'ഡിജിറ്റല്‍ റേപ്പ്' കേസില്‍ 75-കാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; എന്താണ് ഡിജിറ്റല്‍ റേപ്പ്?


ഡിജിറ്റലായോ വെര്‍ച്വലായോ ചെയ്യുന്ന കുറ്റകൃത്യമല്ല ഇത്.

പ്രതീകാത്മക ചിത്രം | PTI

ന്യൂഡല്‍ഹി: നോയിഡയിലെ 'ഡിജിറ്റല്‍ റേപ്പ്' കേസില്‍ പ്രതിയായ 75-കാരന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. പശ്ചിമബംഗാളിലെ മാള്‍ഡ സ്വദേശിയായ അക്ബര്‍ ആലത്തിനെയാണ് സുരാജ്പുര്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴത്തുകയുടെ 80 ശതമാനം അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2019 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

കൈവിരലുകളോ കാല്‍വിരലുകളോ സ്വകാര്യഭാഗത്ത് കടത്തുന്നതിനെയാണ് ഡിജിറ്റല്‍ റേപ്പ് എന്ന് പറയുന്നത്. 2012 വരെ ഇത്തരത്തിലുള്ള കുറ്റകൃത്യം വെറും ലൈംഗികാതിക്രമമായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ നിര്‍ഭയ കേസിന് ശേഷമുണ്ടായ നിയമഭേദഗതിയില്‍ ഡിജിറ്റല്‍ റേപ്പും ബലാത്സംഗത്തിന്റെ പരിധിയിലാക്കി. പോക്‌സോ നിയമത്തിലും ഇത് കൂട്ടിച്ചേര്‍ത്തു.

നോയിഡയിലെ കേസില്‍ മൂന്നരവയസ്സുകാരിയെ അക്ബര്‍ ആലം ബലാത്സംഗം ചെയ്‌തെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. ബംഗാള്‍ സ്വദേശിയായ അക്ബര്‍ ആലം മകള്‍ക്കും മരുമകനും ഒപ്പം താമസിക്കാനാണ് നോയിഡയിലെത്തിയത്. ഈ സമയം വീടിന് സമീപത്ത് കളിക്കുകയായിരുന്ന മൂന്നരവയസ്സുകാരിയെ മിഠായി കാണിച്ച് പ്രലോഭിപ്പിച്ച് മരുമകന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്‌തെന്നുമായിരുന്നു പരാതി. പിന്നീട് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.

അറസ്റ്റിലായ ദിവസം മുതല്‍ പ്രതിയായ അക്ബര്‍ ആലം ജയിലില്‍ കഴിയുകയാണ്. ജാമ്യത്തിനായി സെഷന്‍സ് കോടതിയെയും ഹൈക്കോടതിയെയും ഇയാള്‍ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷകള്‍ തള്ളുകയായിരുന്നു.

സാഹചര്യത്തെളിവുകളും വൈദ്യപരിശോധനാ ഫലവും പെണ്‍കുട്ടി, മാതാപിതാക്കള്‍, ഡോക്ടര്‍ എന്നിവരടക്കം എട്ടുപേരുടെ മൊഴികളും പരിഗണിച്ചാണ് കോടതി പ്രതിയെ ശിക്ഷിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടറായ നിതിന്‍ ബിഷ്‌ണോയി പറഞ്ഞു. അതേസമയം, വിധിയില്‍ തൃപ്തരല്ലെന്നും സെഷന്‍സ് കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അഭിഭാഷകനായ ഇര്‍ഷാദ് അലിയും പ്രതികരിച്ചു. വൈദ്യപരിശോധനയില്‍ ബലാത്സംഗം നടന്നതായി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വൈദ്യപരിശോധന നടത്തിയ വനിതാ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. ഒരു ബലാത്സംഗവും വൈദ്യപരിശോധനയിലൂടെ മാത്രം സ്ഥിരീകരിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.

അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നാണ് അക്ബര്‍ ആലത്തിന്റെ കുടുംബാംഗങ്ങളുടെ പ്രതികരണം. രണ്ടുദിവസം മുമ്പ് വീട്ടില്‍ ഇറച്ചി പാചകം ചെയ്തിരുന്നു. ഇതിനുശേഷം എല്ലുകള്‍ വീടിന് സമീപത്തേക്ക് വലിച്ചെറിഞ്ഞതിനെച്ചൊല്ലി പരാതിക്കാരിയുടെ കുടുംബവുമായി തര്‍ക്കമുണ്ടായിരുന്നെന്നും ഇതാണ് വ്യാജ പരാതിക്ക് കാരണമായതെന്നുമായിരുന്നു അക്ബര്‍ ആലത്തിന്റെ കൊച്ചുമകള്‍ കോടതിയില്‍ പറഞ്ഞത്.

ഡിജിറ്റല്‍ റേപ്പ്, നേരത്തെയും കേസുകള്‍...

'ഡിജിറ്റല്‍ റേപ്പ്' എന്നാണ് വിളിക്കുന്നതെങ്കിലും ഡിജിറ്റലായോ വെര്‍ച്വലായോ ചെയ്യുന്ന കുറ്റകൃത്യമല്ല ഇത്. സമ്മതമില്ലാതെ ഒരാളുടെ സ്വകാര്യഭാഗത്ത് കൈവിരലുകളോ കാല്‍വിരലുകളോ കടത്തുന്നതിനെയാണ് ഡിജിറ്റല്‍ റേപ്പ് എന്ന് വിളിക്കുന്നത്. ഡിജിറ്റ് എന്ന വാക്കിന് ഇംഗ്ലീഷില്‍ വിരല്‍ എന്നും അര്‍ഥമുള്ളതിനാലാണ് ഡിജിറ്റല്‍ റേപ്പ് എന്ന പ്രയോഗമുണ്ടായത്.

2012 വരെ ഇത്തരത്തിലുള്ള കുറ്റകൃത്യം വെറും ലൈംഗികാതിക്രമമായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ നിര്‍ഭയ കേസിന് ശേഷമുണ്ടായ നിയമഭേദഗതിയില്‍ ഡിജിറ്റല്‍ റേപ്പും ബലാത്സംഗത്തിന്റെ പരിധിയിലാക്കി. പോക്‌സോ നിയമത്തിലും ഇത് കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്ക് മുമ്പും മറ്റൊരു ഡിജിറ്റല്‍ റേപ്പ് കേസ് നോയിഡയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോയിഡ ഫേസ്-3 പോലീസാണ് 50-കാരനായ മനോജ് ലാലയെ ഡിജിറ്റല്‍ റേപ്പ് കേസില്‍ അറസ്റ്റ് ചെയ്തത്. ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ പ്രതി ഡിജിറ്റല്‍ റേപ്പിന് ഇരയാക്കിയെന്നായിരുന്നു പരാതി.

ഈ വര്‍ഷം ജൂണില്‍ നോയിഡയിലെ മറ്റൊരിടത്ത് അഞ്ചുവയസ്സുള്ള മകളെ ഡിജിറ്റല്‍ റേപ്പിനിരയാക്കിയ കേസില്‍ പിതാവും അറസ്റ്റിലായിട്ടുണ്ട്. മൂന്നുവയസ്സുകാരിയെ ഡിജിറ്റല്‍ റേപ്പിനിരയാക്കിയെന്ന കേസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനും നോയിഡയില്‍ പിടിയിലായിരുന്നു.

Content Highlights: digital rape case noida court sentenced life imprisonment for 75 year old man


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented