അറസ്റ്റിലായ ശുഭം മൽഹോത്ര | Photo Courtesy: NDTV
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍നിന്ന് ഡല്‍ഹിയിലേക്ക് മയക്കുമരുന്ന് കടത്തിയ മോഡലും പെണ്‍സുഹൃത്തും അറസ്റ്റില്‍. ഡല്‍ഹിയില്‍ മോഡലായ ശുഭം മല്‍ഹോത്ര(25) സുഹൃത്ത് കീര്‍ത്തി(27) എന്നിവരെയാണ് ഡല്‍ഹി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഏകദേശം ഒരു കോടി രൂപയുടെ മയക്കുമരുന്നാണ് പ്രതികളില്‍നിന്ന് പിടിച്ചെടുത്തതെന്നും ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇവര്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.
ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കിടയില്‍ ചിലര്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മോഡലായ യുവാവിലേക്ക് എത്തിയത്. ശുഭം മല്‍ഹോത്ര ഹിമാചലില്‍നിന്ന് സ്ഥിരമായി മയക്കുമരുന്ന് കൊണ്ടുവരാറുണ്ടെന്നും ജൂലായ് 12-ാം തീയതി ഇയാള്‍ ഹിമാചലിലേക്ക് പോയതായും വിവരം കിട്ടി. തുടര്‍ന്നാണ് ഹിമാചലില്‍നിന്ന് ഡല്‍ഹിയിലേക്ക് വരുന്നതിനിടെ പോലീസ് ഇയാളെ കാര്‍ തടഞ്ഞ് പിടികൂടിയത്. കാറില്‍ ശുഭത്തിനൊപ്പം സുഹൃത്തായ കീര്‍ത്തിയും ഉണ്ടായിരുന്നു.
പോലീസിനെ കണ്ട പ്രതികള്‍ ആദ്യം കാര്‍ നിര്‍ത്താതെ രക്ഷപ്പെടാനാണ് ശ്രമിച്ചത്. ഇവരെ പിന്തുടര്‍ന്ന പോലീസ് സംഘം ഡല്‍ഹിയിലെ ഗുപ്ത ചൗക്കില്‍വെച്ചാണ് രണ്ടുപേരെയും പിടികൂടിയത്.
മയക്കുമരുന്ന് കടത്തിനിടെ പോലീസ് പരിശോധന ഒഴിവാക്കാനായാണ് പ്രതി യുവതിയെ ഒപ്പംകൂട്ടിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി വസ്ത്രത്തിനുള്ളില്‍ തലയണവെച്ചാണ് കീര്‍ത്തി കാറില്‍ സഞ്ചരിക്കാറുള്ളത്. പോലീസ് പരിശോധനകളില്‍നിന്ന് രക്ഷപ്പെടാനായിരുന്നു ഈ നീക്കം. കാറിലുള്ളത് ഗര്‍ഭിണിയാണെന്ന് കരുതി മിക്ക സ്ഥലങ്ങളിലും പോലീസുകാര്‍ ഇവരുടെ വാഹനം പരിശോധിക്കാതെ കടത്തിവിടുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..