ഇന്‍ഷുറന്‍സ് ഏജന്റുമാരായും ഇ-ഓട്ടോ വില്‍പനക്കാരായും പോലീസ്; കൊലക്കേസ് പ്രതി 25വർഷത്തിനുശേഷം കുടുങ്ങി


പ്രതീകാത്മകചിത്രം | Photo : ANI

ന്യൂഡല്‍ഹി: ഇരുപത്തിയഞ്ച് കൊല്ലത്തിന് ശേഷം കൊലപാതകക്കേസിലെ പ്രതിയെ പിടികൂടി ഡല്‍ഹി പോലീസ്. രണ്ട് പതിറ്റാണ്ടിലേറെ പൊടിപിടിച്ചു കിടന്ന കേസ് ഫയലില്‍ അന്വേഷണം പുനരാരംഭിച്ചത് 2021 ഓഗസ്റ്റിലാണ്. അന്വേഷണം വഴിമുട്ടിയ ഏറെ പഴയ കേസുകളില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക പരിശീലനം നേടിയ ഡല്‍ഹി പോലീസിന്റെ നാലംഗ സംഘമാണ് കൊലപാതകക്കേസ് പ്രതിയെ പിടികൂടിയത്. പ്രതിയെ കണ്ടെത്താനും കുടുക്കാനുമായി സംഘം വിവിധ തന്ത്രങ്ങളാണ് പ്രയോഗിച്ചത്.

സംഭവം ഇങ്ങനെ- 1997 ഫെബ്രുവരിയില്‍ ഒരു രാത്രിയിലാണ് ഡല്‍ഹിയിലെ തുഗ്ലക്കാബാദില്‍ താമസിച്ചിരുന്ന കിഷന്‍ ലാല്‍ കുത്തേറ്റ് മരിച്ചത്. കിഷന്‍ ലാലിന്റെ വീടിന് സമീപം താമസിച്ചിരുന്ന രാമു എന്നയാളായിരുന്നു പ്രതി. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് രാമു ഒളിവില്‍ പോയി. കേസ് പട്യാല കോടതിയ്ക്ക് മുന്നിലെത്തി. രാമുവിനെ കണ്ടെത്താന്‍ പോലീസിന് കഴിയാതിരുന്നതിനാല്‍ പ്രതിയെ പിടികിട്ടാപുള്ളിയായി കോടതി പ്രഖ്യാപിച്ചു. കിഷന്‍ ലാല്‍ മരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ സുനിത ഗര്‍ഭിണിയായിരുന്നു.

2021- ഓഗസ്റ്റില്‍ പ്രത്യേക പോലീസ് സംഘം കേസേറ്റെടുത്ത് അന്വേഷണം തുടങ്ങി. ഇന്‍സ്‌പെക്ടര്‍ സുരേന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ യോഗേന്ദര്‍ സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ പുനീത് മാലിക്, ഓം പ്രകാശ് ദാഗര്‍ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്. അന്വേഷണസംഘത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത് അസിസ്റ്റന്റ് കമ്മിഷണര്‍ ധര്‍മേന്ദര്‍ കുമാറും. കൊലപാതകത്തിന് ദൃക്‌സാക്ഷികളോ പ്രതിയായ രാമുവിന്റെ ഫോട്ടോയോ അയാളെ കുറിച്ചുള്ള മറ്റുവിവരങ്ങളോ ലഭ്യമായിരുന്നില്ല.

മാസങ്ങളോളം വെള്ളത്തില്‍ വരച്ച വരപോലെയായിരുന്നു അന്വേഷണം മുന്നോട്ടുപോയത്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും സംഘം വേഷം മാറി പലതരത്തില്‍ പ്രതിക്കായി തിരച്ചില്‍ നടത്തി. പ്രതിയെ കണ്ടെത്താന്‍ അന്വേഷണ സംഘം വിവിധ മാർഗങ്ങള്‍ കൈക്കൊണ്ടു. ഒടുവില്‍ ഇന്‍ഷുറന്‍സ് ഏജന്റുമാരായി ഡല്‍ഹിയിലെ ഉത്തംനഗറിലെത്തിയ സംഘം രാമുവിന്റെ ഒരു ബന്ധുവിനെ കണ്ടെത്തി. അതേ രീതിയില്‍ തന്നെ ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലും രാമുവിന്റെ ബന്ധുക്കളെ അന്വേഷണസംഘത്തിന് കണ്ടെത്താനായി.

ഫറൂഖാബാദില്‍ നിന്ന് രാമുവിന്റെ മകന്‍ ആകാശിന്റെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞു. ഫേസ്ബുക്കിലൂടെ ലഖ്‌നൗവിലെ കപൂര്‍ത്തലയിലുള്ള ആകാശിന്റെ അരികിലെത്താനും സംഘത്തിനായി. ആകാശില്‍ നിന്ന് രാമു അശോക് യാദവ് എന്ന പേരില്‍ ലഖ്‌നൗവിലെ ജാന്‍കിപുരത്ത് ഇ-ഓട്ടോറിക്ഷ ഡ്രൈവറായി താമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു.

പോലീസ് സംഘത്തിന്റെ അന്വേഷണം ഏകദേശം ഒരുകൊല്ലത്തോളം പിന്നിട്ടപ്പോഴാണ് അവർ പ്രതിയിലേക്കെത്തിയത്. തന്നേക്കുറിച്ച് അന്വേഷിക്കുന്നതായി വിവരം ലഭിച്ചാല്‍ രാമു വീണ്ടും മുങ്ങാനിടയുണ്ടെന്നറിയാമായിരുന്ന പോലീസ് ഇ- ഓട്ടോറിക്ഷ കമ്പനിയുടെ ഏജന്റുമാരെന്ന് ധരിപ്പിച്ച് രാമുവിന്റെ അരികിലെത്താന്‍ ശ്രമം തുടര്‍ന്നു. ഇതിനായി ആ പ്രദേശത്തെ നിരവധി ഇ-ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ ബന്ധപ്പെട്ടു. അവസാനം സെപ്റ്റംബര്‍ 14-ന് റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന അശോക് യാദവ് എന്ന രാമുവിനരികില്‍ പോലീസെത്തി. എന്നാല്‍ താനൊരിക്കലും ഡല്‍ഹിയില്‍ താമസിച്ചിട്ടില്ലെന്നും താന്‍ രാമുവല്ലെന്നുമുള്ള മൊഴിയില്‍ അശോക് യാദവ് ഉറച്ചുനിന്നു.

രാമുവിന്റെ ബന്ധുക്കളേയും സുനിതയേയും പോലീസ് വിളിച്ചുവരുത്തി. അവരൊക്കെ രാമുവിനെ തിരിച്ചറിഞ്ഞതോടെ അയാള്‍ കുറ്റം സമ്മതിച്ചു. ചിട്ടിപ്പണം തട്ടിയെടുക്കാന്‍ കിഷന്‍ ലാലിനെ കൊന്നതാണെന്ന് രാമു പോലീസിന് മൊഴി നല്‍കി. കിഷന്‍ ലാലിന് ഒരു സത്കാരം ഒരുക്കുകയും അവിടെയെത്തിയ കിഷന്‍ ലാലിനെ കുത്തിക്കൊന്ന ശേഷം പണവുമായി നാടുവിടുകയുമായിരുന്നെന്ന് അയാള്‍ പറഞ്ഞു.

അന്വേഷണം ആരംഭിച്ച് ഒരു കൊല്ലത്തിന് ശേഷമാണ് പെട്ടെന്നൊരു ദിവസം സുനിതയ്ക്ക് പോലീസില്‍ നിന്ന് ഫോണ്‍വിളിയെത്തുന്നത്. സുനിത തന്റെ മകന്‍ സണ്ണി(24)യുമൊത്ത് സ്‌റ്റേഷനിലെത്തി. പോലീസ് സംഘം പിടികൂടിയ രാമുവിനെ തിരിച്ചറിയാനായിരുന്നു സുനിതയെ വിളിച്ചുവരുത്തിയത്. തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ആളെ ഇത്രയും കൊല്ലത്തിന് ശേഷം മുന്നില്‍ കണ്ട് സുനിത ഞെട്ടി. ബോധം മറയുന്നതിന് മുമ്പ് പ്രതിയെ സുനിത തിരിച്ചറിഞ്ഞതായി പോലീസിന് വ്യക്തമായി. തന്റെ ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ ഒരിക്കലും നീതി കിട്ടാന്‍ പോകുന്നില്ലെന്നായിരുന്നു ആ പാവം സ്ത്രീയുടെ വിശ്വാസമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ സാഗര്‍ സിങ് കല്‍സി പറഞ്ഞു.

തന്റെ ഒളിവുജീവിതത്തിനിടയില്‍ അശോക് യാദവ് എന്ന പേരില്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇയാള്‍ സ്വന്തമാക്കിയിരുന്നു. രാമു ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. തിമര്‍പുര്‍ പോലീസ് സ്‌റ്റേഷനില്‍ 25 കൊല്ലം പഴക്കമുള്ള കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

Content Highlights: DelhiPolice, Posing As Insurance Agents, Cracked 25 Year Old Murder Case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented