ അഖില്‍ (24), ചാവക്കാട് പിള്ളക്കാട് പുതുവടതയില്‍ വീട്ടില്‍ അന്‍സാരി (23), കോട്ടയം വില്ലൂന്നി തിരുത്താക്കിരി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ കാര്‍ത്തിക (26) എന്നിവരാണ് പിടിയിലായത്.
കാക്കനാട്ടെ ഫ്ളാറ്റില്‍ ലഹരിമരുന്നുപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ വി.യു. കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം നര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസുമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
പിടിതരാതെ കൂറിയര്‍ ലഹരി
കൊച്ചി: കൂറിയര്‍ വഴി കേരളത്തിലേക്കുള്ള ലഹരിവരവില് വന്‍ വര്‍ധന. കോവിഡ് കാലത്താണ് കൂറിയര്‍ വഴിയുള്ള ലഹരിവിപണനം വ്യാപകമായത്. വ്യാജ മേല്‍വിലാസത്തില്‍ അയയ്ക്കുന്നതിനാല്‍ പലപ്പോഴും ഇത് പിടിക്കപ്പെടാറില്ല. ഇതിനായി ഒട്ടനവധി ആപ്പുകളും ഉണ്ട്. ഡല്‍ഹി, ഹരിയാണ എന്നിവടങ്ങളില്‍ നിന്നാണ് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കൂറിയറായി കേരളത്തിലേക്ക് എത്തുന്നത്.
ആപ്പുവഴി ബുക്ക് ചെയ്യുന്ന ലഹരി പദാര്‍ഥങ്ങള്‍ സ്വകാര്യ കൂറിയര്‍ കേന്ദ്രങ്ങളിലാണ് എത്തുക. അത് നേരിട്ടെത്തി വാങ്ങുകയാണ് പതിവ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത്തരത്തില്‍ ലഹരിയെത്തുന്നുണ്ട്.
'തുളസിയല ചേര്‍ത്ത് പൊടിച്ച പ്രകൃതിദത്ത മരുന്ന്' എന്ന വ്യാജേന കൂറിയര്‍ വഴി കഞ്ചാവ് വിപണനം നടത്തുന്നത് കണ്ടെത്തിയിരുന്നു. പ്രത്യേക ഡപ്പികളില്‍ പൊടി രൂപത്തിലാണ് ഇവ പാഴ്സല്‍ ചെയ്യുന്നത്. ഒരിക്കല്‍ വാങ്ങിയാല്‍ അടുത്ത തവണ ഡിസ്കൗണ്ടും ആപ്പുകള്‍ നല്‍കുന്നുണ്ട്. ഉപയോഗിച്ചവര്‍ക്ക് പ്രതികരണം അറിയിക്കുകയും ചെയ്യാം.
രാസലഹരിയായ എം.ഡി.എം.എ., എല്‍.എസ്.ഡി. എന്നിവ കേരളത്തിലേക്ക് കൂടുതലായി എത്തുന്നത് നെതര്‍ലന്‍ഡ്സില്‍ നിന്നാണ്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലേക്കാണ് ഇത്തരം കൂറിയറുകള്‍ അധികവും എത്തുന്നത്.
കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ പോസ്റ്റ് ഓഫീസിലേക്കാണ് വിമാനത്തില്‍ കൂറിയര്‍ എത്തുന്നത്. കത്തിനൊപ്പവും വിവാഹ ക്ഷണക്കത്തിന് സമാനമായ കവറിനുള്ളിലും ഒളിപ്പിച്ച നിലയിലാണ് ഇത് കണ്ടിട്ടുള്ളത്.
വിദേശ പോസ്റ്റ് ഓഫീസിനോട് ചേര്‍ന്നുള്ള കസ്റ്റംസ് വിഭാഗമാണ് സ്കാനിങ്ങിനിടെ സംശയം തോന്നുന്ന പാഴ്സലുകള്‍ പൊട്ടിച്ചുനോക്കുകയും എക്സൈസ് വിഭാഗത്തെ അറിയിക്കുകയും ചെയ്യുന്നത്. നര്‍ക്കോട്ടിക് വിഭാഗത്തിന്റെ കൈവശമുള്ള ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ചാണ് പൊടി രൂപത്തിലും കലര്‍ത്തിയും കൊണ്ടുവരുന്ന ലഹരിമരുന്ന് പിടികൂടുന്നത്.
കൂറിയര്‍ കമ്പനികള്‍ക്ക് നിര്‍ദേശം
ലഹരിക്കടത്ത് കൂടിയതോടെ സംശയം തോന്നുന്ന പാഴ്സലുകളെക്കുറിച്ചുള്ള വിവരം അപ്പപ്പോള്‍ അറിയിക്കണമെന്ന് കൂറിയര്‍ കമ്പനികള്‍ക്ക് പോലീസ്-എക്സൈസ് വിഭാഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇങ്ങനെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ നിന്ന് അടുത്തയിടെ 10-ലധികം പാഴ്സലുകളില്‍ വന്ന ലഹരി പോലീസ് പിടികൂടി.
കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് പിടികൂടിയ പാഴ്സലുകളിലെ മേല്‍വിലാസം നോക്കി യുവാക്കളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
മഞ്ചേരി, കോഴിക്കോട്, ഇരിഞ്ഞാലക്കുട, കാക്കനാട്, കൊച്ചി, ഏറ്റുമാനൂര്‍ തുടങ്ങിയിടങ്ങളില്‍ നിന്നുള്ളവരാണ് കഴിഞ്ഞദിവസം കൊച്ചി നര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായത്. മൊത്തം 12 കേസുകള്‍ എടുത്തിട്ടുണ്ട്.
Content Highlights: drugs seized from kakkanad kochi eight arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..