വരില്ലെന്ന വിളിയെത്തിയില്ല, പകരമെത്തിയതു മരണവാര്‍ത്ത; മുത്തുകുമാര്‍ ആത്മമിത്രമായത് വഴക്കിന് പിന്നാലെ


പ്രദീപ് കലവൂര്‍

ബിന്ദുമോന്റെ കൊലപാതകവാർത്തയറിഞ്ഞ് തളർന്നിരിക്കുന്ന അമ്മ കമലമ്മയും അച്ഛൻ പുരുഷനും, ഇൻസൈറ്റിൽ ബിന്ദുമോൻ

കലവൂർ: ശനിയാഴ്ച ഉച്ചയ്ക്ക് ബിന്ദുമോന്റെ (ബിന്ദന്‍) മരണവാര്‍ത്തയറിഞ്ഞു ബന്ധുക്കള്‍ വീട്ടിലെത്തുമ്പോള്‍ അമ്മ കമലമ്മയും അച്ഛന്‍ പുരുഷനും ഊണുകഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആരും ഒന്നുംപറഞ്ഞിരുന്നില്ല. വീട്ടുമുറ്റത്തു പന്തലുയര്‍ന്നപ്പോഴാണു മകന്റെ വിയോഗം അവരറിഞ്ഞത്. അതോടെ ആ വൃദ്ധദമ്പതിമാര്‍ തളര്‍ന്നുപോയി. പുരുഷന്റെയും കമലമ്മയുടെയും ഇളയമകനാണു ബിന്ദുമോന്‍. ജ്യേഷ്ഠന്‍ സജിയുടെ മക്കളായ അപര്‍ണയോടും അഭിരാമിനോടുമായിരുന്നു ഏറെയടുപ്പം. എവിടെയെങ്കിലും പോയിവരാന്‍ വൈകിയാല്‍ അപര്‍ണയെ വിളിച്ചു പറയാറാണു പതിവ്.

എന്നാല്‍, തിങ്കളാഴ്ച വീട്ടില്‍നിന്നുപോയ ബിന്ദുമോന്‍ ചൊവ്വാഴ്ച രാത്രിയായിട്ടും എത്തിയില്ല. വീട്ടിലേക്കു വിളിച്ചുമില്ല. ഇതോടെയാണു സഹോദരന്‍ സജി പോലീസില്‍ പരാതി നല്‍കിയത്. അമ്മയ്ക്കുമച്ഛനും ഒപ്പം കുടുംബവീട്ടിലാണു ബിന്ദുമോന്റെ താമസം. സജി താമസിക്കുന്നതു തൊട്ടടുത്ത്. ബിന്ദുമോനു രണ്ടു സഹോദരന്മാരുള്ളതില്‍ സജിക്കു മാത്രമാണു മകളുള്ളത്. രണ്ടാമത്തെ ജ്യേഷ്ഠനായ ഷണ്‍മുഖന് ആണ്‍മക്കളാണ്. സഹോദരിമാരില്ലാത്ത ബിന്ദുമോനു കുടുംബത്തിലെ ഏക പെണ്‍തരിയായ അപര്‍ണയോടു ഏറെ വാത്സല്യമായിരുന്നു. അതിനാല്‍ മരണവിവരം ഇവരെയറിയിക്കാന്‍ ബന്ധുക്കള്‍ ഏറെ വിഷമിച്ചു. തങ്ങളുടെയെല്ലാമായ ചിറ്റപ്പന്‍ ഇനി തിരിച്ചെത്തില്ലെന്നറിഞ്ഞ് ഇരുവരും നിലവിളിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്കു സങ്കടമടക്കാനായില്ല.തിങ്കളാഴ്ച രാവിലെ അമ്മയ്ക്കു കുടിക്കാന്‍ വെള്ളം കൊടുത്തിട്ടാണു ബിന്ദുമോന്‍ വീട്ടില്‍നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും ചിറ്റപ്പനെ കാണാഞ്ഞപ്പോള്‍ അപര്‍ണ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. വരാന്‍ വൈകുമ്പോള്‍ അപ്പൂപ്പനോടും അമ്മൂമ്മയോടും ആഹാരം കഴിച്ചു കിടന്നോളാന്‍ തന്നെ വിളിച്ചു പറയാറുണ്ടെന്ന് അപര്‍ണ പറഞ്ഞു.

വ്യാഴാഴ്ച വാകത്താനത്ത് തോട്ടില്‍നിന്നു ലഭിച്ച ബൈക്ക് ആര്യാട് സ്വദേശിയുടേതാണെന്നു മനസ്സിലാക്കിയ പോലീസ് ഉടമയെ തിരിച്ചറിയാന്‍ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന ബൈക്കിന്റെ ചിത്രം തിരിച്ചറിഞ്ഞത് അപര്‍ണയും അഭിരാമുമാണ്. ഈ ബൈക്ക് അപകടത്തില്‍പ്പെട്ടതിന്റെ ലക്ഷണങ്ങളില്ലെന്ന് പോലീസ് അറിയിച്ചപ്പോഴാണു സഹോദരങ്ങള്‍ക്കു സംശയമായത്. വൈകാതെ കൊലപാതകവാര്‍ത്തയെത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിജുമോന്‍, അംഗങ്ങളായ കവിതാഹരിദാസ്, ഷീനാസനല്‍കുമാര്‍ എന്നിവരും ബന്ധുക്കളെ ആശ്വസിപ്പിക്കാനായെത്തി.

ബിന്ദുമോനും മുത്തുകുമാറും ആത്മമിത്രങ്ങള്‍; കൊലയില്‍ നടുങ്ങി നാട്ടുകാര്‍

ആര്യാട് പഞ്ചായത്ത് മൂന്നാംവാര്‍ഡ് കിഴക്കേവെളിയില്‍ ബിന്ദുമോന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാനാകുന്നില്ല. എല്ലാവരോടും സൗമ്യമായും സ്‌നേഹത്തോടെയും മാത്രമേ ബിന്ദുമോന്‍ ഇടപെടാറുള്ളൂവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ബിന്ദുമോനും മുത്തുകുമാറും ആത്മമിത്രങ്ങളായിരുന്നു. ഒരു കിലോമീറ്ററോളം ദൂരത്തിലായിരുന്നു ഇവരുടെ വീടുകള്‍. കൈതത്തില്‍ പ്രദേശത്തായിരുന്നു മുത്തുകുമാറിന്റെ താമസം. എട്ടുവര്‍ഷംമുമ്പ് ആദ്യം വലിയ കലവൂരിലേക്കും തുടര്‍ന്നു ചങ്ങനാശ്ശേരിക്കും താമസംമാറിയ മുത്തുകുമാറിനെക്കുറിച്ച് നാട്ടുകാര്‍ക്കു പിന്നീട് ഒരു അറിവുമില്ല. പഴയ സ്ഥലവുമായുള്ള ബന്ധം തുടര്‍ന്നതു ബിന്ദുമോനിലൂടെയാണ്. കഴിഞ്ഞാഴ്ച ബിന്ദുമോനൊടൊപ്പം മുത്തുകുമാറിനെ പാതിരപ്പള്ളിയില്‍വെച്ചു ചില സുഹൃത്തുക്കള്‍ കണ്ടിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നേതാജി ഷണ്മുഖം പ്രദേശത്തെ മരണാനന്തരച്ചടങ്ങിലും മണ്ണഞ്ചേരിയിലെ ഒരുമരണവീട്ടിലും പോകുകയാണെന്നു പറഞ്ഞാണു ബിന്ദുമോന്‍ വീട്ടില്‍നിന്നിറങ്ങിയത്. എന്നാല്‍, മണ്ണഞ്ചേരിയില്‍ എത്തിയില്ല. അന്നുരാവിലെ മറ്റു ചില സുഹൃത്തുക്കള്‍ ക്ഷണിച്ചെങ്കിലും അത്യാവശ്യകാര്യമുണ്ടെന്നു പറഞ്ഞ് ബിന്ദുമോന്‍ ഒഴിവായി. മുത്തുകുമാറുമായി നാട്ടില്‍ ബന്ധമുണ്ടായിരുന്നതു ബിന്ദുമോനു മാത്രമാണ്. മുമ്പൊരുതവണ വീട്ടില്‍ വന്നുപോയതായി ബിന്ദുമോന്റെ വീട്ടുകാര്‍ പറയുന്നു. ബിന്ദുമോന്റെ സൗഹൃദങ്ങള്‍ കൂടുതലും പ്രദേശത്തിനു പുറത്തുള്ളവരുമായിട്ടായിരുന്നെന്നു സഹോദരന്‍ ഷണ്‍മുഖന്‍ പറഞ്ഞു.

ചെറുകിട കയര്‍ഫാക്ടറിയിലെ ജോലിക്കു പുറമെ സ്ഥലക്കച്ചവടത്തില്‍ ചില ബ്രോക്കര്‍മാരെയും ബിന്ദുമോന്‍ സഹായിക്കാറുണ്ടായിരുന്നു. ബി.ജെ.പി. ആര്യാട് കിഴക്ക് മൂന്നാംവാര്‍ഡ് ചുമതലവഹിച്ചിരുന്ന ബിന്ദുമോന്‍ പാര്‍ട്ടി പഞ്ചായത്തു കമ്മിറ്റിയംഗവും ആയിരുന്നു മുത്തുകുമാറും ബി.ജെ.പി. അനുഭാവിയാണ്. ഏതാനും വര്‍ഷം മുമ്പ് ഒരുസംഘം ചെറുപ്പക്കാരും ബിന്ദുമോനും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ ഇടനിലനിന്നതു മുത്തുകുമാറായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ആത്മമിത്രങ്ങളായത്.

Content Highlights: 'Drishyam' model murder in Kottayam; youth's body found buried in house


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented