ബൈക്ക് തോട്ടില്‍ കണ്ടെത്തി; മണ്ണുമാറ്റിയതോടെ ആദ്യം കണ്ടത് കൈകള്‍, മൃതദേഹം അഴുകിത്തുടങ്ങിയ നിലയില്‍


ചങ്ങനാശ്ശേരി പൂവം എ.സി.കോളനിയിലെ വീട്ടിൽ ബിന്ദുകുമാറിന്റെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ട അടുക്കളവശത്തെ ചായ്പ് ഫോട്ടോ: ഇ.വി.രാഗേഷ് / ബിന്ദുമോന്റെ ബൈക്ക് ചങ്ങനാശ്ശേരി വാകത്താനത്തെ തോട്ടിൽനിന്നെടുക്കുന്നു

ചങ്ങനാശ്ശേരി: ആലപ്പുഴ സ്വദേശിയായ യുവാവിനെ ചങ്ങനാശ്ശേരിക്കുസമീപം പൂവത്ത് സുഹൃത്തിന്റെ വീടിനുള്ളില്‍ കൊലപ്പെടുത്തി കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ആര്യാട് മൂന്നാം വാര്‍ഡ് കിഴക്കേവെളിയില്‍ പുരുഷന്റെ മകന്‍ ബിന്ദുകുമാറി (ബിന്ദുമോന്‍-42)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിന് സമീപം പായിപ്പാട് പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ എ.സി.കോളനി ഭാഗത്തുള്ള മുത്തുകുമാറിന്റെ വാടകവീട്ടിലാണ് മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തിനുപിന്നില്‍ മുത്തുകുമാറാണെന്നാണ് സൂചന. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം. ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ സുഹൃത്തിനൊപ്പം കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

26 മുതല്‍ ബിന്ദുകുമാറിനെ കാണാനില്ലായിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞ് പോയതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, വൈകിയും വരാഞ്ഞ് വിളിച്ചപ്പോള്‍ ഫോണ്‍ ഓഫായിരുന്നു. അമ്മ കമലമ്മ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. ഇതിനിടെ ബിന്ദുകുമാറിന്റെ ബൈക്ക് ചങ്ങനാശ്ശേരി വാകത്താനത്ത് തോട്ടില്‍ കണ്ടെത്തിയതോടെ ഇയാള്‍ കോട്ടയം ജില്ലയിലെത്തിയെന്ന് ഉറപ്പായി.ബിന്ദുകുമാറിന്റെ ഫോണ്‍വിവരങ്ങള്‍ പരിശോധിച്ച പോലീസ്, ഇയാള്‍ അവസാനം വിളിച്ചത് സുഹൃത്തായ മുത്തുകുമാര്‍ എന്നയാളിനെയാണെന്ന് കണ്ടെത്തി. ലൊക്കേഷന്‍ പ്രകാരം തിരുവല്ലയില്‍ ഫോണ്‍ ഓഫായിരുന്നു. പിന്നീട് പൂവത്തും ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. മുത്തുകുമാര്‍ ഇവിടെയാണ് താമസിക്കുന്നതെന്ന് മനസ്സിലായി. ആലപ്പുഴ നോര്‍ത്ത് പോലീസ് മുത്തുകുമാറിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായില്ല. ഇത് കൂടുതല്‍ സംശയം ജനിപ്പിച്ചു. ഇതോടെയാണ് മുത്തുകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി പോലീസെത്തി മുത്തുകുമാറിന്റെ വീട് ബന്തവസ്സിലാക്കി.

മുത്തുകുമാറിന്റെ ഭാര്യ വിദേശത്താണ്. മക്കളെ ബന്ധുവീട്ടിലേക്ക് മാറ്റിയെന്നും കണ്ടെത്തി. പരിശോധനയില്‍ വീടിന്റെ ചാര്‍ത്തിലെ കോണ്‍ക്രീറ്റ് സമീപദിവസങ്ങളില്‍ ഇളക്കി പ്ലാസ്റ്റര്‍ചെയ്തതായി കണ്ടെത്തി. ഇതാണ് മൃതദേഹം ഇതിനുള്ളില്‍ മൂടിയെന്ന സംശയം ഉണ്ടാകാന്‍ കാരണം. 26-ന് ബിന്ദുകുമാര്‍ മുത്തുകുമാറിന്റെ വീട്ടിലെത്തിയെന്നാണ് പോലീസിന് ലഭിച്ച സൂചന. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ശനിയാഴ്ച 11.30-ഓടെ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. സനല്‍കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം തഹസില്‍ദാര്‍ വിജയസേനന്റെ സാന്നിധ്യത്തില്‍ വീടിനുള്ളിലെ കോണ്‍ക്രീറ്റ് പൊളിച്ച് മൃതദേഹം പുറത്തെടുത്തു. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബി.ജെ.പി. പ്രാദേശിക നേതാവാണ് ബിന്ദുകുമാര്‍. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഷണ്‍മുഖന്‍, സജി.

'ദൃശ്യ'ത്തിലേതിന് സമാനമായി തെളിവ് നശിപ്പിക്കല്‍ ശ്രമം

പായിപ്പാട് എ.സി.റോഡ് കോളനിയിലെ മാലിത്തറയില്‍ ശ്രീമതിയും മരുമകള്‍ അജിതയും ആ ഞെട്ടലില്‍നിന്ന് ഇതുവരെ മോചിതരായിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് വീടിനുപരിസരത്ത് ആളുകള്‍ നടക്കുന്നതിന്റെയും ഫോണില്‍ സംസാരിക്കുന്നതിന്റെയും ശബ്ദംകേട്ടത്. പുറത്ത് ആലപ്പുഴയില്‍നിന്നെത്തിയ പോലീസുകാരായിരുന്നു. അവര്‍ അജിതയുടെ ഭര്‍ത്താവും ഗൃഹനാഥനുമായ ഗോപനോട് വിവരങ്ങള്‍ പറഞ്ഞു. പോലീസില്‍നിന്ന് അറിഞ്ഞ വിവരങ്ങള്‍കേട്ട് ആ വീട്ടുകാര്‍ വിറങ്ങലിച്ചുപോയിരുന്നു. തൊട്ടടുത്ത വീട്ടില്‍ ഒരു മൃതദേഹം കുഴിച്ചുമൂടിയെന്ന വിവരം വിശ്വസിക്കാനാകാതെ ഇവര്‍ നിന്നു. സംശയനിഴലിലുള്ള മുത്തുകുമാര്‍ എന്നയാള്‍ വാടകയ്ക്കുതാമസിക്കുന്ന വീടാണത്.

അടുത്തുള്ളവരോടുപോലും സമ്പര്‍ക്കമില്ല

നാലുമാസം മുമ്പാണ് മുത്തുകുമാറും മൂന്നു മക്കളുമടങ്ങുന്ന കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. എന്നാല്‍, ഇവര്‍ ആരുമായും കാര്യമായ അടുപ്പം കാണിക്കാറില്ലായിരുന്നു. മുത്തുകുമാര്‍ കെട്ടിടനിര്‍മാണത്തിനാവശ്യമായ കമ്പിപ്പണി ജോലിചെയ്യുകയായിരുന്നു. മുത്ത്, മുത്തു എന്നിങ്ങനെ നാട്ടുകാര്‍ ഇയാളെ വിളിച്ചിരുന്നു.

ദിവസങ്ങള്‍ക്കുമുമ്പേ മക്കളെ ബന്ധുവീട്ടിലേക്ക് മാറ്റി

മുത്തുകുമാര്‍ ദിവസങ്ങള്‍ക്കുമുമ്പേ പായിപ്പാട്ടുള്ള ബന്ധുവീട്ടിലേക്ക് കുട്ടികളെ മാറ്റിയെന്നാണ് പോലീസ് കരുതുന്നത്. എ.സി.കോളനിയിലുള്ള ഭാര്യാസഹോദരന്മാരുടെ വീട്ടില്‍ കുട്ടികളെ ആക്കാതെ പായിപ്പാട്ടെ ബന്ധുവീട്ടില്‍ കുട്ടികളെ ആക്കിയത് എന്തിനെന്ന് ഇയാള്‍ക്ക് വിശദീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്. ഇത് സംശയമുന ഇയാളിലേക്ക് എളുപ്പം നീളാനിടയാക്കി.

വാകത്താനത്തുനിന്ന് കിട്ടിയ ബൈക്ക്

വാകത്താനത്ത് തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്കാണ് കേസില്‍ നിര്‍ണായകമായത്. ഈ ബൈക്ക്, കാണാതായ ബിന്ദുകുമാറിന്റേതാണെന്ന് പോലീസ് കണ്ടെത്തി. ആലപ്പുഴയുമായി ബന്ധപ്പെട്ട് ബിന്ദുകുമാറിന്റെ തിരോധാന വിവരങ്ങളും ശേഖരിച്ചു. ബൈക്ക് ഇവിടെ വരാന്‍ കാരണം മുത്തുവുമായുള്ള സൗഹൃദമെന്ന് കണ്ടെത്തി. ഫോണിലെ വിളിവിവരങ്ങളും അത് ശരിവെച്ചു.

വീട് പോലീസ് വലയത്തില്‍

മൃതദേഹം കുഴിച്ചിട്ടതെന്ന് സംശയിച്ച വീട് പോലീസ് രഹസ്യമായെത്തി നിയന്ത്രണത്തിലാക്കി. ഇത് അടച്ചിട്ടിരിക്കുകയായിരുന്നു. മൃതദേഹം ഇവിടെയെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചു. ശനിയാഴ്ച ശാസ്ത്രീയ തെളിവെടുപ്പ് വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി. ചങ്ങനാശ്ശേരി തഹസീല്‍ദാര്‍ വിജയസേനന്റെ മേല്‍നോട്ടത്തില്‍ വീടിനുപുറകിലെ ചാര്‍ത്തിലെ സാധനങ്ങള്‍ മാറ്റി, കോണ്‍ക്രീറ്റുഭാഗം പൊളിച്ച് പ്ലാസ്റ്റര്‍ചെയ്ത ഭാഗം വീണ്ടും പൊട്ടിച്ചു. മണ്ണുമാറ്റിയതോടെ മൃതദേഹത്തിന്റെ കൈകള്‍ ആദ്യം പുറത്തുകണ്ടു.

കോണ്‍ക്രീറ്റ് തറ പൊട്ടിക്കാന്‍ ഗിരീഷും കനകനും

എ.സി.റോഡ് കോളനിയിലെതന്നെ താമസക്കാരും ടൈല്‍ പണിക്കാരുമായ ഗിരീഷ്‌കുമാറും കനകനും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. അലവാങ്കും തൂമ്പയുമായിരുന്നു കോണ്‍ക്രീറ്റ് കുത്തിപ്പൊളിക്കാനുള്ള ആയുധങ്ങള്‍. ഇതിനിടയില്‍ ഒരു കരണ്ടിക്കായി പോലീസുകാരുടെ നെട്ടോട്ടം. ഒടുവില്‍ കോളനിയിലെ മേസ്തിരിയുടെ പക്കല്‍നിന്ന് കരണ്ടിയും എത്തിച്ചു. ഒരു മനുഷ്യന്റെ മൃതദേഹം മണ്ണില്‍നിന്ന് പുറത്തെടുക്കേണ്ടിവന്ന മനസ്സുനോവിക്കുന്ന അനുഭവം ഇരുവരുടെയും ഉള്ളുലച്ചു. അതവരുടെ വാക്കിലും മുഖത്തും പ്രകടമായിരുന്നു.

ഞെട്ടൽ മാറാതെ... എ.സി.കോളനി നിവാസികൾ

എ.സി.കോളനി നിവാസികൾ ഒരു വിളിപ്പാടകലെ നടന്ന കൊലപാതകവാർത്ത പുറത്തറിഞ്ഞതോടെ ഞെട്ടിത്തരിച്ച അവസ്ഥയിലായിരുന്നു. സമീപത്തെ വീടുകളിലുള്ളവർക്കുപോലും ഇത് വിശ്വസിക്കാനാകുമായിരുന്നില്ല. വീടിനുള്ളിലെ തറ മാന്തി മൃതദേഹം പുറത്തെടുക്കുന്നതുവരെ, ഇത് സത്യമായിരിക്കരുതേയെന്ന പ്രാർഥനയിലായിരുന്നു അവർ. വിവരം അറിഞ്ഞതുമുതൽ എ.സി.റോഡിൽനിന്ന് ഒരുകിലോമീറ്ററകലെയുള്ള ഈ വീട്ടിലേക്ക്‌ ഇരുചക്രവാഹനത്തിലും കാൽനടയായും എത്തി വിവരങ്ങൾ തിരക്കുന്നവരുടെ തിരക്കായിരുന്നു. റോഡിന്റെ വീതിക്കുറവും ഒരുഭാഗത്ത് കനാലുമായതോടെ സൗകര്യപൂർവം നിൽക്കുന്നതിനുപോലും ഇടമില്ലാത്ത അവസ്ഥ. പോലീസ് ഉദ്യോഗസ്ഥർപോലും ഇരുചക്രവാഹനത്തിലാണ് സ്ഥലത്തെത്തിയത്.

പായിപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനൻ, ഗ്രാമപ്പഞ്ചായത്തംഗം ജി.ജയൻ എന്നിവർ സ്ഥലത്തെത്തി. കോട്ടയം എസ്.പി.കാർത്തികിന്റെ നിർദേശത്തെത്തുടർന്ന് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. സി.ജി.സനൽകുമാർ, സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി. എസ്.രാജീവ്. എസ്.എച്ച്.ഒ.മാരായി റിച്ചാർഡ് വർഗീസ്, ഇ.അജീബ്, അജിത്കുമാർ, യു.ശ്രീജിത്ത്, ടി.ആർ.ജിജു, എസ്.ഐ.മാരായ എൻ.ജയപ്രകാശ്, ആനന്ദക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

Content Highlights: 'Drishyam' model murder in Kottayam; Victim's body found buried in house


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented