കാറിന്റെ സിസിടിവി ദൃശ്യം, മരിച്ച അഞ്ജലി സിങ് | Photo: twitter.com/tollywood
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറില്‍ വലിച്ചിഴച്ച സ്‌കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. പുതുവത്സരദിനത്തില്‍ രാജ്യത്തെ നടുക്കിയ അഞ്ജലിയുടെ മരണത്തിലാണ് ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്തുവന്നത്. സംഭവസമയത്ത് അഞ്ജലി മദ്യലഹരിയിലായിരുന്നുവെന്നാണ് രോഹിണിയിലെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍നിന്ന് ലഭിച്ച പരിശോധനാഫലത്തില്‍ പറയുന്നത്.
കേസില്‍ ഏറെ നിര്‍ണായകമായ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ജനുവരി 24-ന് പോലീസിന് ലഭിച്ചതായാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യുടെ റിപ്പോര്‍ട്ട്. നേരത്തെ അഞ്ജലിക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന സുഹൃത്ത് നിധിയും അഞ്ജലി മദ്യപിച്ചിരുന്നതായി ആരോപിച്ചിരുന്നു. എന്നാല്‍ അഞ്ജലിയുടെ കുടുംബം ഈ ആരോപണങ്ങളെല്ലാം തള്ളുകയായിരുന്നു.
ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ ഡല്‍ഹി സുല്‍ത്താന്‍പുരിയിലാണ് അഞ്ജലിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചത്. തുടര്‍ന്ന് കാറിനടിയില്‍ കുരുങ്ങിയ അഞ്ജലിയുമായി കിലോമീറ്ററുകളോളം കാര്‍ സഞ്ചരിച്ചു. യുവതി കാറിനടിയില്‍ കുരുങ്ങിയെന്ന് സംശയമുണ്ടായിട്ടും കാറിലുണ്ടായിരുന്ന യുവാക്കള്‍ യാത്ര തുടരുകയായിരുന്നു. ഏകദേശം ഒന്നരമണിക്കൂറോളം സമയമാണ് യുവതി കാറിനടിയില്‍ കുരുങ്ങികിടന്നത്. അപകടം നടന്ന സ്ഥലത്തുനിന്ന് കിലോമീറ്ററുകള്‍ക്ക് അകലെ മറ്റൊരിടത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞ് ശരീരമാസകലം പരിക്കേറ്റനിലയിലായിരുന്നു മൃതദേഹം.
യുവതി കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ കാര്‍ യാത്രക്കാരായ അഞ്ചുപേരും കാറുടമയും ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. യുവതി കാറിനടിയില്‍ കുരുങ്ങിയെന്ന് അറിഞ്ഞിട്ടും കേസില്‍ പിടിക്കപ്പെടുമോ എന്ന് ഭയന്നാണ് കാറോടിച്ച് മുന്നോട്ട് പോയതെന്നായിരുന്നു പ്രതികളുടെ മൊഴി. ഇതിനിടെയാണ് അഞ്ജലിക്കൊപ്പം സുഹൃത്തായ നിധിയും സ്‌കൂട്ടറിലുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയത്. എന്നാല്‍ അപകടത്തിന് പിന്നാലെ ഭയന്നുപോയ താന്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടെന്നും സംഭവസമയം അഞ്ജലി മദ്യലഹരിയിലായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കി. ഇതിനിടെ, സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് അഞ്ജലിയും നിധിയും തമ്മില്‍ വാക്കേറ്റമുണ്ടായതായും പോലീസ് കണ്ടെത്തിയിരുന്നു.
മകള്‍ പീഡനത്തിനിരയായെന്നും സംഭവം കൊലപാതകമാണെന്നുമായിരുന്നു അഞ്ജലിയുടെ അമ്മയുടെയും ബന്ധുക്കളുടെയും ആരോപണം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വ്യക്തമായി. അതേസമയം, സുഹൃത്തായ നിധി ഉന്നയിച്ച ആരോപണങ്ങളെല്ലാം അഞ്ജലിയുടെ കുടുംബം നിഷേധിച്ചിരുന്നു. നിധിയുടെ ആരോപണങ്ങളില്‍ ദുരൂഹതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
Content Highlights: delhi anjali death forensic lab report says she was drunk at the time of incident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..