പെൺകുട്ടിയെ കൊലപ്പെടുത്തിയശേഷം സംഭവസ്ഥലത്തുനിന്ന് സഹിൽ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യം(ഇടത്ത്) പ്രതി സഹിലിന്റെ പഴയചിത്രം(വലത്ത്) | Photo: twitter.com/Dubeyjilive & NDTV
ന്യൂഡല്‍ഹി: പതിനാറുവയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും യാതൊരു പശ്ചാത്താപവുമില്ലെന്ന് പ്രതിയുടെ മൊഴി. ഡല്‍ഹി ഷഹബാദ് ഡയറിയില്‍ ഞായറാഴ്ച രാത്രി പെണ്‍കുട്ടിയെ കുത്തിയും തലയ്ക്കടിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി സഹില്‍(20) ആണ് പോലീസിന്റെ ചോദ്യംചെയ്യലില്‍ കൂസലില്ലാതെ മറുപടി നല്‍കിയത്. അവള്‍ തന്നെ ഒഴിവാക്കിയെന്നും അതിനാലാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു സഹില്‍ പോലീസിനോട് പറഞ്ഞത്. രാത്രിമുഴുവന്‍ നീണ്ട ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും ഇയാള്‍ വെളിപ്പെടുത്തി.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി മൂന്നുവര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. അടുത്തിടെ പെണ്‍കുട്ടി സഹിലുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതോടെ യുവാവിന് പെണ്‍കുട്ടിയോട് പക തോന്നുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
മുന്‍കാമുകനുമായി വീണ്ടും അടുപ്പത്തിലായതോടെ താനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി ആഗ്രഹിച്ചതെന്നായിരുന്നു എന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. അവളുടെ മുന്‍കാമുകന്‍ ഒരു തെരുവുഗുണ്ടയാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
അതേസമയം, താനുമായി അകലം പാലിച്ചില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പെണ്‍കുട്ടി സഹിലിനെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരിക്കല്‍ കളിത്തോക്ക് കാണിച്ച് പെണ്‍കുട്ടി യുവാവിനെ ഭയപ്പെടുത്തിയതായും വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പെണ്‍കുട്ടിയുടെ കൈയില്‍ പ്രവീണ്‍ എന്ന പേര് ടാറ്റൂ ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളിലുണ്ട്.
ഞായറാഴ്ച രാത്രിയാണ് തലസ്ഥാനനഗരിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. സുഹൃത്തിന്റെ വീട്ടിലെ ജന്മദിനാഘോഷത്തിന് പോവുകയായിരുന്ന 16-കാരിയെ യുവാവ് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഭിത്തിയില്‍ ചേര്‍ത്തുനിര്‍ത്തി നിരവധിതവണ കത്തി കൊണ്ട് കുത്തിയശേഷം തലയില്‍ കല്ലിട്ട് മരണം ഉറപ്പിച്ചു. സംഭവസമയം ഒട്ടേറെപേര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും അക്രമിയെ തടയാനോ പെണ്‍കുട്ടിയെ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ക്രൂരമായ ആക്രമണത്തിനിരയായ പെണ്‍കുട്ടി 25 മിനിറ്റോളമാണ് വഴിയില്‍ കിടന്നത്. തുടര്‍ന്ന് പോലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഏകദേശം 35 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കല്ല് കൊണ്ടുള്ള ആക്രമണത്തില്‍ തലയോട്ടി തകര്‍ന്നതായും പോലീസ് പറഞ്ഞു.
കൃത്യം നടത്തിയശേഷം കൈയിലുണ്ടായിരുന്ന കത്തിയും മൊബൈല്‍ഫോണും ഉപേക്ഷിച്ച് മുങ്ങിയ സഹിലിനെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍നിന്നാണ് പോലീസ് പിടികൂടിയത്. ഒളിവില്‍പോയതിന് പിന്നാലെ പിതാവിന്റെ ഫോണിലേക്ക് പ്രതി വിളിച്ചിരുന്നു. ഈ ഫോണ്‍വിളിയുടെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബുലന്ദ്ഷഹറിലെ ബന്ധുവീട്ടില്‍നിന്ന് പ്രതിയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്.
ഡല്‍ഹിയില്‍നിന്ന് ബസിലാണ് സഹില്‍ ബുലന്ദ്ഷഹറില്‍ എത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. ഡല്‍ഹിയില്‍ എ.സി. മെക്കാനിക്കായി ജോലിചെയ്യുന്ന ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ പേരില്‍ മാറ്റംവരുത്തിയോ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്.
Content Highlights: delhi teen girl murder case accused interrogation details


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..