ഡോക്ടറെ ആക്രമിച്ച സ്ഥലം വിരലടയാള വിദഗ്‌ധർ പരിശോധിക്കുന്നു
കാസര്‍കോട്: കല്ലന്‍കൈയില്‍ വീട്ടില്‍ കയറി അക്രമിസംഘം യുവ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സി.പി.സി.ആര്‍.ഐ. ഗസ്റ്റ് ഹൗസിന് സമീപം ദേശീയപാതയോടുചേര്‍ന്നുള്ള കെ.സി. കോമ്പൗണ്ടില്‍ ഷാബില്‍ നാസിറി(26)നാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി 11.30 -ഓടെയാണ് സംഭവം.
വലതുകൈയുടെ താഴെയായി കുത്തേറ്റ ഷാബിലിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞരമ്പിന് പരിക്കുള്ളതിനാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ശസ്ത്രക്രിയ നടത്തി. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലെ ഡോക്ടറാണ്. മൂന്നുപേരാണ് ആക്രമിക്കാനെത്തിയത്.
ഷാബിലും മാതാവ് ശംഷാദും ഒരു ചടങ്ങില്‍ പങ്കെടുത്തശേഷം ബന്ധുവിന്റെ കാറില്‍ വന്നിറങ്ങി വീട്ടിനകത്തേക്ക് കയറുമ്പോഴാണ് ആക്രമണമുണ്ടായത്. വീട്ടിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തെ തടയാന്‍ ഷാബിലും മാതാവും വാതില്‍ കുറ്റിയിടാന്‍ ശ്രമിക്കുന്നതിനിടെ വലതുകൈക്ക് താഴെ കുത്തുകയായിരുന്നു. പരിക്കേറ്റ ഷാബിലിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചത്. കുത്തേറ്റ മുറിയില്‍ വലിയതോതില്‍ രക്തക്കറയുണ്ട്. ഇവിടെനിന്ന് വിരലടയാളങ്ങളും കാല്‍പാദങ്ങളുടെ അടയാളങ്ങളും ലഭിച്ചു.
കൊലപാതകശ്രമത്തിന് കേസെടുത്ത് കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി. മംഗളൂരുവിലെ ആസ്പത്രിയില്‍ കഴിയുന്ന ഷാബില്‍ നാസിറിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. വ്യക്തിപരമായ ഭീഷണികളില്ലെന്നാണ് അദ്ദേഹം പോലീസിനോട് പറഞ്ഞത്. പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കേസുമായി ബന്ധപ്പെടുത്താവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല.
ലക്ഷ്യം മോഷണമല്ലെന്ന് സൂചന
മോഷണമല്ല സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഷാബിലും മാതാവും വീട്ടിലെത്തുംമുന്‍പ് പ്രായമായ ഉമ്മൂമ്മമാരും വീട്ടുജോലിക്കാരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനുമുന്‍പേ തമ്പടിച്ച സംഘം വീട്ടില്‍ കടക്കാന്‍ ശ്രമിക്കാത്തതിനാല്‍ മോഷണമല്ല ലക്ഷ്യമെന്നാണ് പോലീസ് കണക്കൂകൂട്ടുന്നത്. സംഭവത്തില്‍ കൂടുതല്‍ വ്യക്തതവരുത്താന്‍ മൊബൈല്‍ ഫോണ്‍ വിളികള്‍ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി.അജിത്ത് കുമാറാണ് കേസന്വേഷിക്കുന്നത്.
Content Highlights: doctor stabbed in kasargod
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..