പ്രതീകാത്മക ചിത്രം | ഫോട്ടോ: ബി.മുരളീകൃഷ്ണൻ/ മാതൃഭൂമി
അഹമ്മദാബാദ്: ഗുജറാത്തിലെ പോര്‍ബന്ദര്‍ തീരത്ത് ഡോള്‍ഫിനുകളെ വേട്ടയാടിയ കേസില്‍ രണ്ടു മലയാളികളടക്കം പത്തുപേരെ തീരസംരക്ഷണ സേനയും ഗുജറാത്ത് വനംവകുപ്പും ചേര്‍ന്ന് അറസ്റ്റ്‌ചെയ്തു. 22 ഡോള്‍ഫിനുകളുടെ ജഡങ്ങളും പിടിയിലായ ബോട്ടില്‍ ഉണ്ടായിരുന്നു.
കൊച്ചിയില്‍നിന്ന് ഫെബ്രുവരി 26-ന് പുറപ്പെട്ട ഡാവന്‍ എന്ന ബോട്ടാണ് പിടിയിലായത്. തമിഴ്നാട്ടിലെ കുളച്ചലില്‍ രജിസ്റ്റര്‍ചെയ്തതാണ് ബോട്ട്. കോസ്റ്റ്ഗാര്‍ഡിന് കിട്ടിയ രഹസ്യവിവരം വനംവകുപ്പിന് കൈമാറിയതിനെത്തുടര്‍ന്നുള്ള സംയുക്തനീക്കത്തിലാണ് അറസ്റ്റുണ്ടായത്. പോര്‍ബന്ദറില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്.
നിഹാല്‍ കുന്നഞ്ചേരി (26), ഗില്‍റ്റസ് മുപ്പക്കുടി (62) എന്നിവരാണ് അറസ്റ്റിലായ മലയാളികള്‍. തമിഴ്നാട്, ഒഡിഷ, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുപ്രതികള്‍. ഡോള്‍ഫിനുകളുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചെന്ന് വൈല്‍ഡ്ലൈഫ് സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ആരാധനാ സാഹു പറഞ്ഞു. വന്യജീവി സംരക്ഷണ നിയമത്തിന്റെ വിവിധവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.സംരക്ഷിതജീവികളുടെ പട്ടിക രണ്ടില്‍പ്പെടുന്ന സാധാരണ ഡോള്‍ഫിനുകളെയാണ് സംഘം വേട്ടയാടിയത്. ഇവയെ പിടികൂടുന്നത് നിരോധിച്ചിട്ടുണ്ട്. മൂന്നുവര്‍ഷംവരെ തടവുകിട്ടാവുന്ന കുറ്റമാണ്. സ്രാവുകള്‍ക്ക് തീറ്റയ്ക്കായാണ് പിടികൂടിയതെന്ന് പ്രതികള്‍ പറഞ്ഞെങ്കിലും വനംവകുപ്പ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.
Content Highlights: dolphin hunt in gujarat ten arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..