പുറത്തുവന്ന ദൃശ്യങ്ങളിൽനിന്ന് | Screengrab: Mathrubhumi News
കൊല്ലം: വനിതാഡോക്ടറെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതി സാംദീപ് തന്റെ മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്ത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍വെച്ച് ഡോക്ടര്‍മാര്‍ തന്നെ ചികിത്സിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സാംദീപ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. 13 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ ദൃശ്യം ഇയാള്‍ സുഹൃത്തിന് അയച്ചുനല്‍കുകയും ചെയ്തിരുന്നു.
അത്യാഹിതവിഭാഗത്തിലെത്തിച്ച പ്രതിയെ ഡോക്ടര്‍മാരും ജീവനക്കാരും ചികിത്സിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഡ്യൂട്ടിയിലുള്ള മെഡിക്കല്‍ ഓഫീസര്‍ ഇയാളുടെ കാലിലെ മുറിവ് പരിശോധിക്കുന്നതും ജീവനക്കാരി മുറിവ് വൃത്തിയാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേസമയം, കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാദാസ് സമീപത്തുനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊന്നത്. കാലില്‍ മുറിവേറ്റ് ചികിത്സയ്ക്കായി പോലീസാണ് പ്രതി സാംദീപിനെ ആശുപത്രിയില്‍ എത്തിച്ചത്. കാലിലെ മുറിവ് ചികിത്സിക്കുന്നതിനിടെയാണ് ഇയാള്‍ അക്രമാസക്തനായത്. ആദ്യം മുറിയുടെ വാതിലിനരികിലുണ്ടായിരുന്ന ബന്ധുവിനെ ചവിട്ടി. പിന്നീട് കത്രിക കൈക്കലാക്കി തടയാന്‍ശ്രമിച്ച പോലീസുകാരെയും മറ്റൊരു നാട്ടുകാരനെയും കുത്തിവീഴ്ത്തി. ഇതിനിടെ ഡോക്ടര്‍മാരും മറ്റുള്ളവരും ഒരുമുറിയില്‍ കയറി. എന്നാല്‍ കൊല്ലപ്പെട്ട വന്ദനാദാസ് ഇയാളുടെ കണ്മുന്നില്‍പ്പെട്ടു. തുടര്‍ന്നാണ് വനിതാ ഡോക്ടറെ ഇയാള്‍ അതിദാരുണമായി കൊലപ്പെടുത്തിയത്.
Content Highlights: doctor vandana das murder last visuals from hospital filmed by accused
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..