മക്കളെ ഓര്‍ത്ത് നാട്ടിലേക്കു മടങ്ങി; വേഷംമാറി, പക്ഷേ പോലീസിന്റെ ചടുലനീക്കത്തില്‍ കുടുങ്ങി


ആര്യാട് സ്വദേശി ബിന്ദുമോൻ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രധാന പ്രതി മുത്തുകുമാറിനെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നു

കലവൂര്‍: ആലപ്പുഴ ആര്യാട് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി ചങ്ങനാശ്ശേരി എ.സി.കോളനിയിലെ വീടിനുള്ളില്‍ കുഴിച്ചിട്ട കേസിലെ പ്രധാന പ്രതിയെ ആലപ്പുഴ കലവൂരില്‍നിന്നു പിടികൂടി. പൂവം എ.സി.കോളനി അഖില്‍ ഭവനില്‍ വാടകയ്ക്കു താമസിക്കുന്ന സൗത്ത് ആര്യാട് അവലൂക്കുന്ന് മറ്റത്തില്‍ കോളനി മുത്തുകുമാറിനെയാണ് (53) ആലപ്പുഴ നോര്‍ത്ത് പോലീസ് പിടികൂടിയത്. ആര്യാട് മൂന്നാംവാര്‍ഡ് കിഴക്കേവെളിയില്‍ പുരുഷന്റെ മകന്‍ ബിന്ദുമോനെ (ബിന്ദന്‍-45) കൊലപ്പെടുത്തി വാടകവീട്ടില്‍ കുഴിച്ചിട്ട സംഭവത്തിലാണ് സുഹൃത്തും പ്രതിയുമായ മുത്തുകുമാര്‍ പിടിയിലായത്.

ഞായറാഴ്ച രാവിലെ കലവൂര്‍ ഐ.ടി.സി.കോളനിയില്‍നിന്നു പിടികൂടിയ പ്രതിയെ വിശദമായ ചോദ്യംചെയ്യലിനുശേഷം ചങ്ങനാശ്ശേരി പോലീസിനു കൈമാറി. ബിന്ദുമോന്റെ ബൈക്ക് വാകത്താനത്തെ തോട്ടില്‍ ഉപേക്ഷിക്കാനും കുഴിയെടുത്ത് മൃതദേഹം മറവുചെയ്യാനും സുഹൃത്തുക്കളായ ബിബിന്‍, ബിനോയി എന്നിവരുടെ സഹായമുണ്ടായതായി മുത്തുകുമാര്‍ ചോദ്യംചെയ്യലില്‍ മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. ഇവര്‍ രണ്ടുപേരും പോലീസ് വലയിലായതായി സൂചനയുണ്ട്.കൃത്യം നടത്തിയശേഷം കോയമ്പത്തൂരിലേക്കു കടന്ന മുത്തുകുമാര്‍ കലവൂരിലെത്തുമെന്നു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പിടിയിലായത്. പ്രതിയുടെ ബന്ധുക്കള്‍ താമസിക്കുന്ന ഐ.ടി.സി.കോളനിയില്‍ മുത്തുകുമാര്‍ എത്തുമ്പോള്‍ വിവരം നല്‍കാന്‍ പോലീസ് ചിലരെ ചുമതലപ്പെടുത്തിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചേയാണ് മുത്തുകുമാര്‍ കോളനിയിലെത്തിയത്. മുത്തുകുമാറിനെ തിരിച്ചറിഞ്ഞ കോളനിക്കാര്‍ വിവരം പോലീസിനു കൈമാറിയതോടെയാണ് വലയിലായത്.

മണ്ണഞ്ചേരി നേതാജിയില്‍ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞമാസം 24-ന് വീട്ടില്‍നിന്നുപോയ ബിന്ദുമോനെ പിന്നീട് കാണാതാകുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുത്തുകുമാറിന്റെ ഫോണ്‍നമ്പരില്‍നിന്നാണ് അവസാനമായി ബിന്ദുമോനു വിളിവന്നതെന്ന് പോലീസ് മനസ്സിലാക്കി. ഇതേത്തുടര്‍ന്ന് ചോദ്യംചെയ്യലിനായി സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫാക്കി മുത്തുകുമാര്‍ മുങ്ങി.

മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ് നോര്‍ത്ത് പോലീസ് വെള്ളിയാഴ്ച രാത്രി ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തിയത്. പരിശോധനയില്‍ അടുക്കളയോടു ചേര്‍ന്നുള്ള ചായ്പില്‍ കോണ്‍ക്രീറ്റുതറയുടെ ഭാഗങ്ങള്‍ പുതുതായി സിമന്റിട്ട് ഉറപ്പിച്ചതു കണ്ടു. സംശയത്തെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ തറ പൊളിച്ചപ്പോഴാണ് രണ്ടടിത്താഴ്ചയില്‍ ബിന്ദുമോന്റെ മൃതദേഹം കണ്ടെത്തിയത്.

വേഷംമാറിയിട്ടും പോലീസിന്റെ ചടുലനീക്കത്തില്‍ മുത്തുകുമാര്‍ കുടുങ്ങി

കേരളംനടുങ്ങിയ കൊലപാതകത്തില്‍ ദിവസങ്ങള്‍ക്കകം മുഖ്യപ്രതിയെ അറസ്റ്റുചെയ്തു പോലീസ്. ആര്യാട് പഞ്ചായത്ത് മൂന്നാംവാര്‍ഡ് കിഴക്കേവെളിയില്‍ ബിന്ദുമോനെ(45) കൊലപ്പെടുത്തി വീടിന്റെ തറയില്‍ കുഴിച്ചുമൂടിയ കേസിലെ പ്രധാനപ്രതി മുത്തുകുമാര്‍ മുടിവെട്ടി, താടിവടിച്ചു രൂപമാറ്റം വരുത്തിയാണ് കലവൂരിലെ സുരക്ഷിതകേന്ദ്രത്തിലെത്തിയത്. എന്നിട്ടും, പോലീസ് വിരിച്ച വലയില്‍ കുടുങ്ങുകയായിരുന്നു. കലവൂര്‍ ഐ.ടി.സി. കോളനിയിലെ ബന്ധുവീട്ടില്‍നിന്നാണ് ഞായറാഴ്ച രാവിലെ മുത്തുകുമാറിനെ പോലീസ് പൊക്കിയത്.

കൃത്യത്തിനുശേഷം ചങ്ങനാശ്ശേരിയിലും പരിസരപ്രദേശങ്ങളിലും കറങ്ങിനടന്ന മുത്തുകുമാര്‍ കഴിഞ്ഞ 30-ന് കോയമ്പത്തൂരിലേക്കു കടന്നു. എന്നാല്‍, മക്കളെക്കുറിച്ചോര്‍ത്തപ്പോള്‍ നാട്ടിലേക്കു മടങ്ങി. ഞായറാഴ്ച പുലര്‍ച്ചേ അഞ്ചോടെ കലവൂരിലെത്തി. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍പറ്റാത്ത രൂപത്തിലെത്തിയ മുത്തുകുമാറിനെ ബന്ധുക്കള്‍ക്കു മനസ്സിലായില്ലെങ്കിലും അവര്‍ പോലീസിനെ അറിയിച്ചതാണ് വിഴിത്തിരിവായത്.

മദ്യപിക്കാനായാണ് മുത്തുകുമാര്‍ ബിന്ദുമോനെ ചങ്ങനാശ്ശേരിയിലേക്കു വിളിച്ചുവരുത്തിയത്. ബിന്ദുമോനെ കാണാതായ 26-ന് ഉച്ചയോടടുത്തുതന്നെ കൊലപാതകം നടന്നതായാണു പോലീസ് പറയുന്നത്. മായ്ച്ചുകളഞ്ഞ തെളിവുകളെല്ലാം പുറത്തുവന്നതോടെയാണ് മുത്തുകുമാര്‍ കോയമ്പത്തൂരിലേക്കു കടന്നത്. ആലപ്പുഴ നോര്‍ത്ത് പോലീസ് എസ്.എച്ച്.ഒ. എം.കെ. രാജേഷിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ.മാരായ സജീവ്, ബിജുമോന്‍, സീനിയര്‍ സി.പി.ഒ. ഉല്ലാസ്, സി.പി.ഒ. ഹരികൃഷ്ണന്‍, അനസ്, ഷഫീഖ്, ശ്യാം, സുരേഷ് ബാബു, റോബിന്‍സണ്‍, ഗിരീഷ്, എബി, അനില്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.


Content Highlights: Drishyam model murder in Kottayam: Key accused held


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented