ആക്രമണത്തിന്റെ സിസിടിവി ദൃശ്യം(ഇടത്ത്) കൊല്ലപ്പെട്ട എ.എസ്.ഐ.(വലത്ത്) Photo: twitter.com/mahendermanral & twitter.com/DelhiPolice
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മോഷണക്കേസിലെ പ്രതിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരന് മരിച്ചു. ഡല്‍ഹി പോലീസിലെ എ.എസ്.ഐ. ശംഭു ദയാല്‍(57) ആണ് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്.
അതിനിടെ, പോലീസുകാരനെ പ്രതി കുത്തിപരിക്കേല്പ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കേയാണ് പ്രതി പോലീസുകാരനെ ക്രൂരമായി ആക്രമിച്ചത്. 12 തവണ പോലീസുകാരന് കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. ജനുവരി നാലാം തീയതിയായിരുന്നു സംഭവം.
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ പ്രതിയായ അനീഷ് രാജാണ് എ.എസ്.ഐ.യെ കുത്തിപരിക്കേല്‍പ്പിച്ചത്. ഭര്‍ത്താവിന്റെ മൊബൈല്‍ഫോണ്‍ അനീഷ് രാജ് മോഷ്ടിച്ചതായി നേരത്തെ ഒരു യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരാതിക്കാരിയുമായി എ.എസ്.ഐ. ശംഭു ദയാല്‍ ഡല്‍ഹിയിലെ മായാപുരിയിലെ ചേരിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. അനീഷ് രാജിനെ പരാതിക്കാരി കാണിച്ചുനല്കിയതിന് പിന്നാലെ ശംഭു ദയാല്‍ ഇയാളെ കൈയോടെ പിടികൂടി. മോഷണംപോയ ഫോണും ഇയാളില്‍നിന്ന് കണ്ടെടുത്തു. തുടര്‍ന്ന് പ്രതിയുമായി തിരികെവരുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്.
പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ അനീഷ് രാജ് തന്റെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തിയെടുത്ത് പോലീസുകാരനെ കുത്തുകയായിരുന്നു. ആദ്യം പിറകിലും പിന്നീട് കഴുത്തിലും നെഞ്ചിലും കുത്തിപരിക്കേല്‍പ്പിച്ചു. ആക്രമണം തടയാന്‍ എ.എസ്.ഐ. ശ്രമിച്ചതോടെ ഇരുവരും തമ്മില്‍ മല്‍പ്പിടിത്തമായി. എന്നാല്‍ പ്രതി വീണ്ടും പോലീസുകാരനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. നിരവധിപേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരാരും പോലീസുകാരനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. നാട്ടുകാരെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതോടെ നാട്ടുകാരും ഇയാളെ പിന്തുടര്ന്നു. ഒടുവില്‍ സമീപത്തുണ്ടായിരുന്ന മറ്റൊരു പോലീസുകാരനാണ് പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ ശംഭു ദയാലിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ നാലുദിവസത്തിന് ശേഷം മരണം സംഭവിക്കുകയായിരുന്നു. രാജസ്ഥാനിലെ സികാര്‍ സ്വദേശിയാണ് ശംഭു ദയാല്‍. ഭാര്യയും രണ്ട് പെണ്മക്കളും ഒരു മകനും അടങ്ങുന്നതാണ് കുടുംബം. കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഒരുകോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.
Content Highlights: delhi policeman stabbed to death by theft case accused
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..