നബീന, അഫ്‌സൽ
വർക്കല: സ്ത്രീധനപീഡനത്തെത്തുടർന്ന് യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ റാത്തിക്കൽ മൗണ്ട് മുക്ക് ഊറ്റുകുഴി റോഡിൽ നെബീന മൻസിലിൽ ഇക്ബാൽ- മുംതാസ് ദമ്പതിമാരുടെ മകൾ നബീന (23) യാണ് മരിച്ചത്. കേസിൽ കല്ലമ്പലം ഞാറായിക്കോണം കപ്പാംവിള കരിമ്പുവിളയിൽ ദാറുൽ അഫ്‌സൽ വീട്ടിൽ അഫ്‌സലി (33) നെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.
11-ന് വൈകീട്ട് നാലുമണിയോടെയാണ് നബീനയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നബീനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അഫ്‌സലിനെതിരേ പോലീസ് കേസെടുത്തത്.
2019 ഓഗസ്റ്റ് നാലിനാണ് അഫ്‌സലുമായി നബീനയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം അഫ്‌സൽ വിദേശത്തേക്കു മടങ്ങി. ഇതിനിടെ സ്ത്രീധനത്തെച്ചൊല്ലി അഫ്‌സലിന്റെ മാതാവ് വഴക്കിട്ടിരുന്നതായി നബീന മാതാവിനെയും സഹോദരങ്ങളെയും അറിയിച്ചിരുന്നു. കുഞ്ഞ് ജനിച്ചശേഷം അഫ്‌സൽ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കാര്യങ്ങൾ വഷളായതെന്ന് നബീനയുടെ വീട്ടുകാർ പറയുന്നു.
സ്ത്രീധനത്തിന്റെ പേരിൽ അഫ്‌സൽ മദ്യപിച്ചെത്തി തന്നെ മർദിക്കുകയും നിരന്തരമായി ആക്ഷേപിക്കുകയും ചെയ്യുമായിരുന്നെന്ന് നബീന കുടുംബത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ 10-ന് രാത്രി അഫ്‌സൽ നബീനയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും നബീനയുടെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. നബീനയുമായി ബന്ധം തുടരാൻ താത്പര്യമില്ലെന്നും ബന്ധം വേർപെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇയാൾ മടങ്ങിയത്. ഇതോടെ മാനസികമായി തളർന്ന നബീനയെ അടുത്ത ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
അഫ്‌സലിന്റേയും മാതാവിന്റെയും ക്രൂരപീഡനമാണ് മകളുടെ മരണത്തിന് കാരണമെന്നാണ് നെബിനയുടെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്. നബീനയുടെ കുടുംബത്തിന്റെ പരാതിയിൽ അഫ്‌സലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിന്റെ തുടരന്വേഷണം വർക്കല ഡിവൈ.എസ്.പി. സി.ജെ.മാർട്ടിന്റെ നേതൃത്വത്തിൽ നടക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: dowry husband arrested for woman's suicide
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..