കാറിന്റെ സിസിടിവി ദൃശ്യം, മരിച്ച അഞ്ജലി സിങ് | Photo: twitter.com/tollywood
ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിയില്‍ കാറിടിച്ച് വീണ യുവതിയെ മണിക്കൂറുകളോളം വലിച്ചിഴച്ച സംഭവത്തില്‍ പ്രതികളുടെ മൊഴി പുറത്ത്. യുവതിയെ ഇടിച്ചതിന് പിന്നാലെ കാറിനടിയില്‍ എന്തോ കുരുങ്ങികിടക്കുന്നതായി സംശയം തോന്നിയിരുന്നുവെന്ന് കാറോടിച്ച ദീപക് ഖന്ന പോലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ മറ്റുനാലുപേരും യാത്ര തുടരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പിന്നീടാണ് യുവതി കാറിനടിയില്‍ കുരുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഇവന്റ് പ്ലാനറായിരുന്ന അഞ്ജലി സിങ്(20) കാറിടിച്ച് മരിച്ച സംഭവത്തില്‍ ദീപക് ഖന്ന, അമിത് ഖന്ന, മനോജ് മിത്തല്‍, കൃഷന്, മിഥുന് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവസമയത്ത് ദീപക് ഖന്നയാണ് കാറോടിച്ചിരുന്നത്. യുവതി കാറില്‍ കുരുങ്ങിയ വിവരം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നാണ് പ്രതികള്‍ പോലീസിനോട് ആവര്‍ത്തിച്ചുപറഞ്ഞത്.
അതേസമയം, സംഭവസമയത്ത് പ്രതികളായ അഞ്ചുപേരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യാത്രയ്ക്കിടെ രണ്ടുകുപ്പിയിലേറെ മദ്യം ഇവര്‍ കഴിച്ചിരുന്നു. ഏകദേശം രണ്ടുമണിയോടെയാണ് പ്രതികളുടെ വാഹനം സുല്ത്താന്പുരിയിലെത്തിയത്. ഇതിനിടെ സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിടുകയും കാറിനടിയില്‍ കുരുങ്ങിയ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴക്കുകയുമായിരുന്നു.
അപകടത്തിന് പിന്നാലെ കാര്‍ ഓടിച്ചിരുന്ന ദീപക് ഖന്നയ്ക്ക് കാറിനടിയില്‍ എന്തോ കുരുങ്ങിയതായി സംശയം തോന്നിയിരുന്നു. എന്താണെന്ന് പരിശോധിക്കാന്‍ സഹയാത്രികരോട് ഇയാള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അതൊന്നും നോക്കേണ്ടെന്നും വാഹനം ഓടിച്ചുപോകാനുമാണ് മറ്റുള്ളവര്‍ പറഞ്ഞത്. പിന്നീട് വാഹനം കാഞ്ചവാലയില്‍ എത്തിയപ്പോള്‍ യു-ടേണ്‍ തിരിയുന്നതിനിടെയാണ് യുവതി കാറിനടിയില്‍ കുരുങ്ങിയത് യുവാക്കള്‍ ശ്രദ്ധിച്ചത്. കാറിന്റെ മുന്‍സീറ്റിലിരുന്ന മിഥുനാണ് യു-ടേണ്‍ തിരിയുന്നതിനിടെ അഞ്ജലിയുടെ കൈകള്‍ കണ്ടത്. ഇതോടെ വാഹനം നിര്‍ത്തിയ യുവാക്കള്‍ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
അതിനിടെ, അപകടസമയത്ത് അഞ്ജലിക്കൊപ്പം സുഹൃത്തായ മറ്റൊരു യുവതി കൂടി ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിസാരപരിക്കേറ്റ ഇവര്‍ ഭയന്നുപോയതോടെ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഈ യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
Content Highlights: delhi woman hit and dragged by car accused given statement to police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..