ഡോ. വന്ദന ദാസ്, സാംദീപ് | Photo: PTI, ANI
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ യുവ ഡോക്ടറെ അധ്യാപകന്‍ കുത്തിക്കൊന്ന സംഭവത്തില്‍ പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യം. സാംദീപ് ആദ്യം ആക്രമിച്ചത് വന്ദനയേയാണെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പോലീസുകാര്‍ക്ക് പരിക്കേറ്റതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍, പ്രതി ആദ്യം ആക്രമിച്ചത് അയാളുടെ ബന്ധുവിനേയും പോലീസുകാരേയുമാണെന്നാണ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പോലീസ് പറഞ്ഞിരുന്നത്.
സാംദീപ് ആദ്യം ആക്രമിക്കുന്നത് ഡോ. വന്ദനയേയാണെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നുമെന്നാണ് എഫ്.ഐ.ആറില്‍ ഉള്ളത്. സീനിയര്‍ ഡോക്ടര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍. രേഖപ്പെടുത്തിയത് എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
ഡ്രസ്സിങ് റൂമില്‍ ഉപയോഗിക്കുന്ന കത്രിക പെട്ടെന്ന് കൈക്കലാക്കി വന്ദനയുടെ തലയില്‍ ആദ്യം ആഞ്ഞുകുത്തി പരിക്കേല്‍പ്പിച്ചു. കുത്തുകൊണ്ട് പ്രാണരക്ഷാര്‍ഥം ഓടിയെ ഡോ. വന്ദനയെ 'നിന്നെയൊക്കെ കുത്തിക്കൊല്ലുമെടീ' എന്ന് ആക്രോശിച്ച് പിന്തുടര്‍ന്നു. ഒബ്‌സര്‍വേഷന്‍ റൂമില്‍ അതിക്രമിച്ചു കയറി ഡോക്ടറെ നിരവധി പ്രവശ്യം കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തുകൊണ്ട് അവശയായി തറയില്‍ വീണ ഡോക്ടറെ പ്രതി തറയിലിട്ട് വീണ്ടും കുത്തി മാരകമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇത് കണ്ട് തടയാനെത്തിയ പോലീസുകാരേയും ഉദ്യോഗസ്ഥരേയും ആശുപത്രി ജീവനക്കാരേയും പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. ആശുപത്രിയിലെ കസേരകളും ഉപകരണങ്ങളും അടിച്ച് തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ആദ്യം ബന്ധുവായ ബിനുവിനേയും പോലീസുകാരേയുമാണ് സാംദീപ് ആക്രമിച്ചത് എന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നത്. ബഹളം കേട്ട് ഇവിടേക്ക് എത്തിയ ഡോ. വന്ദനയെ ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഡോക്ടറുടെ നിര്‍ദേശപ്രകാരം ഡ്രസിങ് റൂമിലെ കിടക്കയില്‍ കിടത്തിയ പ്രതി ആദ്യം ബിനുവിനെ ചവിട്ടുകയും കിടക്കയില്‍നിന്ന് ചാടിയിറങ്ങി അവിടെയുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ആദ്യം ഹോംഗാര്‍ഡിനെ കുത്തിയെന്നുമാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ബുധനാഴ്ച രാവിലെ മാധ്യമങ്ങളെ അറിയിച്ചത്. ഓടിയെത്തിയ പോലീസ് എയ്ഡ്‌പോസ്റ്റിലെ പോലീസുകാരനെയും നാട്ടുകാരനെയും കുത്തി. ഇതുകണ്ട് ഡോക്ടര്‍മാരും മറ്റുള്ളവരും മറ്റൊരു മുറിയിലേക്ക് മാറുകയും വാതില്‍ അടയ്ക്കുകയും ചെയ്തു. എന്നാല്‍ കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് പെട്ടെന്ന് മുറിയിലേക്ക് മാറാന്‍ സാധിച്ചില്ല. ഒറ്റപ്പെട്ടുപോയ ഡോക്ടറെ പ്രതി പെട്ടെന്നുതന്നെ ആക്രമിക്കുകയും കുത്തുകയുമായിരുന്നുവെന്നും എ.ഡി.ജി.പി. പറഞ്ഞിരുന്നു.
Content Highlights: kottarakkara dr vandana das murder detail fir contradiction high court affidavit adgp mr ajith kumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..