പ്രതീകാത്മക ചിത്രം | Photo: AFP & Mathrubhumi
കോട്ടയം: കുറച്ചുനാള്‍മുമ്പാണ് പാലക്കാട് എക്‌സൈസ് ചെക്ക് പോസ്റ്റിലൂടെ കടന്നുവരുന്ന ആഡംബരക്കാറിനെക്കുറിച്ച് എക്സൈസ് സംഘത്തിന് വിവരംകിട്ടിയത്. കാറില്‍ പുരുഷന്‍മാരും സ്ത്രീകളും ഉണ്ടായിരുന്നു. ഇവര്‍ക്കൊപ്പം ഒരു വളര്‍ത്തുനായയും. ഒറ്റനോട്ടത്തില്‍ ആര്‍ക്കും സംശയം തോന്നില്ല. പരിശോധന നടത്തിയ എക്സൈസ് സംഘം കാറില്‍നിന്ന് കണ്ടെടുത്തത് രാസലഹരിയായ എം.ഡി.എം.എ.
ലഹരിക്കടത്തിനുള്ള വഴിയായിരുന്നു ആഡംബരകാറും ആര്‍ക്കും സംശയംതോന്നാത്ത വസ്ത്രധാരണവുമൊക്കെ. കൊച്ചിയില്‍ കുറച്ചുനാള്‍ മുമ്പ് ലഹരിയുമായി കുടുങ്ങിയത് ഒരു കായിക താരമായിരുന്നു. മറ്റൊരു കേസില്‍ പിടിയിലായത് ബൈക്കില്‍ കറങ്ങിനടന്ന് ലഹരി വില്പന നടത്തിയ മോഡല്‍.
രാസലഹരിക്കേസുകളുടെ എണ്ണം ദിനംപ്രതി കൂടുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ ദിവസം പാലായില്‍ 77 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തത് കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ലഹരിവേട്ടയാണ്.
ലഹരിവഴികള്‍ പലതരം
പോത്തുകച്ചവടംപോലും ലഹരിക്കടത്തിനുള്ള വഴിയായി മാറുന്നുവെന്നത് എക്സൈസുകാരെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. പോത്തിനെ വില്‍ക്കാന്‍ സ്ഥിരം വയനാട്ടിലേക്ക് പോകുന്ന ഒരാളെ രാമപുരത്താണ് പിടികൂടിയത്. പോത്തുവില്പനയുടെ മറവില്‍ ലഹരി വില്പനയായിരുന്നു പണി.
ബെംഗളൂരുവില്‍നിന്നാണ് പ്രധാനമായും ജില്ലയില്‍ രാസലഹരിയെത്തുന്നത്. കുളു, മണാലി തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍നിന്നും ലഹരിയെത്തുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ബെംഗളൂരുവില്‍ രാസലഹരി തയ്യാറാക്കുന്ന നൈജീരിയന്‍ സംഘങ്ങളുണ്ട്.
ട്രെയിനും ടൂറിസ്റ്റ് ബസും ആഡംബരക്കാറുമൊക്കെയാണ് 'ലഹരിവണ്ടി'കള്‍. കോട്ടയത്ത് കുറച്ചുനാള്‍മുമ്പ് പിടിച്ചെടുത്ത എം.ഡി.എം.എ. സ്വകാര്യ കൊറിയര്‍ വഴി അയച്ചതായിരുന്നു. ടൂത്ത് പേസ്റ്റിന്റെ ട്യൂബിനകത്ത് നിറച്ചും കളിപ്പാട്ടങ്ങളില്‍ ഒളിപ്പിച്ചുമൊക്കെ ലഹരി പറന്നെത്തുന്നു. ക്രിസ്റ്റല്‍ രൂപത്തിലും ടാബ്ലറ്റ് രൂപത്തിലുമാണ് ഇത് ഒളിപ്പിച്ചു കടത്തുന്നത്. ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് ബാഗിനുള്ളിലെ ബ്രഡ് പായ്ക്കറ്റില്‍ എം.ഡി.എം.എ ഒളിപ്പിച്ചുകടത്തിയ സംഭവങ്ങളുണ്ട്.
ഒരുഗ്രാമിന് വില 3000 രൂപ
ഒരു ഗ്രാം എം.ഡി.എം.എ.യ്ക്ക് 3000 രൂപയാണ് വിലപറയുന്നത്. ഒരിക്കല്‍ ലഹരി ഉപയോഗിച്ചവര്‍ പിന്നീട് ഇതിന് പണം കണ്ടെത്താന്‍ 'കാരിയര്‍'മാരാകുന്നു. കല്‍ക്കണ്ടത്തിന്റെ തരികളോട് സാമ്യമുള്ളതിനാല്‍ കൂടുതല്‍ പണംകിട്ടാന്‍ കല്ല് പൊടിച്ചിട്ട് 'വ്യാജ' ലഹരിവസ്തു തയ്യാറാക്കുന്നവരുമുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ശിക്ഷ ഇങ്ങനെ
അരഗ്രാം മുതല്‍ പത്തുഗ്രാംവരെ പിടിച്ചാല്‍ പത്തുവര്‍ഷം വരെ തടവുകിട്ടാവുന്ന കുറ്റമാണ്. പത്തുഗ്രാമിന് മേല്‍ പിടിച്ചാല്‍ 20 വര്‍ഷംവരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയും കിട്ടാവുന്ന കുറ്റമാണ്.
'കിറുക്കന്‍മാര്‍ ഇറങ്ങിയിട്ടുണ്ട്'
ലഹരിസംഘം സാമൂഹികമാധ്യമഗ്രൂപ്പുകളില്‍ പലതരം കോഡുകളും ഉപയോഗിക്കുന്നുണ്ട്. കൊച്ചിയില്‍ പിടിയിലായ ഒരുസംഘത്തെ ചോദ്യം ചെയ്തപ്പോള്‍ രസകരമായ ഒരുകോഡാണ് പുറത്തുവന്നത്. കോഡ് ഇങ്ങനെയായിരുന്നു.
'ജോമോന്‍ ഓണാണോ; ജോമോന്‍ ഓണാണ്.' ഓണാണോ യെന്ന് ചോദിച്ചാല്‍ സാധനം കൈയിലുണ്ടോയെന്നാണ് അര്‍ഥം. ലഹരിക്കടത്തുകാര്‍ എക്‌സൈസുകാര്‍ക്ക് നല്‍കിയിരിക്കുന്ന ഓമനപ്പേര് കിറുക്കന്‍മാര്‍ എന്നാണ്. കിറുക്കന്‍മാര്‍ ഇറങ്ങിയിട്ടുണ്ട് എന്നുപറഞ്ഞാല്‍ എക്സൈസ് പരിശോധനയ്ക്ക് കളത്തിലുണ്ടെന്ന് സാരം.
നടപടികള്‍ കര്‍ശനമാക്കും
രാസലഹരിക്കേസുകള്‍ പണ്ടത്തേക്കാള്‍ കൂടിയിട്ടുണ്ട്. എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനകള്‍ കര്‍ശനമാക്കും.
- സോജന്‍ സെബാസ്റ്റിയന്‍, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍
Content Highlights: drugs cases and drugs sales in kottayam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..