പെൺകുട്ടിയെ കൊലപ്പെടുത്തിയശേഷം സംഭവസ്ഥലത്തുനിന്ന് സഹിൽ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യം(ഇടത്ത്) പ്രതി സഹിലിന്റെ പഴയചിത്രം(വലത്ത്) | Photo: twitter.com/Dubeyjilive & NDTV
ന്യൂഡല്‍ഹി: പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ മൂന്നുദിവസം കൂടി പോലീസ് കസ്റ്റഡിയില്‍വിട്ടു. ഡല്‍ഹിയെ ഞെട്ടിച്ച സാക്ഷി കൊലക്കേസിലെ പ്രതി സഹിലി(20)ന്റെ കസ്റ്റഡിയാണ് മൂന്നുദിവസം കൂടി നീട്ടിനല്‍കിയത്. കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാലും പ്രതി നിരന്തരം മൊഴി മാറ്റിപ്പറയുന്നതിനാലും ചോദ്യംചെയ്യലിന് കൂടുതല്‍സമയം അനുവദിക്കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. തുടര്‍ന്നാണ് കോടതി കസ്റ്റഡി നീട്ടിനല്‍കിയത്.
16-കാരിയെ കുത്തിയും തലയ്ക്കടിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി സഹില്‍ ലഹരിക്കടിമയാണെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂള്‍ പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച സഹില്‍ ചരസും കഞ്ചാവും പതിവായി ഉപയോഗിച്ചിരുന്നു. സ്ഥിരമായി മദ്യപിക്കുന്ന ശീലവുമുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 'സിദ്ദു മൂസെവാല ഫാന്‍' എന്നാണ് സഹില്‍ തന്നെക്കുറിച്ച് വിശേഷിപ്പിച്ചിരുന്നത്. മദ്യപാനം ഇഷ്ടപ്പെടുന്നയാളാണെന്നും വിശ്വസ്തനായ സുഹൃത്താണെന്നും ഇന്‍സ്റ്റഗ്രാം ബയോയില്‍ കുറിച്ചിരുന്നു.
ബൈക്ക് ഓടിക്കുന്നതില്‍ കമ്പമുണ്ടായിരുന്ന സഹില്‍ ഇതിന് മുന്‍പ് മദ്യപിക്കുന്നത് പതിവാണെന്നാണ് ഇയാളുടെ സുഹൃത്ത് പോലീസിന് നല്‍കിയ മൊഴി. ബൈക്ക് യാത്രയ്ക്ക് മുന്‍പ് തങ്ങള്‍ മദ്യപിക്കാറുണ്ടെന്നാണ് സുഹൃത്ത് പോലീസിനോട് സമ്മതിച്ചത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ദിവസം ഉച്ചമുതല്‍ പ്രതി തുടര്‍ച്ചയായി മദ്യപിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി 8.45-ഓടെയാണ് ഡല്‍ഹി ഷഹബാദ് ഡയറിയിലെ വഴിയില്‍വെച്ച് സാക്ഷിയെ സഹില്‍ കൊലപ്പെടുത്തിയത്. അന്നേദിവസം മണിക്കൂറുകളോളം ഇയാള്‍ മദ്യപിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. സാക്ഷിയോട് പ്രതികാരം ചെയ്യണമെന്ന് മാത്രമാണ് ആ സമയം പ്രതിയുടെ മനസിലുണ്ടായിരുന്നതെന്നും ഇതിനുശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.
അതേസമയം, താമസിക്കുന്നയിടത്ത് സഹില്‍ അധികമാരോടും ഇടപഴകിയിരുന്നില്ലെന്നാണ് നാട്ടുകാരുടെ മൊഴി. ഡല്‍ഹി ജെയിന്‍ കോളനിയിലെ വാടകവീട്ടില്‍ കുടുംബത്തോടൊപ്പമായിരുന്നു എ.സി. മെക്കാനിക്കായ സഹിലിന്റെ താമസം. രണ്ടുവര്‍ഷം മുന്‍പാണ് സഹിലിന്റെ കുടുംബം ഇവിടെയെത്തിയത്. ഇതിനിടെയൊന്നും സഹില്‍ നാട്ടുകാരുമായി സംസാരിക്കുന്നതോ ഇടപഴകുന്നതോ കണ്ടിട്ടില്ലെന്നായിരുന്നു വീട്ടുടമയുടെ മൊഴി. നേരത്തെ ഷഹബാദ് ഡയറിയില്‍ താമസിക്കുന്ന കാലത്ത് സണ്ണി എന്ന പേരാണ് സഹില്‍ ഉപയോഗിച്ചിരുന്നതെന്നും ഇവിടെവെച്ച് നിരന്തരം അടിപിടിയുണ്ടാക്കിയിരുന്നതായും പോലീസ് പറയുന്നുണ്ട്. സഹിലിന്റെ ഇത്തരത്തിലുള്ള പെരുമാറ്റം കാരണമാണ് കുടുംബം ജെയിന്‍ കോളനിയിലേക്ക് താമസം മാറ്റിയതെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിലെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ 16-കാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയാണ് സഹില്‍ ആക്രമിച്ചത്. ഭിത്തിയില്‍ചേര്‍ത്തുനിര്‍ത്തി നിരവധിതവണ പെണ്‍കുട്ടിയെ കുത്തിപരിക്കേല്‍പ്പിച്ചു. അവശയായി നിലത്തുവീണതോടെ വലിയ കല്ല് കൊണ്ട് തലയ്ക്കടിച്ചു. ഇതിനുശേഷവും കത്തി കൊണ്ട് കുത്തി മരണം ഉറപ്പാക്കിയശേഷമാണ് പ്രതി മടങ്ങിയത്. സംഭവസമയം ഒട്ടേറെപേര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും അക്രമിയെ തടയാനോ പെണ്‍കുട്ടിയെ രക്ഷിക്കാനോ ശ്രമിച്ചില്ല. ക്രൂരമായ ആക്രമണത്തിനിരയായി 25 മിനിറ്റോളം വഴിയില്‍ കിടന്ന പെണ്‍കുട്ടിയെ പിന്നീട് പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൃത്യം നടത്തിയശേഷം ഉത്തര്‍പ്രദേശിലെ ബന്ധുവീട്ടിലേക്ക് രക്ഷപ്പെട്ട പ്രതിയെ ഡല്‍ഹി പോലീസ് സംഘം പിന്തുടര്‍ന്നെത്തി പിടികൂടുകയായിരുന്നു.
കൊല്ലപ്പെട്ട സാക്ഷിയും പ്രതിയും മൂന്നുവര്‍ഷമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ സഹിലുമായുള്ള ബന്ധത്തില്‍നിന്ന് പെണ്‍കുട്ടി പിന്മാറി. ഇതോടെ പ്രതിക്ക് പെണ്‍കുട്ടിയോട് പക തോന്നുകയും ഇത് കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം.
Content Highlights: delhi teen girl sakshi murder case accused sahil is a drug addict reports


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..