കാണാതായ കിരൺ ഓടിപ്പോവുന്നതിന്റെ സിസിടിവി ദൃശ്യം | Screengrab: Mathrubhumi News
തിരുവനന്തപുരം: തമിഴ്നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം നരുവാംമൂട് സ്വദേശി കിരണിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഡി.എന്‍.എ ഫലത്തിലാണ് മൃതദേഹം സ്ഥിരീകരിച്ചത്. പരിശോധനാ ഫലം കോടതിയില്‍ സമര്‍പ്പിച്ചു. ജൂലായ് 13 ന് പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇത് തിരുവനന്തപുരം ആഴിമലയില്‍നിന്ന് കാണാതായ കിരണിന്റേതാണെന്ന് സംശയം നേരത്തെയുണ്ടായിരുന്നു.
പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഇതിനിടെ രക്ഷപ്പെടാനായി കിരണ്‍ കടല്‍ത്തീരത്തേക്ക് ഓടിയെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. കടല്‍ത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകള്‍ കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന ചില സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. കിരണിനെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുളച്ചല്‍ പോലീസ് കടലില്‍ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. മൃതദേഹം കിരണിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണ്‍ എങ്ങനെ മരിച്ചുവെന്ന ചോദ്യത്തിന് പോലീസ് ഉത്തരം കണ്ടെത്തേണ്ടി വരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..