മെറിൻ മാത്യു(ഇടത്ത്) മരിച്ച നയന സൂര്യ(വലത്ത്) | Screengrab: Mathrubhumi News
തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെ പ്രതികരണവുമായി സുഹൃത്ത്. നയന മരിച്ചുകിടക്കുമ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നുവെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ സുഹൃത്തുക്കളിലൊരാളായ മെറിന് മാത്യു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
നിരന്തരം ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനാലാണ് സുഹൃത്തുക്കള്‍ നയന താമസിക്കുന്ന വീട്ടിലെത്തിയത്. അവിടെ എത്തി വീട്ടുടമയുടെ കൈയിലെ താക്കോല്‍ കൊണ്ട് വീടിനകത്ത് കടന്നു. അകത്തെ മുറിയിലാണ് നയനയുണ്ടായിരുന്നത്. എന്നാല്‍ അതിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. പോലീസിനെ വിളിച്ചപ്പോള്‍ തുറന്നുനോക്കാന്‍ പറഞ്ഞു. തുറന്നപ്പോള്‍ നയന താഴെ കിടക്കുകയായിരുന്നു. പായയില്‍ തലയണയെല്ലാം വെച്ച് ഉറങ്ങുന്നത് പോലെ ഒരുവശത്തേക്ക് ചെരിഞ്ഞാണ് കിടന്നിരുന്നത്. അന്ന് കഴുത്തിലെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മെറിന് പറഞ്ഞു.
നയനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നും അടിവയറ്റില്‍ ക്ഷതമേറ്റതായും വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ പോലീസ് നേരത്തെ തയ്യാറാക്കിയ മഹസറില്‍ ഇതൊന്നും രേഖപ്പെടുത്തിയിരുന്നില്ല. അതിനിടെ, സ്വയം ശരീരപീഡനമേല്പ്പിക്കുന്ന 'അസ്ഫിക്സിയോഫീലിയ' എന്ന അത്യപൂര്‍വ അവസ്ഥയിലാകാം നയനയുടെ മരണം സംഭവിച്ചതെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ പരാമര്‍ശം.
2019 ഫെബ്രുവരി 24 -നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനസൂര്യയെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സതേടിയിരുന്ന നയന ആത്മഹത്യചെയ്തതാവാം എന്ന മട്ടിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രമേഹരോഗിയായിരുന്ന നയന ഷുഗര്‍ താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായംകിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് കൂടുതല്‍വിവരങ്ങള്‍ പുറത്തുവന്നത്.
Content Highlights: director nayana surya death her friend's response
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..