പ്രവീൺ റാണ
തൃശ്ശൂർ: താൻ ആരേയും പറ്റിച്ചിട്ടില്ലെന്നും സമയം കിട്ടിയാൽ എല്ലാവരുടേയും പണം തിരികെ നൽകുമെന്നും സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീണ്‍ റാണ. കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.
''ബിസിനസ് മാത്രമേ താൻ നടത്തിയിട്ടുള്ളൂ. ബിസിനസിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും. എത്രയാണോ കൊടുക്കാനുള്ളത് അത് സമയം കിട്ടിയാൽ തിരികെ കൊടുത്തിരിക്കും. ആരേയും പറ്റിച്ചിട്ടില്ല. കാര്യങ്ങളെല്ലാം പിന്നീട് അറിയാൻ സാധിക്കും''
ഒരു ബിസിനസിന്റെ രീതിയിലേ മുമ്പോട്ട് പോയിട്ടുള്ളൂ. ഒരു ചെടി നട്ട് വളർന്ന് അത് പ്രോഡക്ട് ആയിട്ട് വേണം കൊടുക്കാൻ. പകുതിക്ക് വെച്ച് വെട്ടിക്കളയരുത്. അങ്ങനെ സംഭവിച്ചതാണ് ഇത്. ബിസിനസ് നിലനിർത്താൻ വേണ്ടിയിട്ടുള്ള ചിലവ് എല്ലാ മാസവും കണ്ടെത്തുന്നുണ്ട്. ഇപ്പോഴും ബിസിനസ് നിലനിൽക്കുന്നുണ്ട്. ബിസിനസ് റെവല്യൂഷൻ മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്ന് പറഞ്ഞ പ്രവീൺ റാണ തന്റെ പാർട്ടിയായ റോയൽ ഇന്ത്യ പീപ്പിൾസ് പാർട്ടിയ്ക്ക് സിന്ദാബാദ് വിളിക്കുകയും ചെയ്തു.
തൃശ്ശൂര്‍ പോലീസിനെ വെട്ടിച്ച് കൊച്ചിയില്‍നിന്ന് രക്ഷപ്പെട്ട ഇയാളെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ പൊള്ളാച്ചിയിൽ നിന്നാണ് പോലീസ് സംഘം പിടികൂടിയത്. ദിവസങ്ങള്‍ക്കുമുമ്പ് തൃശ്ശൂരില്‍നിന്നുള്ള പോലീസ് സംഘം, എറണാകുളത്ത് ഇയാള്‍ താമസിച്ചിരുന്ന ചിലവന്നൂരിലെ ഫ്ളാറ്റിലെത്തിയ ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവീണ്‍ റാണയെ തേടി കൊച്ചിയിലുണ്ടായിരുന്നു. കൊച്ചി സിറ്റി പോലീസിനെ അറിയിക്കാതെയായിരുന്നു അവരുടെ പരിശോധന. പോലീസ് സംഘം പ്രവീണിന്റെ ഫ്ളാറ്റിലേക്ക് ലിഫ്റ്റില്‍ കയറുമ്പോള്‍ മറ്റൊരു ലിഫ്റ്റില്‍ ഇയാള്‍ പുറത്തു കടക്കുകയായിരുന്നു.
പ്രവീണ്‍ 'സേഫ് ആന്‍ഡ് സ്ട്രോങ് നിധി' എന്ന പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 കേസുകള്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ്. ഒരു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍.
Content Highlights: doing only business didn't cheat anyone dr praveen rana the fraudsters in kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..