Screengrab: Mathrubhumi News
കൊല്ലം: ഡോ.വന്ദനാദാസ് കൊലക്കേസില്‍ പ്രതി സന്ദീപുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച ചെറുകരക്കോണം കുടവട്ടൂരിലെ ശ്രീകുമാര്‍ എന്നയാളുടെ വീട്ടിലെത്തിച്ചാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. സംഭവദിവസം പ്രതി സന്ദീപിനെ പോലീസ് കണ്ടെത്തിയത് ഈ വീടിന്റെ പരിസരത്തുവെച്ചായിരുന്നു.
മേയ് പത്താം തീയതി പുലര്‍ച്ചെയാണ് കുടവട്ടൂരിലെ ശ്രീകുമാറിന്റെ വീട്ടുവളപ്പില്‍ സന്ദീപ് അതിക്രമിച്ചുകയറിയത്. തുടര്‍ന്ന് ഇവിടെവെച്ച് ഇയാള്‍ തന്നെ പോലീസിനെ വിളിച്ച് സഹായം തേടുകയായിരുന്നു. തന്നെ ആരോ കൊല്ലാന്‍ വരുന്നുണ്ടെന്നും രക്ഷിക്കണമെന്നുമാണ് ഇയാള്‍ പോലീസിനെ ഫോണില്‍വിളിച്ച് പറഞ്ഞിരുന്നത്.
വ്യാഴാഴ്ച തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഇത് ആരുടെ വീടാണെന്ന് അറിയാമോ എന്നായിരുന്നു അന്വേഷണസംഘം സന്ദീപിനോട് ആദ്യം ചോദിച്ചത്. തുടര്‍ന്ന് വീട്ടുവളപ്പിലും മറ്റിടങ്ങളിലും പ്രതിയുമായി തെളിവെടുപ്പ് നടത്തി.
പുലര്‍ച്ചെ രണ്ടരമണിയോടെയാണ് സന്ദീപ് വീട്ടുവളപ്പില്‍ കയറിയതെന്നായിരുന്നു വീട്ടുടമയായ ശ്രീകുമാറിന്റെ പ്രതികരണം. രക്ഷിക്കണേ എന്നുപറഞ്ഞ് അടുക്കളയുടെ പിറകില്‍ വന്നിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡോ.വന്ദനാദാസ് കൊലക്കേസിലെ പ്രതിയായ സന്ദീപിനെ കഴിഞ്ഞദിവസം മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയിരുന്നു. മൂന്ന് മനശാസ്ത്രജ്ഞരും മനോരോഗവിദഗ്ധനും ന്യൂറോ, ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാരും അടക്കം ഏഴ് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പരിശോധിച്ചത്. കേസില്‍ മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമാകും.
മേയ് പത്താം തീയതി പുലര്‍ച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍വെച്ചാണ് യുവഡോക്ടറായ വന്ദനാദാസിനെ സന്ദീപ് കുത്തിക്കൊന്നത്. പോലീസ് ചികിത്സയ്ക്കായി എത്തിച്ച സന്ദീപ്, മുറിവ് വൃത്തിയാക്കുന്നതിനിടെ അക്രമാസക്തനാവുകയും ബന്ധുവിനെയും പോലീസുകാരെയും ആക്രമിച്ചശേഷം ഡോ.വന്ദനയെ കത്രിക കൊണ്ട് കുത്തിക്കൊല്ലുകയുമായിരുന്നു.
Content Highlights: dr vandana das murder case evidence taking with accused
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..