Screengrab: Mathrubhumi News
കൊല്ലം: നാള്‍ക്കുനാള്‍ അതിക്രമങ്ങള്‍, കൈയേറ്റം, അന്നേ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതാണ് ജോലിസ്ഥലത്തെ സുരക്ഷയും സംരക്ഷണവും. ഒടുവിലിതാ ഒരു യുവഡോക്ടര്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുന്നു. അതും പോലീസ് കസ്റ്റഡിയിലെടുത്ത് എത്തിച്ചയാള്‍ തന്നെ ഡോക്ടറെ കുത്തിക്കൊന്നുവെന്നത് ഏറെ നടുക്കമുണ്ടാക്കുന്നതാണ്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കേരളത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. പോലീസ് ചികിത്സയ്ക്കായി എത്തിച്ച കൊല്ലം പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സാംദീപാണ് ഡോക്ടറായ വന്ദനാ ദാസിനെ അതിദാരുണമായി കൊലപ്പെടുത്തിയത്. ആശുപത്രിയിലെ പരിശോധനയ്ക്കിടെ അഞ്ചിലേറെ തവണയാണ് ഡോക്ടര്‍ക്ക് കുത്തേറ്റത്. പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കുത്തേറ്റു.
ചെറുകരക്കോണം സ്വദേശിയായ സാംദീപ് ലഹരിക്കടിമയാണെന്നാണ് പോലീസ് പറയുന്നത്. സ്‌കൂള്‍ അധ്യാപകനായിരുന്ന ഇയാളെ ലഹരിക്കടിമയായതിനാല്‍ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡീഅഡിക്ഷന്‍ സെന്ററിലായിരുന്ന പ്രതി അടുത്തിടെയാണ് വീട്ടില്‍ തിരിച്ചെത്തിയതെന്നാണ് വിവരം.
ചൊവ്വാഴ്ച രാത്രി സാംദീപ് വീടിന് സമീപമുള്ള ബന്ധുക്കളുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് പ്രതിയുടെ കാലില്‍ മുറിവേറ്റത്. ഇയാള്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചാണ് തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി പുലര്‍ച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പ്രതിയെ കാലിലെ മുറിവ് തുന്നിക്കെട്ടനായി സമീപത്തെ മറ്റൊരു മുറിയില്‍ എത്തിച്ചു. ഇവിടെവെച്ചാണ് പ്രതി അക്രമാസക്തനായത്.
ആദ്യം കൂടെയുണ്ടായിരുന്ന ബന്ധുവിനെയാണ് പ്രതി ആക്രമിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരിശോധനാമുറിയിലുണ്ടായിരുന്ന കത്രിക കൈക്കലാക്കിയായിരുന്നു ആക്രമണം. പിന്നാലെ പ്രതി കൂടുതല്‍ അക്രമാസക്തനായി. തടയാന്‍ശ്രമിച്ച പോലീസുകാരെയും ഹോംഗാര്‍ഡിനെയും കുത്തിപരിക്കേല്‍പ്പിച്ചു. പിന്നാലെ കണ്മുന്നില്‍ കണ്ട വന്ദനയെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഡോക്ടര്‍ വന്ദനയുടെ കഴുത്തിലും നെഞ്ചിലും പിറകിലും ഉള്‍പ്പെടെ അഞ്ചുതവണയിലേറെ മാരകമായി കുത്തേറ്റു. തുടര്‍ന്ന് കൂടുതല്‍പേരെത്തിയാണ് പ്രതിയെ കീഴടക്കിയത്.
അതിഗുരുതരമായി പരിക്കേറ്റ വന്ദനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴുത്തിലും നെഞ്ചിലും നട്ടെല്ലിനും വന്ദനയ്ക്ക് മാരകമായി കുത്തേറ്റെന്നാണ് പ്രാഥമികവിവരം. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റതാണ് മരണകാരണമായതെന്നും പ്രാഥമികവിവരങ്ങളിലുണ്ട്.
കോട്ടയം മുട്ടുച്ചിറ സ്വദേശിനിയായ വന്ദനദാസ് കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനാണ്. ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായുള്ള ഒരുമാസത്തെ പോസ്റ്റിങ്ങിന്റെ ഭാഗമായാണ് വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയത്. ചൊവ്വാഴ്ച നൈറ്റ് ഷിഫ്റ്റിലായിരുന്നു ഡ്യൂട്ടി. ജോലിക്കിടെ തങ്ങളുടെ സഹപാഠി അതിക്രൂരമായി കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍.
Content Highlights: doctor vandana das brutal murder in kottarakkara kollam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..