പ്രതീകാത്മക ചിത്രം | Photo: Kevin Frayer/ Getty Images
ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ യു.എസ്. യുവതിയുടെ വ്യാജ തട്ടിക്കൊണ്ടുപോകല്‍ നാടകം പൊളിച്ച് ഡല്‍ഹി പോലീസ്. ഇന്ത്യയിലെത്തിയതിന് പിന്നാലെ തന്നെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച വാഷിങ്ടണ്‍ സ്വദേശി ക്ലോവി മക് ലാഫിനെ(27)യാണ് ഗ്രേറ്റര്‍ നോയിഡയില്‍നിന്ന് പോലീസ് കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഒരാള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് യുവതി യു.എസിലുള്ള മാതാവിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യു.എസ്. എംബസി മുഖേന ഡല്‍ഹി പോലീസില്‍ പരാതി എത്തുകയും പോലീസ് അന്വേഷണം നടത്തുകയുമായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് യുവതിയുടെ പരാതി വ്യാജമാണെന്നും കാമുകനോടൊപ്പം ജീവിക്കാനുള്ള പണത്തിന് വേണ്ടിയാണ് യുവതി വ്യാജ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നും പോലീസ് കണ്ടെത്തിയത്. യുവതിയുടെ കാമുകനായ നൈജീരിയന്‍ സ്വദേശി ഒക്‌റോഫോര്‍ ചിബുയ്‌ക്കെ ഒകോറോ(31) എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മേയ് മൂന്നാം തീയതി യു.എസില്‍നിന്ന് ഡല്‍ഹിയില്‍ എത്തിയ യുവതി ഒന്നരമാസത്തിന് ശേഷമാണ് വ്യാജ പരാതി ഉന്നയിച്ചത്. ജൂലായ് ഏഴാം തീയതി യു.എസിലുള്ള മാതാവിനെ ഫോണില്‍ വിളിച്ച യുവതി, താന്‍ സുരക്ഷിതമല്ലാത്ത കേന്ദ്രത്തിലാണെന്നും ഒരാള്‍ തന്നെ മര്‍ദിക്കുകയാണെന്നും അറിയിക്കുകയായിരുന്നു. എന്നാല്‍ എവിടെയാണെന്നോ മറ്റുവിവരങ്ങളോ യുവതി വെളിപ്പെടുത്തിയിരുന്നില്ല.
ജൂലായ് പത്താം തീയതി യുവതി വീണ്ടും അമ്മയെ വിളിച്ചു. വാട്‌സാപ്പില്‍ വീഡിയോ കോളിലൂടെയാണ് ഇത്തവണ അമ്മയോട് സംസാരിച്ചത്. എന്നാല്‍ കൂടുതല്‍ സംസാരിക്കുന്നതിന് മുമ്പ് ഒരാള്‍ യുവതിയുടെ മുറിയിലേക്ക് കയറിവരികയും വീഡിയോകോള്‍ കട്ട് ചെയ്യുകയുമായിരുന്നു. ഇതോടെയാണ് യുവതിയെ ആരോ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന സംശയം ബലപ്പെട്ടത്.
മകളുടെ ഫോണ്‍വിളി വന്നതിന് പിന്നാലെ മാതാവ് ഇന്ത്യയിലുള്ള യു.എസ്. എംബസിയെ വിവരമറിയിച്ചു. തുടര്‍ന്ന് യു.എസ്. എംബസി ഡല്‍ഹി പോലീസിനും വിവരം കൈമാറി.
യുവതിയെ കണ്ടെത്താനായി സൈബര്‍ വിദഗ്ധരുടെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ജൂലായ് ഒമ്പതിന് യുവതി 'അമേരിക്കന്‍ സിറ്റിസണ്‍ സര്‍വീസി'ലേക്ക് ഇ-മെയില്‍ അയച്ചിരുന്നതായി കണ്ടെത്തി. ഇമിഗ്രേഷന്‍ രേഖകളുമായി ബന്ധപ്പെട്ട സഹായത്തിനായിരുന്നു ഇ-മെയില്‍ അയച്ചിരുന്നത്. ഇതോടെ ഇ-മെയില്‍ അയച്ച ഐ.പി. അഡ്രസ് കണ്ടെത്താനായി പോലീസ് യാഹു ഡോട്ട് കോമിന്റെ സഹായം തേടി. ഇതിനിടെ, യുവതി നേരത്തെ പങ്കുവെച്ച ഇമിഗ്രേഷന്‍ ഫോം നല്‍കാനായി ബ്യൂറോ ഓഫ് ഇമിഗ്രേഷനും അപേക്ഷ നല്‍കി. ഈ ഫോമില്‍ ഗ്രേറ്റര്‍ നോയിഡയിലെ ഒരു വിലാസമാണ് യുവതി നല്‍കിയിരുന്നത്. ഇതോടെ ഗ്രേറ്റര്‍ നോയിഡ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഗ്രേറ്റര്‍ നോയിഡയിലെ ഹോട്ടലുകളിലാണ് പോലീസ് ആദ്യം പരിശോധന നടത്തിയത്. എന്നാല്‍ ഈ പേരിലുള്ള വിദേശവനിത വന്നിട്ടില്ലെന്നായിരുന്നു ഹോട്ടലുകളില്‍നിന്നുള്ള പ്രതികരണം.
അന്വേഷണം വഴിമുട്ടിയെന്ന ഘട്ടത്തിലാണ് യുവതിയുടെ വാട്‌സാപ്പ് കോള്‍ കേന്ദ്രീകരിച്ച് തെളിവുകള്‍ ശേഖരിച്ചത്. അമ്മയെ യുവതി വാട്‌സാപ്പ് കോള്‍ ചെയ്തത് മറ്റൊരുടെയോ വൈഫൈ നെറ്റ്വര്‍ക്ക് ഉപയോഗിച്ചാണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഈ വൈഫൈയുമായി ബന്ധപ്പെട്ട ഐ.പി. അഡ്രസും മൊബൈല്‍ കണക്ഷനും കണ്ടെത്താനായിരുന്നു പോലീസിന്റെ ശ്രമം. ഈ അന്വേഷണത്തിലാണ് നൈജീരിയന്‍ സ്വദേശിയായ ഒകോറോയെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തതോടെ യുവതിയെ തനിക്കറിയാമെന്നും ഗ്രേറ്റര്‍ നോയിഡയില്‍ തന്നെയാണ് യുവതി താമസിക്കുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഗ്രേറ്റര്‍ നോയിഡയിലെ താമസസ്ഥലത്തുനിന്ന് യുവതിയെ പോലീസ് കണ്ടെത്തിയത്.
പോലീസിന്റെ ചോദ്യംചെയ്യലിലാണ് തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതി വ്യാജമാണെന്ന് യുവതി വെളിപ്പെടുത്തിയത്. നൈജീരിയന്‍ സ്വദേശിയായ ഒകോറോയുമായി ഫെയ്‌സ്ബുക്കിലൂടെയാണ് സൗഹൃദത്തിലായത്. തുടര്‍ന്ന് ഇന്ത്യയിലുള്ള ഇയാള്‍ക്കൊപ്പം താമസിക്കാനായാണ് ഡല്‍ഹിയിലേക്ക് വന്നതെന്നും യുവതി പറഞ്ഞു.
എന്നാല്‍ ഡല്‍ഹിയിലെത്തി ഏതാനുംദിവസങ്ങള്‍ക്ക് ശേഷം കൈയിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നു. ഇതോടെയാണ് കാമുകനും താനും വ്യാജ തട്ടിക്കൊണ്ടുപോകല്‍ നാടകം ആസൂത്രണം ചെയ്തതെന്നും ഇതിലൂടെ മാതാപിതാക്കളില്‍നിന്ന് പണം കൈക്കലാക്കാനാണ് ശ്രമിച്ചതെന്നും യുവതി സമ്മതിച്ചു.
അതിനിടെ, യുവതിയുടെ വിസാ കാലാവധി ജൂണ്‍ ആറിന് അവസാനിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടും വിസയുമാണ് നൈജീരിയന്‍ സ്വദേശിയുടെ കൈവശമുള്ളതെന്നും കണ്ടെത്തി. അനധികൃതമായി താമസിച്ചതിന് ഇരുവര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
വാഷിങ്ടണ്‍ സ്വദേശിയായ ക്ലോവി മക് ലാഫിന്‍ യു.എസിലെ സര്‍വകലാശാലയില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുവതിയുടെ പിതാവ് അമേരിക്കന്‍ സൈന്യത്തിലെ റിട്ട. ഉദ്യോഗസ്ഥനാണ്. ഗാനാലാപനത്തില്‍ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്ന ക്ലോവി ഗായകന്‍ കൂടിയായ ഒകോറുമായി അടുപ്പത്തിലാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2017-ല്‍ പഠനത്തിനായാണ് ഒകോറോ ഇന്ത്യയിലെത്തിയത്. എന്നാല്‍ പിന്നീട് തിരികെ പോകാതെ ഇന്ത്യയില്‍ തുടര്‍ന്ന ഇയാള്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം സംഗീതപരിപാടികള്‍ അവതരിപ്പിച്ചുവരികയായിരുന്നു.
Content Highlights: delhi police solves us woman fake abduction case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..